X

നമോ ആപിലെ വിവര ചോര്‍ച്ച; ആരോപണം സ്ഥിരീകരിച്ച് ബി.ജെ.പി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക മൊബൈല്‍ ആപ്ലിക്കേഷനായ നമോ ആപ് വഴി ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ വിദേശ കമ്പനിക്ക് ചോര്‍ത്തി നല്‍കിയെന്ന ആരോപണം സ്ഥിരീകരിച്ച് ബി.ജെ.പി. ആദ്യം നിഷേധിച്ചിരുന്നെങ്കിലും പഴുതില്ലാത്ത വിധം തെളിവുകള്‍ പുറത്തു വന്നതോട ഇക്കാര്യം ബി.ജെ.പി പരോക്ഷമായി സ്ഥിരീകരിക്കുകയായിരുന്നു.

ഗൂഗിള്‍ അനലിറ്റിക്‌സിനു സമാനമായി യൂസര്‍ നെയിമും ഹാന്റ്‌സെറ്റ് വിവരങ്ങളും മൂന്നാം കക്ഷിക്ക് കൈമാറിയിരുന്നതായാണ് ബി.ജെ.പിയുടെ വെളിപ്പെടുത്തല്‍. ഉപയോക്താക്കള്‍ക്ക് സാഹചര്യങ്ങള്‍ക്ക് അനുസരിച്ചുള്ള ഉള്ളടക്കം പ്രധാനം ചെയ്യുന്നതിനു വേണ്ടിയാണ് യൂസര്‍ ഡാറ്റ പരിശോധിക്കുന്നതെന്നും ബി.ജെ.പി ന്യായീകരിച്ചു.

നരേന്ദ്രമോദി ആപ് പ്രത്യേക സവിശേഷതയോടെയുള്ളതാണ്. ഉപയോക്താക്കള്‍ക്ക് വേണമെങ്കില്‍ വ്യക്തിഗത വിവരങ്ങള്‍ നല്‍കാതെ തന്നെ ഗസ്റ്റ് മോഡില്‍ ഇത് ഉപയോഗിക്കാമെന്നും ട്വിറ്റിലൂടെ ബി. ജെ.പി വ്യക്തമാക്കി.

നമോ ആപ് വഴി സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ പ്രചാരണ ആയുധമാക്കിയതോടെയാണ് ബി.ജെ.പിയുടെ നിലപാട് മാറ്റം. ഉപയോക്താക്കളുടെ വിവരങ്ങള്‍ മറ്റാരുമായും പങ്കുവെക്കില്ലെന്ന് നേരത്തെ നമോ ആപില്‍ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഇതിലും ബി.ജെ.പി മാറ്റം വരുത്തി.
അനലിറ്റിക്കല്‍ ആവശ്യങ്ങള്‍ക്കായി ആപ് ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങളും ഹാന്റ്‌സെറ്റ് വിവരങ്ങളും ഉപയോഗിച്ചേക്കാം എന്ന് ഇത് തിരുത്തിയിട്ടുണ്ട്.

chandrika: