ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ ചിരിച്ചതിന്റെ പേരില്‍ രേണുകാ ചൗധരിയെ പരിഹസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസിന്റെ തകര്‍പ്പന്‍ മറുപടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപി നേതാക്കളുടെയും സ്ത്രീവിരുദ്ധ നിലപാടുകള്‍ വീഡിയോയില്‍ അവതരിപ്പിച്ചാണ് കോണ്‍ഗ്രസ് തിരിച്ചടിച്ചിരിക്കുന്നത്. സ്ത്രീ വിരുദ്ധനായ മോദി എന്ന ഹാഷ് ടാഗിലാണ് വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയെ പരിഹസിച്ചതും സുനന്ദ പുഷ്‌കറിനെ 50 കോടിയുടെ കാമുകിയെന്ന് വിളിച്ചതും വീഡിയോയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത് വിവാഹത്തെ കേവലം കരാര്‍ മാത്രമായി വിശേഷിപ്പിക്കുന്നതും വീഡിയോയിലുണ്ട്. ഇന്ത്യയില്‍ സ്ത്രീവിരുദ്ധരായ നേതാക്കളുടെ ഭരണത്തിന് കീഴില്‍ സ്ത്രീകള്‍ക്ക് എങ്ങനെ തുല്യ പരിഗണന ലഭിക്കുമെന്ന് കോണ്‍ഗ്രസ് ചോദിക്കുന്നു. അരുണ്‍ ജെയ്റ്റ്‌ലി, മഹേഷ് ശര്‍മ തുടങ്ങിയ ബി.ജെ.പി. നേതാക്കളുടെ പ്രസ്താവനകളും വീഡിയോയില്‍ ഉയര്‍ത്തിക്കാട്ടുന്നുണ്ട്.
അതേസമയം മറുപടിയുമായി ബി.ജെ.പി രംഗത്തെത്തി. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തതിന് ശേഷം ഗൗരവമുള്ള രാഷ്ട്രീയ വിഷയങ്ങള്‍ കൈക്കാര്യം ചെയ്യുന്നതിനു പകരം ബിഗ്രേഡ് വീഡിയോ പ്രൊഡക്ഷന്‍ ഹൗസായി കോണ്‍ഗ്രസ് മാറിയെന്ന് ബിജെപി വക്താവ് ജി.വി.എല്‍. നരസിംഹ റാവു പറഞ്ഞു.