നരേന്ദ്രമോദി സര്‍ക്കാര്‍ ഭരണഘടനയെ ആക്രമിക്കുന്നുവെന്ന വിമര്‍ശനവുമായി പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. തൊഴിലിലായ്മ, കര്‍ഷകസമരം, അഗ്നിവീര്‍ തുടങ്ങിയ നിരവധി വിഷയങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് രാഹുല്‍ ഗാന്ധിയുടെ ആരോപണം. ഹരിയാനയില്‍ തെരഞ്ഞെടുപ്പ് പ്രചാരണറാലിക്കിടെയാണ് പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശം.
സാധാരണക്കാര്‍ക്ക് വേണ്ടിയല്ല നരേന്ദമോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും മറിച്ച് സര്‍ക്കാരിന്റെ പ്രവര്‍ത്തനം രാജ്യത്തെ കോടീശ്വരന്മാര്‍ക്ക് വേണ്ടിയാണെന്നും പറഞ്ഞ രാഹുല്‍ ഗാന്ധി രാജ്യത്തെ ചെറുകിട കച്ചവടക്കാര്‍ക്കടക്കം സര്‍ക്കാരിന്റെ അംബാനിയോടും അദാനിയോടുമുള്ള പ്രവര്‍ത്തികളില്‍ അതൃപ്തി പ്രകടിപ്പിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി.
‘ദലിതര്‍ക്കും പിന്നാക്കവിഭാഗക്കാര്‍ക്കും ആദിവാസികള്‍ക്കും തൊഴിലവസരങ്ങള്‍ നല്‍കാതെ ആര്‍.എസ്.എസ് സ്വന്തം പ്രവര്‍ത്തകര്‍ക്ക് വേണ്ടി മാത്രം സ്ഥാപനങ്ങളില്‍ തൊഴിലവസരങ്ങള്‍ ഉറപ്പാക്കുന്നതിലൂടെ ഭരണഘടനയെ ആക്രമിക്കുന്നു. നരേന്ദ്രമോദി അദാനിയെയും അംബാനിയെയും സഹായിക്കുമ്പോള്‍ രാജ്യത്തെ തൊഴില്‍ വ്യവസ്ഥയെ തകര്‍ക്കുകയും ചെയ്യുന്നു,’ രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.
രാജ്യത്തെ ജനങ്ങള്‍ക്കുണ്ടായിരുന്ന തൊഴിലവസരങ്ങള്‍ സ്വകാര്യവത്ക്കണത്തിലൂടെ ഇല്ലാതാക്കിയെന്നും അഗ്നിപഥ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ കടന്നുകയറി റിക്രൂട്ട്‌മെന്റ് ഉള്‍പ്പെടെ സൈനിക പെന്‍ഷന്‍, കാന്റീന് സൗകര്യങ്ങള്‍, രക്തസാക്ഷിത്വം എന്നിവയെയെല്ലാം ചൂഷണം ചെയ്യുന്നതിനായി ഉപയോഗിക്കുന്നുവെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.
പൊതുമേഖല സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ മേഖലകളിലും സ്വകാര്യവത്ക്കരണം കൊണ്ടുവന്നതായും എല്ലാ സ്ഥാപനങ്ങള്‍ക്കും അംബാനിയുടെയും അദാനിയുടെയും പേരുകള്‍ മാത്രമേ കാണാന്‍ കഴിയുകയുള്ളൂ എന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.
വിദേശ കമ്പനികള്‍ നിര്‍മിക്കുന്ന ആയുധങ്ങളില്‍ അദാനിയുടെ കമ്പനിയുടെ ലേബലുകള്‍ പതിക്കുന്നതായും ജവാന്മാരുടെ പെന്‍ഷന്‍ മോഷ്ടിച്ച് പ്രതിരോധ ബജറ്റ് അദാനിയെ ഏല്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമം നടത്തുന്നുവെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.
‘ഒരു വശത്ത് ജവാന്മാരുടെ പെന്‍ഷന്‍ തട്ടിയെടുത്തു. അതേ പണം അദാനിയുടെ പോക്കറ്റിലേക്ക് പോവുന്നു,’ അദ്ദേഹം പറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവത്ക്കരിക്കുന്നതിലൂടെ രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയെയും തൊഴില്‍മേഖലയെയും യുവാക്കളെയും ചൂഷണം ചെയ്യുന്നതായും അദ്ദേഹം പ്രതികരിച്ചു
ഹരിയാനയില്‍ ഒക്ടോബര്‍ അഞ്ചിന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസും ബി.ജെ.പിയും പ്രചാരണം ശക്തമാക്കിയ സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനം.