X
    Categories: main stories

ഗുജറാത്ത് കലാപത്തില്‍ മോദിയെ വെള്ളപൂശി കലാപം അന്വേഷിച്ച ഉദ്യോഗസ്ഥന്റെ ആത്മകഥ

ന്യൂഡല്‍ഹി: ഗുജറാത്ത് കലാപത്തില്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ വെള്ളപൂശി പുതിയ പുസ്തകം. ഗുജറാത്ത് കലാപം അന്വേഷിച്ച് പ്രത്യേക അന്വേഷണസംഘത്തിന്റെ തലവനായിരുന്നു ആര്‍.കെ രാഘവനാണ് അദ്ദേഹത്തിന്റെ ആത്മകഥയില്‍ മോദിയെ പുകഴ്ത്തി രംഗത്ത് വന്നിരിക്കുന്നത്. ‘എ റോഡ് വെല്‍ ട്രാവല്‍ഡ്’ എന്ന പുസ്തകത്തിലാണ് അദ്ദേഹം മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുന്നത്. ഗുജറാത്ത് കലാപം അന്വേഷിക്കുന്നതിന് മുമ്പ് സിബിഐ തലവനായിരുന്ന അദ്ദേഹം ബോഫോഴ്‌സ് കേസ്, ഇന്ത്യ-സൗത്ത് ആഫ്രിക്ക ക്രിക്കറ്റ് കോഴക്കേസ് തുടങ്ങിയ പ്രമാദമായ കേസുകളും അന്വേഷിച്ചിട്ടുണ്ട്.

ഒമ്പത് മണിക്കൂര്‍ നീണ്ട മാരത്തോണ്‍ ചോദ്യം ചെയ്യലില്‍ ഒരിക്കല്‍ പോലും മുഷിയാതെ മുഴുവന്‍ ചോദ്യങ്ങള്‍ക്കും മോദി മറുപടി നല്‍കിയെന്ന് പുസ്തകത്തില്‍ പറയുന്നു. ഒമ്പത് മണിക്കൂറിനിടയില്‍ ഒരു കപ്പ് ചായപോലും അദ്ദേഹം ആവശ്യപ്പെട്ടില്ല. ഗാന്ധി നഗറിലെ എസ്എടി ഓഫീസില്‍ എത്തുമ്പോള്‍ അദ്ദേഹം കൊണ്ടുവന്ന ഒരു കുപ്പി വെള്ളം മാത്രമാണ് അദ്ദേഹം കുടിച്ചതെന്നും ആര്‍.കെ രാഘവന്‍ പറയുന്നു.

പ്രത്യേക അന്വേഷണസംഘത്തില്‍ അംഗമായിരുന്ന അശോക് മല്‍ഹോത്രയാണ് മോദിയോട് ചോദ്യങ്ങള്‍ ചോദിച്ചത്. ഭാവിയില്‍ ചില ആരോപണങ്ങള്‍ ഒഴിവാക്കാനാണ് താന്‍ ഈ അസാധാരണ നടപടി സ്വീകരിച്ചത്. ഒമ്പത് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍ രാത്രിയാണ് അവസാനിച്ചത്. വളരെ ശാന്തനായാണ് മോദി ചോദ്യങ്ങളോട് പ്രതികരിച്ചതെന്ന് ആര്‍.കെ മല്‍ഹോത്ര പിന്നീട് തന്നോട് പറഞ്ഞു.

2012 ഫെബ്രുവരിയിലാണ് നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവര്‍ക്ക് ഗുജറാത്ത് കലാപത്തില്‍ യാതൊരു പങ്കുമില്ലെന്ന് കാണിച്ച് ആര്‍.കെ രാഘവന്റെ നേതൃത്വത്തിലുള്ള പ്രത്യോക അന്വേഷണസംഘം സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. വളരെ പ്രൊഫഷണലായ റിപ്പോര്‍ട്ടാണ് എസ്‌ഐടി സുപ്രീംകോടതിയില്‍ നല്‍കിയത്. ഇതിനെ തുടര്‍ന്ന് തനിക്കെതിരെ ഡല്‍ഹിയില്‍ ഗൂഢാലോചന നടന്നു. തന്നെ ഫോണ്‍ ചോര്‍ത്തല്‍ അടക്കമുള്ള ശ്രമങ്ങള്‍ നടന്നെങ്കിലും ഒന്നും കണ്ടെത്താനായില്ലെന്നും അദ്ദേഹം പറഞ്ഞു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: