ന്യൂഡല്‍ഹി:കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നതു നിരോധിച്ചു കൊണ്ട് ഏര്‍പ്പെടുത്തിയ ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി ചെയ്തു. കന്നുകാലികളെ കൈമാറുന്നത് കശാപ്പിനായല്ല എന്നു സാക്ഷ്യപ്പെടുത്തണമെന്ന നിബന്ധന ഭേദഗതി ചെയ്ത ചട്ടങ്ങളില്‍ ഒഴിവാക്കിയതായാണ് വിവരം.
കന്നുകാലിച്ചന്തകളില്‍ വില്‍ക്കുന്ന മൃഗങ്ങള്‍ കശാപ്പിനായല്ല വില്‍ക്കപ്പെടുന്നത് എന്നു ഉറപ്പുവരുത്തണമെന്ന് കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ വിവാദ ചട്ടങ്ങളില്‍ നിര്‍ദേശിച്ചിരുന്നു. ഇതിനുവേണ്ടി സാക്ഷ്യപത്രം ഹാജരാക്കണമെന്നും ചട്ടങ്ങളില്‍ നിര്‍ദേശിച്ചിരുന്നു.
ഇതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. കശാപ്പ് എന്ന വാക്ക് ഒഴിവാക്കിയാണ് ഇപ്പോള്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഭേദഗതി ചെയ്ത ചട്ടങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം കൊണ്ടുവന്ന കരടു ഭേദഗതികള്‍ രാജ്യത്തെ വിവിധ കോടതികള്‍ സ്‌റ്റേ ചെയ്തിരുന്നു. പിന്നീട് സുപ്രീംകോടതി ഇതിന് രാജ്യവ്യാപക സ്റ്റേയും ഏര്‍പ്പെടുത്തി.