ന്യൂഡല്‍ഹി: കോവിഡ് മഹാമാരിക്ക് മുന്നില്‍ പകച്ചു നില്‍ക്കുന്ന ലോകത്തെ ഭരണാധികാരികളെല്ലാം കോവിഡ് വാക്‌സിന്‍ വികസിപ്പിക്കുന്നതിനെക്കുറിച്ചും കോവിഡില്‍ തകര്‍ന്നടിഞ്ഞ സമ്പദ്‌വ്യവസ്ഥ പുനരുജ്ജീവിപ്പിക്കുന്നതിനെ കുറിച്ചും ആലോചിക്കുമ്പോള്‍ വ്യത്യസ്തനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മുരിങ്ങക്ക പറാത്ത (ഉത്തരേന്ത്യന്‍ പൊറോട്ട) ഉണ്ടാക്കുന്നതിന്റെ പാചകക്കുറിപ്പ് ജനങ്ങളുമായി പങ്കുവെക്കാന്‍ ആഗ്രഹമുണ്ടെന്നാണ് പ്രധാനമന്ത്രി പറയുന്നത്. ഫിറ്റ് ഇന്ത്യ മൂവ്‌മെന്റിന്റെ ഒന്നാം വാര്‍ഷികവുമായി ബന്ധപ്പെട്ട് നടത്തിയ ഓണ്‍ലൈന്‍ സംവാദത്തിലാണ് മോദി മുരിങ്ങക്കയെ പരിചയപ്പെടുത്തിയത്.
ആഴ്ചയില്‍ രണ്ട് തവണ അമ്മയോട് സംസാരിക്കാന്‍ ശ്രമിക്കാറുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിളിക്കുമ്പോഴെല്ലാം ‘ഹല്‍ദി’ കഴിക്കാറുണ്ടോയെന്ന് അമ്മ ചോദിക്കും. താന്‍ തയ്യാറാക്കുന്ന ഹല്‍ദിയുടെ പാചകക്കുറിപ്പ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കാന്‍ താല്‍പര്യമുണ്ട്-മോദി പറഞ്ഞു.
കഴിഞ്ഞ ദേശീയ കായിക ദിനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതി ഉദ്ഘാടനം ചെയ്തത്. ആരോഗ്യമുള്ളവരായിരിക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ എന്തൊക്കെയാണെന്ന കാര്യത്തിലാണ് ആശയവിനിമയം നടത്തിയത്. കായിക ക്ഷമത നിലനിര്‍ത്താന്‍ ആവശ്യമായ നിര്‍ദേശങ്ങളും അനുഭവങ്ങളും എല്ലാവരും പങ്കുവച്ചു.