കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മേഘാലയയിലെ തെരഞ്ഞെടുപ്പ് പ്രസംഗം വായിച്ചപ്പോള്‍ ഇ അഹമ്മദ് ചെയ്ത സേവനങ്ങളാണ് മനസ്സിലേക്ക് എത്തിയതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരളത്തിലെ 44 ക്രിസ്ത്യാനികളായ നഴ്‌സുമാരെ മോചിപ്പിച്ചതാണ് മോദി വലിയ സംഭവമായി സംസാരിച്ചത്. മുസ്്‌ലിംലീഗ് സംസ്ഥാന കമ്മിറ്റിയുടെ ഇ അഹമ്മദ് അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ യോജിച്ച് നടത്തിയ നീക്കത്തില്‍ കേരളത്തിലെ 44 നഴ്‌സുമാരെ മോചിപ്പിക്കാനായെന്നത് സത്യമാണ്. എന്നാല്‍, ഇറാക്കിലും മറ്റും എത്രയോ ബന്ദികളെ മോചിപ്പിച്ച് കൊണ്ടുവന്ന ഇ അഹമ്മദ് അതിന്റെ വീമ്പ് പറഞ്ഞ് നടക്കാറില്ലായിരുന്നു. എല്ലാം ജനം കാണുകയും മനസ്സിലാക്കുകയും ചെയ്യുന്നുണ്ടാവാം. പക്ഷെ, എല്ലാത്തിനെയും മതവും ജാതിയും മതവും പറഞ്ഞ് വിലകുറഞ്ഞ പ്രചാരണം നടത്തുന്നവര്‍ക്ക് ഇ അഹമ്മദ് തിരുത്തല്‍ ശക്തിയും പാഠവുമാണ്.
ബീഹാറില്‍ ഹിന്ദുത്വ ഫാഷിസത്തിനെതിരെ മതേതര വോട്ടുകള്‍ വാങ്ങി വിജയിച്ച നീതീഷ്‌കുമാറിന്റെ എന്‍ഡിഎ യിലേക്കുള്ള ചുവടുമാറ്റം ജനാധിപത്യവിശ്വാസികളുടെ മനസുകളില്‍ വേദനയുണ്ടാക്കിയിട്ടുണ്ട്. ഇ അഹമ്മദിനെപ്പോലുള്ള നേതാക്കളുടെ രാഷ്ട്രീയ ജീവിതം തന്നെ മതേതര ജനാധിപത്യ സംരക്ഷണത്തിനായിരുന്നു. ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുന്ന രീതിയില്‍ ബന്ധമില്ലാതെ പ്രവര്‍ത്തിച്ചാല്‍ ജനാധിപത്യത്തിലുള്ള വിശ്വാസം നഷ്ടപ്പെടുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.