X
    Categories: indiaNews

നാനോ ടെക്നോളജി, ജി.പി.എസ് ചിപ്പ്; മറക്കില്ല ആ നാളുകള്‍

ന്യൂഡല്‍ഹി: 500, 1000 രൂപാ നോട്ടുകള്‍ നിരോധിച്ചതിനു പിറകെ മോദി സര്‍ക്കാരിന്റെ നീക്കത്തെ ധീരമായ നടപടിയെന്ന് പ്രശംസിച്ചും വിഡ്ഢിത്തമെന്ന് വിമര്‍ശിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരുന്നത്. എന്നാല്‍, ഇക്കൂട്ടത്തില്‍ ഏറെ രസകരമായ വ്യാജ സന്ദേശങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പുതുതായി പുറത്തിറക്കിയ 2000 രൂപാ കറന്‍സികളില്‍ ജിപിഎസ് ചിപ്പുകള്‍ ഘടിപ്പിച്ചിട്ടുണ്ടെന്നായിരുന്നു ഏറ്റവും പ്രചാരം ലഭിച്ച ഒരു വ്യാജസന്ദേശം. ബി.ജെ.പി അനുകൂല മാധ്യമ പ്രവര്‍ത്തകരും ചാനലുകളും പുതിയ നോട്ടിലെ ജിപിഎസ് ചിപ്പ് വാദം ഏറ്റുപിടിച്ചിരുന്നു. ആജ് തക്, എബിപി, ഡിഎന്‍എ, സീ ന്യൂസ് അടക്കമുള്ള ചാനലുകളില്‍ മാധ്യമപ്രവര്‍ത്തകര്‍ 2000 നോട്ടിന്റെ ജിപിഎസ് സവിശേഷതകള്‍ വിശദീകരിച്ചുകൊണ്ടുള്ള പ്രത്യേക പരിപാടികള്‍ വരെ അവതരിപ്പിച്ചു.

പുതിയ രണ്ടായിരത്തിന്റെ നോട്ടുകളില്‍ നാനോ ടെക്നോളജി ഉപയോഗിക്കുന്നുണ്ടെന്നായിരുന്നു പ്രധാന പ്രചാരണം. കറന്‍സിയില്‍ ഉപയോഗിച്ച ജിപിഎസ് സംവിധാനം വഴി ആദായ നികുതി വകുപ്പിന് വിവരങ്ങള്‍ കൃത്യമായി അറിയാനാകുമെന്ന് ഇവര്‍ പടച്ചുവിട്ടു.
പുതിയ സാങ്കേതികവിദ്യ വരുന്നതോടെ കള്ളപ്പണം തടയാനാകും. നാനോ ടെക്നോളജിയിലുടെ സൂക്ഷ്മ സംവിധാനങ്ങള്‍ ഉപയോഗിച്ച് ഈ നോട്ട് എവിടെയുണ്ട് എന്ന് ട്രാക്ക് ചെയ്യാന്‍ സാധിക്കും. അലമാര ഇടിച്ചുപൊളിക്കാതെ, വീട് കുഴിക്കാതെ തന്നെ ഇന്‍കം ടാക്സിന് നോട്ട് സൂക്ഷിച്ച സ്ഥലത്തെ വിവരം കിട്ടും. 100 മീറ്റര്‍ ആഴത്തില്‍ കുഴിച്ചിട്ടാല്‍ പോലും സിഗ്നല്‍ ലഭിക്കും. തുടങ്ങി യുക്തിരഹിതമായ കാര്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും ഇക്കൂട്ടര്‍ വ്യാപകമായി പ്രചരിപ്പിച്ചു.

എന്നാല്‍ അധികം വൈകാതെ തന്നെ ഇതെല്ലാം വ്യാജ പ്രചാരണമായിരുന്നെന്ന് രാജ്യം തിരിച്ചറിഞ്ഞു. ഒപ്പം നോട്ട് നിരോധനത്തിന്റെ തീരാദുരിതവും. 500, 1000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ രാജ്യത്തുടനീളമുള്ള ബാങ്കുകള്‍ക്ക് മുന്നില്‍ മണിക്കൂറുകള്‍ നീണ്ട ക്യൂ രൂപപ്പെട്ടു. നിരവധിപേര്‍ വരിനിന്ന് കുഴഞ്ഞുവീണ് മരിച്ചതിനും ഇന്ത്യ സാക്ഷ്യം വഹിച്ചു. രാജ്യത്തിന്റെ സാമ്പത്തിക മേഖല തകര്‍ന്നടിയാന്‍ ഏറെ നേരം വേണ്ടി വന്നില്ല. ചെറുകിട സംരംഭ മേഖല സ്തംഭിച്ചു. കാര്‍ഷികരംഗത്തുള്‍പ്പെടെ വിലയിടിവുമുണ്ടായി. വലിയ വിഭാഗം കുറഞ്ഞ വരുമാനക്കാരുടെ ജോലി നഷ്ടപ്പെട്ടു. കയറ്റിറക്കുമതി മേഖലകളിലും പ്രതിസന്ധിയുടെ കാര്‍മേഘങ്ങളായിരുന്നു. നിക്ഷേപകര്‍ വിഷമസ്ഥിതിയിലായി. നോട്ട് നിരോധനം പൂര്‍ണ പരാജയമാണെന്ന് വ്യക്തമാകാന്‍ അധികനാള്‍ വേണ്ടിവന്നില്ല. ഇപ്പോഴിതാ ഏറെ കൊട്ടിഘോഷിച്ച് നടപ്പാക്കിയ 2000 നോട്ടും അകാല ചരമമടഞ്ഞിരിക്കുന്നു.

webdesk11: