X
    Categories: CultureNewsViews

നമോ ടി.വി പ്രക്ഷേപണം വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ പ്രസംഗങ്ങളും റാലികളും സംപ്രേഷണം ചെയ്യാനായി ആരംഭിച്ച നമോ ടി.വിയുടെ പ്രവര്‍ത്തനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കി. ചാനല്‍ പരിപാടികള്‍ വോട്ടര്‍മാരെ സ്വാധീനിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തിയത്.

പ്രമുഖ ഡി.ടി.എച്ച് ശൃംഖലകള്‍ വഴി കഴിഞ്ഞ 31 മുതലാണ് നമോ ടി.വി സംപ്രേഷണം ആരംഭിച്ചത്. ട്വിറ്റര്‍ അറിയിപ്പിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് ഇതിന്റെ സമര്‍പ്പണം നിര്‍വഹിച്ചത്. മോദിയുടെ ചിത്രം ലോഗോയായി ഉപയോഗിക്കുന്ന ചാനലില്‍ അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍, റാലികള്‍, ബി.ജെ.പി നേതാക്കളുമായുള്ള അഭിമുഖങ്ങള്‍ തുടങ്ങിയവയാണു പരിപാടികള്‍.

മോദിക്ക് ഇന്ന് തിരിച്ചടികളുടെ ദിനമായിരുന്നു. രാവിലെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മോദിയെ പിന്തുണച്ചുകൊണ്ട് ഇമ്രാന്‍ ഖാന്റെ പ്രസ്താവന വന്നതോടെ മോദിയും ബി.ജെ.പിയും പ്രതിരോധത്തിലായി. തുടര്‍ന്ന് റഫാല്‍ ഇടപാടിലെ അഴിമതി സംബന്ധിച്ച് വിശദമായി വാദം കേള്‍ക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചത് മോദിക്കും ബി.ജെ.പിക്കും അവിചാരിതമായി കിട്ടിയ ഇരുട്ടടിയായിരുന്നു. തുടര്‍ന്ന് മോദിയുടെ ജീവിത കഥയെന്ന പേരില്‍ പുറത്തിറങ്ങുന്ന സിനിമയുടെ റിലീസ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കി. അവസാനം നമോ ടി.വി കൂടി വിലക്കിയതോടെ മോദിക്ക് തിരിച്ചടികളുടെ ഒരു ദിനം പൂര്‍ത്തിയാവുകയാണ്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: