X

ദുരഭിമാനക്കൊലയിലെ ദലിത് യുവാവിന്റെ മരണം; തെലുങ്കാനയില്‍ രാഷ്ട്രീയ വിവാദമാവുന്നു

ഹൈദരാബാദ്: ഉയര്‍ന്ന ജാതിക്കാരിയെ വിവാഹം ചെയ്ത ദളിത് യുവാവിനെ ഗര്‍ഭിണിയായ ഭാര്യക്കു മുന്നിലിട്ട് വെട്ടിക്കൊന്ന സംഭവത്തിനു പിന്നാലെ തെലുങ്കാനയില്‍ സംഘര്‍ഷാവസ്ഥ. വിവിധ ദളിത്, യുജവന സംഘടനകള്‍ പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിയ സംഘര്‍ഷാവസ്ഥ ഇപ്പോള്‍ തെലുങ്കാനയില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കു ഇടയായിരിക്കുകയാണ്.

കൊലപാതകത്തില്‍ ടി.ആര്‍.എസ് എം.എല്‍.എയുടെ പങ്കുള്ളതായി കൊല്ലപ്പെട്ട പ്രണയുടെ ഭാര്യ വ്യക്തമാക്കിയതാണ് തെലങ്കാനയില്‍ പുതിയ വിവാദങ്ങള്‍ക്ക് കാരണാമായത്.

കഴിഞ്ഞ ദിവസമാണ് പ്രണയ്കുമാര്‍ എന്ന ദളിത് യുവാവിനെ വെട്ടിക്കൊന്നത്. നല്‍ഗോണ്ട ജില്ലയിലെ മ്രിയാല്‍ഗുഡയില്‍ വെള്ളിയാഴ്ച ഉച്ചതിരിഞ്ഞായിരുന്നു സംഭവം.
ഗര്‍ഭിണിയായ ഭാര്യ അമൃത വര്‍ഷിണിയുടെ കണ്‍മുന്നിലിട്ടാണ് പ്രണയ് കുമാറിനെ വെട്ടിവീഴ്ത്തിയത്. ഇന്നലെ നടന്ന പ്രണയ് കുമാറിന്റെ സംസ്‌കാര ചടങ്ങുകളില്‍ ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് നല്‍ഗോണ്ടയിലും പരിസര പ്രദേശങ്ങളിലും നേരത്തെ തന്നെ കനത്ത പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.

കുടുംബത്തിന്റെ എതിര്‍പ്പ് മറികടന്ന് കഴിഞ്ഞ ജനുവരിയിലാണ് ഉയര്‍ന്ന ജാതിക്കാരിയായ അമൃത വര്‍ഷിണി കാമുകനായ പ്രണയ് കുമാറിനൊപ്പം ജീവിതം ആരംഭിച്ചത്. ഇതേതുടര്‍ന്ന് പ്രണയ് കുമാറിനെ കൊല്ലുമെന്ന് അമൃതയുടെ കുടുംബം നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി പൊലീസ് പറഞ്ഞു.

ഭര്‍ത്താവിന്റെ കൊലപാതകത്തിന് പിന്നാലെ തളര്‍ന്നുവീണ അമൃത ഇപ്പോഴും ആസ്പത്രിയില്‍ ചികിത്സയിലാണ്. തന്റെ ഗര്‍ഭം അലസിപ്പിക്കാനും വീട്ടിലേക്ക് തിരിച്ചു വരാനും പിതാവ് നിര്‍ബന്ധിച്ചതായി അമൃത മാധ്യമങ്ങളോട് പറഞ്ഞു.

‘കൂടുംബത്തിലെ ഏക മകളാണ് ഞാന്‍. കഴിഞ്ഞ ജനുവരിയിലാണ് ഞാന്‍ പ്രണയിയെ വിവാഹം കഴിക്കുന്നത്. വിവാഹ ശേഷം അപൂര്‍വമായാണ് എന്റെ അച്ഛനെ കാണാറുള്ളത്. അപ്പോഴൊക്കെ വീട്ടിലേക്ക് മടങ്ങാനും ഗര്‍ഭം അലസിപ്പിക്കാന്‍ എന്നോടു ആവശ്യപ്പെടാറുണ്ടായിരുന്നു, അമൃത പറഞ്ഞു.

