സ്‌കൂള്‍ അഡ്മിഷന്‍ റജിസ്റ്ററിലും എസ്എസ്എല്‍സി ബുക്കിലും ഗസറ്റ് വിജ്ഞാപനം വഴി മാറ്റിയ പേര്, ജനന സര്‍ട്ടിഫിക്കറ്റിലും ജനന റജിസ്റ്ററിലും ഇനി തിരുത്താം. ഇതിനു സര്‍ക്കാര്‍ അനുവാദം നല്‍കി. ഒറ്റത്തവണത്തേക്കു മാത്രമേ ഇത് അനുവദിക്കൂ. ഇങ്ങനെ തിരുത്തിനല്‍കുന്ന പുതിയ ജനന സര്‍ട്ടിഫിക്കറ്റിലെ അഭിപ്രായക്കുറിപ്പില്‍ ഈ നടപടിക്രമത്തിന്റെ വിവരം രേഖപ്പെടുത്തും.
നിലവില്‍ 5 വയസ്സു വരെയാണു ജനന റജിസ്റ്ററില്‍ പേരു തിരുത്താന്‍ അനുവാദമുള്ളത്. പിന്നീട് ഗസറ്റ് വിജ്ഞാപനപ്രകാരം പേരു തിരുത്തിയാലും ജനന സര്‍ട്ടിഫിക്കറ്റില്‍ തിരുത്താന്‍ അനുവദിച്ചിരുന്നില്ല. എന്നാല്‍, വിദേശയാത്ര, തൊഴില്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്ക് എസ്എസ്എല്‍സി, ജനന സര്‍ട്ടിഫിക്കറ്റുകളില്‍ പേരു വ്യത്യസ്തമായിരിക്കുന്നത് ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നു കണ്ടാണു സര്‍ക്കാര്‍ തീരുമാനം.
അതേസമയം, നിലവിലെ പേരില്‍ അക്ഷരത്തെറ്റു മാത്രമാണു മാറ്റേണ്ടതെങ്കില്‍ അതു നേരിട്ട് ജനന സര്‍ട്ടിഫിക്കറ്റില്‍ തിരുത്തി അതിന്റെ അടിസ്ഥാനത്തില്‍ സ്‌കൂള്‍ രേഖയിലും ഒറ്റത്തവണ തിരുത്തല്‍ വരുത്താം. അതിന് ഗസറ്റില്‍ പേരു തിരുത്തി പ്രസിദ്ധീകരിക്കേണ്ടതില്ല. നിലവിലുള്ള നടപടിക്രമം വഴി ചെയ്യാം.