ഇസ്്‌ലാമാബാദ്: നെഹ്‌റുവിന്റെ ഇന്ത്യയെ നരേന്ദ്രമോദി കുഴിച്ചു മൂടിയെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മഹ്്മൂദ് ഖുറേഷി. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടി ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും ഖുറേഷി പറഞ്ഞു. കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് ഇന്ത്യ ആവര്‍ത്തിക്കുന്നതിനിടെയാണ് ഖുറേഷിയുടെ പ്രതികരണം. പാക് സര്‍ക്കാര്‍ രൂപം നല്‍കിയ കശ്മീര്‍ കമ്മിറ്റിയുടെ പ്രഥമ യോഗത്തിനു ശേഷം ഇസ്്‌ലാമാബാദില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളയാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ മുന്‍ കൈയെടുത്ത് കശ്മീര്‍ കമ്മിറ്റിക്കു രൂപം നല്‍കിയത്. കശ്മീര്‍ വിഷയത്തില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ക്കും തന്ത്രങ്ങള്‍ക്കും രൂപം നല്‍കുകയാണ് കമ്മിറ്റിയുടെ ചുമതല. പാക് പാര്‍ലമെന്റ് ഒറ്റക്കെട്ടായാണ് ഇന്ത്യന്‍ നീക്കത്തിനെതിരെ പ്രമേയം പാസാക്കിയതെന്നും അതേ ഐക്യമാണ് കശ്മീര്‍ കമ്മിറ്റി യോഗത്തിലും പ്രകടമായതെന്ന് ഖുറേഷി അവകാശപ്പെട്ടു. അജിത് ദോവലിന്റെ സിദ്ധാന്തങ്ങള്‍ക്കു ചുറ്റും കറങ്ങുകയാണ് ഇന്ത്യയുടെ വിദേശ നയം. ഇത് ഇതുവരെ ഇന്ത്യ അനുവര്‍ത്തിച്ചുവന്ന നിലപാടുകളെ കുഴിച്ചു മൂടൂന്നതാണ്. മേഖലയെ ഇത് സംഘര്‍ഷഭരിതമാക്കും. കശ്മീരിലെ സ്ഥിതിഗതികള്‍ കമ്മിറ്റി സസൂക്ഷ്മം വിലയിരുത്തി. തുടര്‍ നിലപാടുകള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. അതനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ വരും ദിവസങ്ങളിലുണ്ടാകുമെന്നും ഖുറേഷി കൂട്ടിച്ചേര്‍ത്തു.
യു.എന്‍ രക്ഷാ സമിതിയില്‍ കശ്മീര്‍ വിഷയത്തില്‍ നടന്ന ചര്‍ച്ചകള്‍ വിജയകരമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. കശ്മീര്‍ വിഷയത്തെ എങ്ങനെ പരിഗണിക്കണം എന്നാണ് രക്ഷാ സമിതി ആലോചിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
- 5 years ago
chandrika