കൊലപാതകത്തിന് രണ്ടുദിവസത്തിനു മുമ്പും ഗര്‍ഭഛിദ്രം നടത്താന്‍ ആവശ്യപ്പെട്ടിരുന്നു. ‘നിങ്ങള്‍ ഗര്‍ഭധാരണം അവസാനിപ്പിച്ച് മൂന്ന് വര്‍ഷത്തെ കുട്ടികളെ കൂടാതെ ജീവിക്കാന്‍ തയ്യാറായാല്‍, ഞാന്‍ നിങ്ങളുടെ വിവാഹം അംഗീകരിക്കുമെന്നായിരുന്നു അച്ഛന്‍ പറഞ്ഞത്.

നക്രെക്കല്‍ എം.എല്‍.എ വെമുല വീരഷം ഞങ്ങളെ കാണാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അയാളുടെ ചരിത്രം കണ്ട് പ്രണയവും ഞാനും ഭയക്കുയാണുണ്ടായത്.

നല്‍ഗൊണ്ടയിലെ പല ക്രിമിനല്‍ കേസുകളിലും അയാല്‍ ആയാള്‍ പങ്കാളിയാണെന്ന് വാര്‍ത്ത കണ്ടിരുന്നതുകൊണ്ടാണ് ഞങ്ങളെ ഭീതിയിലായത്.

പ്രണായിയുടെ അച്ഛനെതിരെ അയാള്‍ കേസ് കൊടുത്തിരുന്നു. പ്രണായക്കെതിരെ കേസുകള്‍ ഫയല്‍ ചെയ്യാനും പൊലീസിന് ഭീഷണിയുണ്ടായിരുന്നു, അമൃത പറഞ്ഞു


സംഭവവുമായി ബന്ധപ്പെട്ട് അമൃത വര്‍ഷിണിയുടെ പിതാവ് ടി മുരളീധര്‍ റാവു, അമ്മാവന്‍ ടി ശരവണ്‍ റാവു എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ചാണ് ഇവര്‍ പ്രണയ് കുമാറിനെ വകവരുത്തിയതെന്നും ഇതിന് പ്രതിഫലമായി പത്തു ലക്ഷം രൂപ നല്‍കിയതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതില്‍ അഡ്വാന്‍സ് തുകയായ അഞ്ച് ലക്ഷം രൂപ നേരത്തെ നല്‍കിയിരുന്നു.

തുടര്‍ന്ന് രണ്ടുമാസത്തെ തയ്യാറെടുപ്പുകള്‍ക്ക് ശേഷമാണ് ക്വട്ടേഷന്‍ സംഘം യുവാവിനെ കൊലപ്പെടുത്തിയത്. അഞ്ചുമാസം ഗര്‍ഭിണിയായ അമൃതയെ തന്റെ അമ്മ പ്രമീളയേയും കൂട്ടി ആസ്പത്രിയില്‍ കാണിച്ച് തിരിച്ചു വരും വഴിയാണ് പ്രണയ് കുമാറിനു നേരെ ആക്രമണമുണ്ടായത്.

ദമ്പതികളെ പിന്തുടര്‍ന്നെത്തിയ അക്രമി വടിവാള്‍ ഉപയോഗിച്ച് പ്രണയ്കുമാറിനെ വെട്ടുകയായിരുന്നു. സമീപത്തെ സിസിടിവിയില്‍ പതിഞ്ഞ ആക്രമണത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഭയന്ന് വിറച്ച അമൃത സഹായത്തിനായി കേഴുന്നത് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. അമൃതയും കൂടെ ഉണ്ടായിരുന്ന സ്ത്രീയും പ്രണയിയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.ഭര്‍ത്താവ് കണ്‍മുന്നില്‍ കിടന്നുപിടയുന്നത് കണ്ട അമൃത സഹായം തേടി ആസ്പത്രിയിലെത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭര്‍ത്താവിന്റെ കൊലപാതകത്തിന് പിന്നാലെ തളര്‍ന്നുവീണ അമൃത ഇപ്പോഴും ആസ്പത്രിയില്‍ ചികിത്സയിലാണ്.

chandrika: