X
    Categories: MoreViews

പ്രവാചക മിഹ്‌റാബില്‍ നിസ്‌കാരങ്ങള്‍ക്ക് തുടക്കം

 

മദീന: മസ്ജിദുന്നബവിയിലെ റൗളശരീഫില്‍ പ്രവാചക മിഹ്‌റാബില്‍ നിസ്‌കാരത്തിന് വീണ്ടും തുടക്കമായി. ഇന്നലെ ദുഹ്ര്‍ നിസ്‌കാരത്തിന് മസ്ജിദുന്നബവി ഇമാം ശൈഖ് ഡോ. അബ്ദുല്ല ബിന്‍ അബ്ദുറഹ്മാന്‍ അല്‍ബഈജാന്‍ പ്രവാചക മിഹ്‌റാബില്‍ നിസ്‌കാരത്തിന് നേതൃത്വം നല്‍കി. അഞ്ച് നിര്‍ബന്ധ നിസ്‌കാരങ്ങള്‍ക്കും വെള്ളിയാഴ്ചയിലെ ജുമുഅ നിസ്‌കാരത്തിനും ഇമാമത്ത് നില്‍ക്കല്‍ പ്രവാചക മിഹ്‌റാബിലേക്ക് മാറ്റുന്നതിന് ഹറം, മസ്ജിദുന്നബവി കാര്യ പ്രസിഡന്‍സി തീരുമാനിക്കുകയായിരുന്നു. ഇരുപത്തിയഞ്ച് വര്‍ഷത്തിലേറെ നീണ്ട ഇടവേളക്ക് ശേഷമാണ് പ്രവാചക മിഹ്‌റാബില്‍ ഇമാമുമാര്‍ നിസ്‌കാരങ്ങള്‍ക്ക് വീണ്ടും നേതൃത്വം നല്‍കുന്നത്.
നിസ്‌കാരങ്ങള്‍ പൂര്‍ത്തിയാകുന്ന ഉടന്‍ പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെയും അനുചരന്മാരായ അബൂബക്കര്‍ സിദ്ദീഖിന്റെയും (റ) ഉമര്‍ ബിന്‍ അല്‍ഖത്താബിന്റെയും (റ) ഖബറിടങ്ങള്‍ സന്ദര്‍ശിക്കുന്നതും അവര്‍ക്ക് സലാം ചൊല്ലുന്നതും വിശ്വാസികള്‍ക്കും തീര്‍ഥാടകര്‍ക്കും സിയാറത്ത് നടത്തുന്നവര്‍ക്കും എളുപ്പമാക്കുന്നതിന് ലക്ഷ്യമിട്ടാണ് നിസ്‌കാരങ്ങള്‍ക്ക് ഇമാമത്ത് നില്‍ക്കുന്ന സ്ഥലം പ്രവാചക മിഹ്‌റാബിലേക്ക് മാറ്റിയത്.

ഇതുവരെ ഖിബ്‌ലയുടെ ദിശയില്‍ അവസാന ഭിത്തിയില്‍ മസ്ജിദുന്നബവിയുടെ മുന്‍ഭാഗത്തുള്ള ഉസ്മാനി മിഹ്‌റാബിലാണ് ഇമാമുമാര്‍ നിസ്‌കാരത്തിന് നേതൃത്വം നല്‍കിയിരുന്നത്. ഇത് പ്രവാചകന്റെയും അനുചരന്മാരുടെയും ഖബറിടങ്ങളില്‍ സിയാറത്ത് നടത്തുന്നവര്‍ക്ക് പ്രയാസം സൃഷ്ടിച്ചിരുന്നു. നിസ്‌കാരങ്ങള്‍ പൂര്‍ത്തിയായി ഇമാമുമാര്‍ സ്ഥലം വിടുന്നത് വരെ പ്രവാചകന്റെയും അനുചരന്മാരുടെയും ഖബറിടങ്ങളില്‍ സിയാറത്ത് നടത്തുന്നതിന് തീര്‍ഥാടകര്‍ക്ക് സാധിച്ചിരുന്നില്ല. പുതിയ പരിഷ്‌കാരം നടപ്പാക്കിയതിലൂടെ നിസ്‌കാരങ്ങള്‍ പൂര്‍ത്തിയായാലുടന്‍ അല്‍സലാം ഗെയ്റ്റ് വഴി പ്രവേശിച്ച് റൗളശരീഫിന് മുന്നിലൂടെ നീങ്ങി ഖബറിടങ്ങളില്‍ സിയാറത്ത് നടത്തി അല്‍ബഖീഅ് ഗെയ്റ്റ് വഴി പുറത്തിറങ്ങുന്നതിന് വിശ്വാസികള്‍ക്ക് അവസരം ലഭിക്കും.
കാല്‍ നൂറ്റാണ്ടിന്റെ ഇടവേളക്ക് ശേഷമാണ് പ്രവാചക മിഹ്‌റാബില്‍ ഇമാമുമാര്‍ നിസ്‌കാരം നിര്‍വഹിക്കുന്നത്. ഭൂമിയിലെ സ്വര്‍ഗീയാരാമെന്ന് പ്രവാചകന്‍ (സ) വിശേഷിപ്പിച്ച റൗളശരീഫിലുള്ള പ്രവാചക മിഹ്‌റാബിന്റെ കിഴക്ക് ഭാഗത്ത് പ്രവാചകന്റെ മഖ്ബറയും പടിഞ്ഞാറ് മിന്‍ബറും (പ്രസംഗപീഠം) ആണ്. മുഹമ്മദ് നബി (സ) നിസ്‌കാരം നിര്‍വഹിച്ച അതേ സ്ഥലത്ത് എട്ടാം അമവി (ഉമയ്യഡ്) ഖലീഫ ഉമര്‍ ബിന്‍ അബ്ദുല്‍ അസീസ് ആണ് മിഹ്‌റാബ് നിര്‍മിച്ചത്. മൂന്നാം ഖലീഫ ഉസ്മാന്‍ ബിന്‍ അഫാന്റെ (റ) കാലത്ത് നടത്തിയ മസ്ജിദുന്നബവി വികസന പദ്ധതിയുടെ ഭാഗമായാണ് പ്രവാചക പള്ളിയുടെ മുന്‍ഭാഗത്തെ ഭിത്തിയില്‍ മിഹ്‌റാബ് നിര്‍മിച്ചത്. ഇത് പിന്നീട് ഉസ്മാനി മിഹ്‌റാബ് എന്ന പേരില്‍ അറിയപ്പെടുകയായിരുന്നു.

chandrika: