രണ്ട് കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടിയ സംഭവത്തിൽ 24കാരി അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര പാലിയത്തറ ഹൗസിൽ ജുമിയാണ് പിടിയിലായത്. ബംഗളൂരുവിൽ നിന്നാണ് ജുമിയെ പിടികൂടിയത്. മെയ് 19നാണ് ലഹരി മരുന്ന് പിടികൂടിയത്.
കോഴിക്കോട് പുതിയങ്ങാടി എടയ്ക്കൽ ഭാഗത്തെ വാടക വീട് കേന്ദ്രീകരിച്ച് ലഹരിക്കച്ചവടം നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വീട്ടിൽ നിന്ന് രണ്ട് കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നുകൾ പിടികൂടിയത്. വീട്ടിലുണ്ടായിരുന്ന രണ്ട് പേർ ഓടി രക്ഷപ്പെട്ടിരുന്നു.
ഓടിരക്ഷപ്പെട്ട ഒന്നാം പ്രതി ഷൈൻ ഷാജിയെ ബംഗളൂരുവിൽ നിന്നും രണ്ടാം പ്രതി ആൽബിൻ സെബാസ്റ്റ്യനെ കുമളിയിൽ നിന്നും പിടികൂടി. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ബംഗളൂരുവിൽ നിന്നും കോഴിക്കോടേക്ക് മയക്കുമരുന്ന് എത്തിച്ചിരുന്നത് ജുമിയാണെന്ന് മനസ്സിലായത്. അപ്പോഴേക്കും ജുമി ഒളിവിൽ പോയിരുന്നു.
ലഹരിക്കടത്ത് വഴി ലഭിക്കുന്ന പണം കൊണ്ട് ആർഭാട ജീവിതം നയിക്കുകയാണ് ജൂമിയുടെ രീതി. ഗോവ, ബംഗളൂരു എന്നിവിടങ്ങളിൽ ആഡംബര ഹോട്ടലുകളിൽ റൂം എടുത്ത് താമസിക്കുകയാണ് ഇവരുടെ പതിവ്.