Categories: indiaNews

അദാനിക്കെതിരായ അഴിമതി ആരോപണം നരേന്ദ്ര മോദി മറച്ചുവെച്ചു; രാഹുല്‍ ഗാന്ധി

ഗൗതം അദാനിക്കെതിരായ അഴിമതി ആരോപണം നരേന്ദ്ര മോദി മറച്ചുവച്ചതായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്ത് ചോദ്യങ്ങള്‍ ചോദിച്ചാല്‍ പ്രധാനമന്ത്രി മൗനം പാലിക്കുകയും വിദേശത്ത് ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ അത് വ്യക്തിപരമായ കാര്യമാണെന്ന് പറയുകയും ചെയ്യുന്നുവെന്ന് ‘എക്സി’ലെ പോസ്റ്റില്‍ അദ്ദേഹം പറഞ്ഞു.

‘രാജ്യത്ത് ചോദ്യങ്ങള്‍ ചോദിച്ചാല്‍ നിശ്ശബ്ദതയാണ്, വിദേശത്ത് ചോദ്യങ്ങള്‍ ചോദിച്ചാല്‍ അത് വ്യക്തിപരമായ കാര്യമാണ്! അമേരിക്കയില്‍ പോലും പ്രധാനമന്ത്രി അദാനിയുടെ അഴിമതി മറച്ചുവെച്ചു!’ -രാഹുല്‍ ഗാന്ധി ‘എക്‌സി’ല്‍ കുറിച്ചു.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഇരുവരും സംയുക്തമായി വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. ഇതിനിടെ അദാനിയുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ചകളില്‍ ഉള്‍പ്പെടുത്തിയോ എന്ന ചോദ്യമുയര്‍ന്നു. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്, നമ്മുടെ സംസ്‌കാരം ‘വസുധൈവ കുടുംബകം’ ആണ്. ലോകം മുഴുവന്‍ ഒരു കുടുംബമായിട്ടാണ് ഞങ്ങള്‍ കാണുന്നത്. ഓരോ ഇന്ത്യക്കാരനും എന്റേതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. രണ്ട് രാജ്യങ്ങളിലെ രണ്ട് പ്രമുഖ നേതാക്കള്‍ ഒരിക്കലും ഇത്തരം വ്യക്തിപരമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാറില്ലെന്നായിരുന്നു മോദിയുടെ മറുപടി.

അതേസമയം, മാധ്യമ പ്രവര്‍ത്തകന്‍ അദാനിയെക്കുറിച്ചുള്ള ചോദ്യം ചോദിച്ചപ്പോള്‍ പ്രധാനമന്ത്രി കോപിക്കുകയും പരിഭ്രാന്തനാകുകയും ചെയ്തതായി തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാ എംപി സാകേത് ഗോഖലെ പറഞ്ഞു. ‘പ്രധാനമന്ത്രി മോദി യുഎസില്‍ ഒരു വാര്‍ത്താസമ്മേളനം നടത്താന്‍ നിര്‍ബന്ധിതനായി – 11 വര്‍ഷത്തിനിടെ അദ്ദേഹം ഇന്ത്യയില്‍ ചെയ്യാത്ത ഒന്ന്. അതുകൊണ്ടാണ് അദ്ദേഹം ഇന്ത്യയില്‍ ഒരിക്കലും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാത്തത്. അതുകൊണ്ടാണ് ഇന്ത്യയിലെ അദ്ദേഹത്തിന്റെ അഭിമുഖങ്ങള്‍ പൂര്‍ണമായും തിരക്കഥക്ക് അനുസരിച്ചാകുന്നത്. അദ്ദേഹം വളരെ ദേഷ്യക്കാരനും അസ്വസ്ഥനുമാണ്’ -ഗോഖലെ ട്വീറ്റ് ചെയ്തു.

webdesk18:
whatsapp
line