പാറ്റ്‌ന: വ്യത്യസ്ത നൂറ്റാണ്ടുകളില്‍ ജീവിച്ചിരുന്ന ബാബാ ഗൊരഖ്‌നാഥും കബീര്‍ദാസും ഒരുമിച്ചിരുന്ന് ആത്മീയ ചര്‍ച്ചകള്‍ നടത്തിയിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കവിയും പണ്ഡിതനുമായിരുന്ന കബീര്‍ദാസിന്റെ 500-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രി വീണ്ടും ചരിത്രത്തില്‍ തെന്നിവീണത്.
ഗുരുനാനാക്ക്, ബാബാ ഗൊരഖ്‌നാഥ്, കബീര്‍ദാസ് എന്നിവര്‍ ഒരുമിച്ചിരുന്ന് ആത്മീയ ചര്‍ച്ചകള്‍ നടത്തിയിരുന്നു എന്നായിരുന്നു മോദിയുടെ പ്രസംഗം. എന്നാല്‍ ഗൊരഖ്‌നാഥ് പതിനൊന്നാം നൂറ്റാണ്ടിലും ഗുരുനാനാക് കബീറിന് ശേഷവുമാണ് ജീവിച്ചിരുന്നതെന്ന് ചരിത്രം പറയുന്നു. വ്യത്യസ്ത കാലഘട്ടങ്ങളില്‍ ജീവിച്ചിരുന്ന ഇവര്‍ എങ്ങനെയാണ് ഒരുമിച്ചിരുന്ന് ആത്മീയ ചര്‍ച്ച നടത്തുന്നതെന്ന് ചരിത്രകാരന്‍മാര്‍ ചോദിക്കുന്നു.
ചരിത്ര വസ്തുതകള്‍ കണ്ടെത്താനുള്ള പ്രവണത പ്രധാനമന്ത്രി ഉപേക്ഷിക്കണമെന്ന് മുതിര്‍ന്ന ആര്‍.ജെ.ഡി നേതാവ് ശിവാനന്ദ് തിവാരി പറഞ്ഞു. പ്രസംഗത്തില്‍ ചരിത്രം ഉള്‍പ്പെടുത്തണമെന്ന് പ്രധാനമന്ത്രിക്ക് നിര്‍ബന്ധമുണ്ടെങ്കില്‍ പ്രസംഗത്തിന് മുമ്പ് വസ്തുതകള്‍ പരിശോധിക്കുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.
2013ല്‍ ബീഹാറില്‍ വെച്ച് തക്ഷശിലയെ കുറിച്ച് സംസാരിച്ചപ്പോഴും പ്രധാനമന്ത്രിക്ക് ചരിത്രത്തില്‍ പിഴവ് പറ്റിയിരുന്നു. ബീഹാറിന്റെ ശക്തിയെ കുറിച്ച് സംസാരിക്കുമ്പോള്‍ തക്ഷശിലയെ കുറിച്ച് പറഞ്ഞതാണ് വിവാദമായത്. പാക്കിസ്ഥാനിലാണ് തക്ഷശിലയുടെ അവശേഷിപ്പുകളുള്ളത് എന്നറിയാതെയായിരുന്നു മോദിയുടെ പ്രസംഗം. അമേരിക്കയില്‍ നടത്തിയ മറ്റൊരു പ്രസംഗത്തില്‍ കൊണാര്‍ക്ക് സൂര്യക്ഷേത്രത്തിന് 2000 വര്‍ഷം പഴക്കമുണ്ടെന്നാണ് മോദി പറഞ്ഞത്. എന്നാല്‍ ഇതിന്റെ പഴക്കം 700 വര്‍ഷം മാത്രമാണ്.