ന്യൂഡല്‍ഹി: വരാനിരിക്കുന്ന ഉത്സവ കാലത്ത് ജാഗ്രത തുടരണമെന്ന മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആറു മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വരുന്ന ആഴ്ചകളില്‍ ദസറ, ദീപാവലി പോലുള്ള ആഘോഷങ്ങള്‍ വരാനിരിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ അഭിസംബോധന.
ഉത്സവ കാലത്ത് കോവിഡിനെതിരെ കൂടുതല്‍ ജാഗ്രത വേണം. ആഘോഷ കാലത്ത് കടകമ്പോളങ്ങളില്‍ തിരക്കേറാന്‍ സാധ്യത കൂടുതലാണ്. കോവിഡ് അവസാനിച്ചു എന്ന് കരുതരുത്. ലോക്ഡൗണ്‍ പിന്‍വലിച്ചെങ്കിലും വൈറസ് പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങളോട് വിമുഖത കാണിക്കുന്നത് ആളുകളില്‍ കൂടി വരികയാണ്. അടുത്തു നാം കണ്ട കുറേയധികം ഫോട്ടോകളും വീഡിയോകളും ഇതാണ് തെളിയിക്കുന്നത്. ഇത് ശരിയല്ല. മാസ്‌കില്ലാതെ പുറത്തിറങ്ങുന്നവര്‍ മറ്റുള്ളവരുടെ ജീവിതം കൂടിയാണ് അപകടത്തിലാക്കുന്നത്. കോവിഡ് പോരാട്ടത്തില്‍ രാജ്യം കൈവരിച്ച നേട്ടങ്ങള്‍ തകര്‍ത്തു കളയരുത്-പ്രധാനമന്ത്രി പറഞ്ഞു.
വാക്‌സിന്‍ കണ്ടെത്തുന്ന കാലം വരെ കോവിഡിനെതിരായ പോരാട്ടം തുടരേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.