നോട്ട് നിരോധനം ചരിത്രപരമായ വങ്കത്തരമായി മാറിയെന്നും കൂനിന്മേല്‍ കുരു പോലെ ചരക്ക് സേവന നികുതി കൂടി നടപ്പാക്കിയതോടെ രാജ്യം സാമ്പത്തിക ദുരിതത്തിന്റെ പടുകുഴിയിലകപ്പെട്ടുവെന്നും മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്. യു.ഡി.എഫ് ജാഥ പടയൊരുക്കത്തിന്റെ മധ്യമേഖലാ പൊതു സമ്മേളനം കൊച്ചിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെറ്റായ സാമ്പത്തിക നയങ്ങളെ നിശിതമായി വിമര്‍ശിച്ച് മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ ഡോ. മന്‍മോഹന്‍സിങ് രംഗത്തെത്തിയത്.
രാജ്യവും ജനങ്ങളും ഇടപെടുന്ന സമസ്ത മേഖലയും തളര്‍ച്ചയുടെയും തകര്‍ച്ചയുടെയും വക്കിലാണ്. അപകടകരമായ സാമ്പത്തിക നയങ്ങള്‍ നരേന്ദ്രമോദി തിരുത്തിയില്ലെങ്കില്‍ ഈ ദുരിതത്തില്‍ നിന്ന് എപ്പോള്‍ രാജ്യത്തിന് കരകയറാന്‍ കഴിയുമെന്ന് പറയാന്‍ കഴിയില്ല. ഏഴ് പതിറ്റാണ്ട് മുമ്പ് ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോള്‍ നാല്‍പതുകോടി ജനങ്ങള്‍ക്ക് ഭക്ഷണത്തിനു പോലും വകയില്ലായിരുന്നു. പരിതാപകരമായ ഈ അവസ്ഥയില്‍ നിന്ന് എല്ലാ രംഗത്തും പുരോഗതി നേടി കരുത്തുറ്റ രാജ്യമായി ഇന്ത്യയെ വളര്‍ത്തിയതില്‍ നെഹ്‌റുവും ഇന്ദിരയും രാജീവും വഹിച്ച പങ്ക് അനിഷേധ്യമാണ്.
മതസൗഹാര്‍ദ്ദത്തിന്റെ മഹത്തായ പാരമ്പര്യമുള്ള ഇന്ത്യയെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിച്ച് തകര്‍ക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ഈ വിദ്വംസക ശക്തികള്‍ക്കെതിരെ അവസാനം വരെ പോരാടാന്‍ നാം പ്രതിജ്ഞാ ബദ്ധമാണ്. കേരളത്തില്‍ സി.പി.എം നേതൃത്വത്തിലുള്ള ഇടതു മുന്നണി സര്‍ക്കാര്‍ ക്രമസമാധാന രംഗത്തും സാമ്പത്തിക രംഗത്തും പരാജയമാണ്. ദേശീയതലത്തില്‍ ബി.ജെ.പിയെ ചെറുത്തുതോല്‍പ്പിക്കുന്നതിന് കോണ്‍ഗ്രസ് നേതൃത്വത്തില്‍ വിശാലമായ ദേശീയ ബദലിനെ പിന്തുണക്കാന്‍ ഇടതുപക്ഷം തയ്യാറാണോ? അതോ ബി.ജെ.പിയേയും കോണ്‍ഗ്രസിനെയും തുല്യ ശക്തിയായാണോ ഇടതുപക്ഷം കാണുന്നതെന്നും ഡോ. മന്‍മോഹന്‍സിംഗ് ചോദിച്ചു.
എറണാകുളത്തപ്പന്‍ മൈതാനിയില്‍ നടന്ന പ്രൗഢ സമ്മേളനത്തെ അഭിസംബോധന ചെയ്ത മന്‍മോഹന്‍ സിങ്, പതിവില്‍ നിന്ന് വ്യത്യസ്തമായി ഒരുമണിക്കൂര്‍ നീണ്ട പ്രസംഗമാണ് നടത്തിയത്. മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറിയും ബഹുഭാഷാ പണ്ഡിതനുമായ എം.പി അബ്ദുസമദ് സമദാനി പ്രസംഗം പരിഭാഷപ്പെടുത്തി. കെ.പി.സി.സി പ്രസിഡന്റ് എം.എം. ഹസന്‍ അധ്യക്ഷത വഹിച്ചു.
മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, പടയൊരുക്കം സ്ഥിരാംഗങ്ങളായ ഡോ. എം.കെ. മുനീര്‍ എം.എല്‍.എ, വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എല്‍.എ, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറി സിറാജ് ഇബ്രാഹിം സുലൈമാന്‍ സേട്ട്, വയലാര്‍ രവി, എന്‍.കെ. പ്രേമചന്ദ്രന്‍, മുസ്‌ലിം ലീഗ് എറണാകുളം ജില്ലാ പ്രസിഡന്റ് എം.പി. അബ്ദുല്‍ഖാദര്‍, ടി.ജെ. വിനോദ്, എം.ഒ. ജോണ്‍, പ്രൊഫ. കെ.വി. തോമസ്, സി.പി. ജോണ്‍, ദേവരാജന്‍, കെ. മുരളീധരന്‍, പി.പി. തങ്കച്ചന്‍, പി.സി. ചാക്കോ, ഡോ. വര്‍ഗീസ് ജോര്‍ജ്, പി.സി. വിഷ്ണുനാഥ്, ജോണി നെല്ലൂര്‍, അനൂപ് ജേക്കബ്, കെ.സി. വേണുഗോപാല്‍ പ്രസംഗിച്ചു.