കോഴിക്കോട്: നഞ്ചിയമ്മയുടെ കുടുംബ ഭൂമി കൈമാറ്റം ചെയ്തതില്‍ ഉദ്യോഗസ്ഥരുടെ ഒത്തുകളി. മാരിമുത്തു ആദിവാസിയായതിനാല്‍ സ്ഥലം കൈമാറ്റം ചെയ്യല്‍ അസാധുവാണ്. എന്നിട്ടും ഭൂമി മാരിമുത്തുവിന് വില്‍ക്കാന്‍ കഴിയില്ലെന്ന കാര്യം ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിച്ചില്ലെന്ന് റിപ്പോര്‍ട്ട്.
മധ്യമേഖല റവന്യൂ വിജിലന്‍സ് റിപ്പോര്‍ട്ടില്‍ മാരിമുത്തു ആദിവാസിയായ രാമിയുടെ മകനാണെന്ന് ചൂണ്ടിക്കാണിച്ചു. 1999ലെ നിയമപ്രകാരം 1986 ജനുവരി 24ന് ശേഷം ആദിവാസി ഭൂമി കൈമാറ്റം ചെയ്യാന്‍ കഴിയില്ല. ഭൂമി വില്‍പ്പന നടത്താന്‍ കരാര്‍ എഴുതിയ മാരിമുത്തു ആദിവാസിയാണെന്ന കാര്യവും ഉദ്യോഗസ്ഥര്‍ മറച്ചുവെക്കുകയായിരുന്നു.
തഹസീല്‍ദാര്‍ മുതല്‍ സബ് കലക്ടര്‍ വരെയുള്ള ഉദ്യോഗസ്ഥന്മാര്‍ ഭൂമി വ്യാജരേഖ നിര്‍മിച്ച് തട്ടിയെടുത്തവര്‍ക്ക് അനുകൂലമായി ഉത്തരവുകള്‍ നല്‍കി. ഒറ്റപ്പാലം സബ് കലക്ടര്‍ നല്‍കിയ ഉത്തരവില്‍ വ്യാജരേഖയുണ്ടാക്കി ഭൂമി കൈവശപ്പെടുത്തിയ കെ.വി. മാത്യുവിനും ജോസഫ് കുര്യനും ഭൂമിയില്‍ അവകാശമുണ്ട്.
മാരിമുത്തുവിന്റെ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ ആദിവാസി എന്നാണ് അമ്മ രാമി രേഖപ്പെടുത്തിയത്. കന്തസാമിക്ക് ആദിവാസി സ്ത്രീയില്‍ ജനിച്ച മകനാണ് മാരിമുത്തുവെന്നാണ് കലക്ടര്‍ ലാന്‍ഡ് റവന്യൂ കമീഷണര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയത്. വ്യാജ രേഖയുടെ മറവിലാണ് ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ചതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.