X

ശമ്പളം നല്‍കിയില്ല; നാരദ ന്യൂസ് എഡിറ്റര്‍ മാത്യു സാമുവലിനെതിരെ ജീവനക്കാരുടെ സമര ഭീഷണി

ന്യൂഡല്‍ഹി: മൂന്നുമാസമായി ശമ്പളം നല്‍കിയില്ലെന്ന് കാണിച്ച് നാരദ ന്യൂസ് എഡിറ്റര്‍ മാത്യു സാമുവലിനെതിരെ മുന്‍ ജീവനക്കാര്‍ രംഗത്ത്. ശമ്പളം നല്‍കുന്നില്ലെന്നതിന് പുറമെ ഇത് ചോദ്യം ചെയ്ത ചിലരോട് എഡിറ്റര്‍ മോശമായി പെരുമാറിയെന്നും ജീവനക്കാര്‍ ആരോപിക്കുന്നു.

ജീവനക്കാരുടെ ശമ്പള കുടിശിക വീട്ടിയില്ലെന്നതും ഇത് തീര്‍ക്കാതെ നാരദ ഇംഗ്ലീഷും ഹിന്ദിയും പൂട്ടിയതും ചോദ്യം ചെയ്ത് ഡല്‍ഹി ലേബര്‍ കോര്‍ട്ടില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്ന് ജീവനക്കാര്‍ അറിയിച്ചു. കേസിനോടും അനുകൂലമായി പ്രതികരിക്കാതിരുന്നാല്‍ എഡിറ്ററുടെ ഡല്‍ഹിയിലെ വസതിക്കു മുമ്പില്‍ നിരാഹാരമിരിക്കുമെന്നും ഇവര്‍ പറയുന്നു.

നാരദാ ന്യൂസിലെ മുന്‍ ജീവനക്കാരനായ അമല്‍ ദാസ് ഫേസ്ബുക്കിലൂടെയാണ് ഈ തീരുമാനമറിയിച്ചത്. അമലിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം:

“സുഹൃത്തുക്കളെ, കഴിഞ്ഞ ഒക്ടോബർ മുതൽ നാരദയിൽ ജോലിയെടുത്തിരുന്നു. ഡിസംബറിലെയും ജനുവരിയിലെയും സാലറി ലേറ്റ് ആയ സമയത്തു തന്നെ പ്രശ്നങ്ങളുണ്ടോ എന്ന രീതിയിൽ മാത്യുവിനോട് ചോദിച്ചിരുന്നു. ഒന്നുമില്ല എല്ലാം കൃത്യമാണ് എന്ന് പറഞ്ഞു കയ്യൊഴിഞ്ഞു. റാം കുമാറും സുധീഷ് സുധാകരനും രാജി വെച്ച് പോയതും റാമേട്ടന്റെ വിവാദ പോസ്റ്റുകളും വന്ന സമയത്തും അതെല്ലാം സത്യമാണെന്ന് അറിയുന്ന ഞങ്ങൾ ഒന്നും പറഞ്ഞിട്ടില്ല. മാർചിൽ ഹോളിയുടെ തലേന്ന് ഓഫീസിൽ എത്തിയപ്പോഴാണ് മാസാവസാനത്തോടെ പൂട്ടുമെന്ന് അറിയുന്നത്. അന്ന് ഞങ്ങൾ പെൻഡിങ് സാലറി മുഴുവൻ കിട്ടുമെന്ന ഉറപ്പിൽ രാജി വെക്കുകയായിരുന്നു. അന്നു മുതൽ ദിവസേന സാലറി ചോദിച്ചു വിളിക്കുന്നവരെ അവോയ്‌ഡ് ചെയ്‌ക്കുകയോ ഫോൺ, വാട്സ്ആപ് തുടങ്ങി എല്ലായിടത്തും ബ്ലോക്ക് ചെയ്യുകയോ ആണ്. ഞങ്ങളെ പോലുള്ള ജൂനിയേഴ്സിന് ഒരു മാസത്തെ ശമ്പളം കൂടി തന്നു. മൂന്നു മാസം പെൻഡിങ് ഉള്ള ആളുകൾക്ക് (കുടുംബവും പ്രാരാബ്ദവും ഉള്ള പലരുമുണ്ട്) ഒന്നും കൊടുത്തിട്ടില്ല. ഇതിനെ ചോദ്യം ചെയ്ത ഒരാളോട് മോശമായി പെരുമാറുക പോലും ചെയ്തു. സാഹചര്യങ്ങളുടെ സമ്മർദ്ദം കാരണം ഞങ്ങൾ ഡൽഹി ലേബർ കോർട്ടിൽ കേസ് ഫയൽ ചെയ്തിരിക്കുകയാണ്. ഇനിയും മാത്യു ഇതിനോട് പ്രതികരിക്കുന്നില്ലെങ്കിൽ നിരാഹാര സമരമിരിക്കാൻ ആണ് തീരുമാനം.”

chandrika: