X

മയക്ക് മരുന്ന് ശക്ത നടപടി നിര്‍ബന്ധം-എഡിറ്റോറിയല്‍

കോഴിക്കോട്ട് ജ്യൂസില്‍ കഞ്ചാവ് കുരു കലക്കി വില്‍പ്പന നടത്തിയ സംഭവം സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ബീച്ചിലെ ഗുജറാത്തി സ്ട്രീറ്റിലെ ജ്യൂസ് സ്റ്റാളുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് നാര്‍ക്കോട്ടിക് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ കഞ്ചാവിന്റെ കുരു ഓയില്‍ രൂപത്തിലാക്കി മില്‍ക്ക് ഷെയ്ക്കില്‍ കലക്കി വില്‍പന നടത്തുന്നതായാണ് കണ്ടെത്തിയത്. ജ്യൂസ് സ്റ്റാളില്‍ നിന്നും ഹെംബ് സീഡ് ഓയിലും കഞ്ചാവിന്റെ കുരുവും ചേര്‍ത്ത ദ്രാവകം പിടികൂടുകയും ചെയ്തിട്ടുണ്ട്. ജ്യൂസ് സ്റ്റാളിനെതിരെ മയക്കുമരുന്ന് നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. സീഡ് ഓയില്‍ രാസ പരിശോധനക്കായി കോഴിക്കോട് റീജ്യണല്‍ കെമിക്കല്‍ ലാബിലേക്കയച്ചിരിക്കുകയാണ്. ഡല്‍ഹിയില്‍ നിന്നുമാണ് ഇത്തരത്തിലുള്ള കഞ്ചാവിന്റെ കുരു വരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. കോഴിക്കോട് ജില്ലയിലടക്കം ഇതേ രീതിയില്‍ കഞ്ചാവ് കുരു ഇപയോഗിച്ച് ജ്യൂസ് നല്‍കുന്ന കൂടുതല്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി സംശയിക്കുന്നു.

ഗുജറാത്തി സ്ട്രീറ്റില്‍ പ്രവര്‍ത്തിക്കുന്ന ജ്യൂസ് സ്റ്റാളില്‍ കഞ്ചാവ് ചെടിയുടെ അരി ഉപയോഗിച്ച് ഷെയ്ക്ക് അടിച്ചു വില്‍പ്പന നടത്തുന്നുണ്ടെന്ന് സാമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഷെയ്ക്കിനെക്കുറിച്ച് സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നത് ശ്രദ്ധയില്‍പെട്ടതോടെ എക്‌സൈസ് കമ്മീഷണര്‍ക്ക് പരാതി ലഭിച്ചു. പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. വിദ്യാര്‍ഥികള്‍ കൂടുതലായി ഈ സ്ഥാപനത്തില്‍ എത്തുന്നുണ്ടോയെന്നും എക്‌സൈസ് സംഘം നിരീക്ഷിച്ചു വരികയാണ്. സ്‌കൂളുകള്‍, കോളജുകള്‍ എന്നിവ കേന്ദ്രീകരിച്ച് ഇത്തരത്തില്‍ ജ്യൂസ് കടകള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. വിദ്യാര്‍ഥികളെ തന്നെയാണ് ഇത്തരക്കാര്‍ ലക്ഷ്യമിടുന്നത്. മയക്കുമരുന്നു ഉപയോഗത്തിലേക്ക് വിദ്യാര്‍ഥികളെ കൈപിടിച്ചു നടത്താനുള്ള മാര്‍ഗമായായിരിക്കും ഇതിനെ അവര്‍ കാണുന്നത്. ചില വിദ്യാര്‍ഥികളെയെങ്കിലും നേരിട്ട് മയക്കുമരുന്നിന് അടിമകളാക്കാന്‍ കഴിയാതെ വരുമ്പോഴാണ് ഇത്തരത്തില്‍ ചതി പ്രയോഗം നടത്തുക. മിഠായി പോലുള്ളവയിലും മയക്കുമരുന്നുകള്‍ നിറച്ച് കൊടുക്കുന്ന പ്രവണത നേരത്തെതന്നെയുണ്ട്. സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ മയക്കുമരുന്ന് ഉപയോഗം ഇപ്പോള്‍ വളരെ കൂടുതലാണ്. വിദ്യാര്‍ഥികളടക്കം യുവ ജനങ്ങളാണ് ഇതിനടിമയാകുന്നവരില്‍ ഏറിയ പങ്കും. സഹപാഠികള്‍ മുഖേനെ തന്നെയാണ് മയക്കുമരുന്നുകള്‍ എത്തുന്നത്. അതിനുള്ള കാരിയര്‍മാരായി പ്രവര്‍ത്തിക്കുന്നതും വിദ്യാര്‍ഥികള്‍ തന്നെയാണ്.

രാജ്യാന്തര തലത്തില്‍ തന്നെ മദ്യം, കനാബിസ്, ഒപിയം എന്നിവയുടെ ഉപയോഗം വര്‍ധിച്ചുവരുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. സ്ത്രീകളേക്കാള്‍ കൂടുതലായി പുരുഷന്മാരാണ് ലഹരിയ്ക്ക് കൂടുതലും അടിമയാകുന്നത്. കുത്തിവയ്പ് രൂപത്തിലെടുക്കുന്ന ലഹരി വസ്തുക്കളുടെ ഉപയോഗം വര്‍ധിക്കുന്നത് എയ്ഡ്‌സ് പോലെയുള്ള രോഗങ്ങളുടെ വ്യാപനത്തിനും മരുന്നുകള്‍ പതിവിലും കൂടിയ അളവില്‍ ശരീരത്തിലെത്തുന്നത് ചില സന്ദര്‍ഭങ്ങളില്‍ മരണത്തിന് പോലും കാരണമാകാറുണ്ട്. മുന്‍കാലങ്ങളിലെ കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ ലഹരി ഉപയോഗിക്കുന്നവര്‍ ഉണ്ടെങ്കിലും ലഹരിയ്ക്ക് അടിമയാകുന്ന പ്രവണത വളരെ കുറവായിരുന്നു. എന്നാലിന്ന് ലഹരിയ്ക്ക് അടിമയാകുന്ന ആളുകളുടെ എണ്ണം കൂടിവരികയാണ്. ഇത് കൂടാതെ കൂടിയ അളവില്‍ ലഹരി ലഭിക്കുന്നതിന് വിവിധ രീതിയിലുള്ള ലഹരി വസ്തുക്കള്‍ ഒന്നിപ്പിച്ച് ഉപയോഗിക്കുന്നതും വര്‍ധിച്ചുവരുന്നു. ഇതിനൊരു ഉദാഹരണമാണ് മദ്യത്തില്‍ മയക്ക്മരുന്ന് കലര്‍ത്തി ഉപയോഗിക്കുന്നത്. ഇന്ത്യയില്‍ ഇതുവരെ പ്രചാരത്തിലില്ലാതിരുന്ന ലഹരിയുടെ ഈ രീതിയിലുള്ള ഉപയോഗവും ഇപ്പോള്‍ വര്‍ധിച്ചുവരുന്നുണ്ട്. നഗര, ഗ്രാമീണ മേഖലയുടെ വ്യത്യാസമില്ലാതെ ഈ പ്രവണത ഏറിവരികയാണ്.

പ്രൈമറിതലം മുതല്‍ ബിരുദ വിദ്യാര്‍ഥികള്‍വരെ ലഹരി ഉപയോഗിക്കുന്നതിന്റെ വീഡിയോകളും അനുഭവക്കുറിപ്പുകളുമാണ് പുറത്തുവരുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാര്യക്ഷമമാകുന്നതിനൊപ്പം പ്രാദേശിക തലങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചും ജാഗ്രതാസമിതികള്‍ രൂപവത്കരിക്കരിച്ച് ലഹരിക്കെതിരെ പ്രവര്‍ത്തിക്കണം. രക്ഷിതാക്കളും അധ്യാപകരും സന്നദ്ധ സഘടകളും ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. നിഷ്‌കളങ്കരായ കൗമാരക്കാരെ എളുപ്പം മയക്കുമരുന്ന് അടിമകളാക്കാന്‍ സാധിക്കും. എല്ലാം രുചിച്ചറിയാനുള്ള വ്യഗ്രത ഈ പ്രായത്തില്‍ കൂടുതലായിരിക്കും. അതുതന്നെയാണ് കച്ചവടക്കാര്‍ മുതലാക്കുന്നതും. സമൂഹം ഒന്നാകെ ഉണര്‍ന്നുപ്രവര്‍ത്തിച്ചാല്‍ മാത്രമേ ഈ വിപത്തിനെ തുടച്ചുനീക്കാനാകൂ. സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും സമീപമുള്ള കടകളില്‍ രക്ഷിതാക്കളുടേയും സന്നദ്ധ പ്രവര്‍ത്തകരുടെയും അധ്യാപകരുടെയും കണ്ണ് എപ്പോഴും ഉണ്ടായിരിക്കണം. ഒപ്പം സര്‍ക്കാര്‍ സംവിധാനങ്ങളും സദാ ജാഗ്രത പാലിക്കണം.

Test User: