വാഴയൂര്‍: രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാര ഏജന്‍സിയായ നാഷണല്‍ അസസ്‌മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സിലിന്റെ (നാക്) ഏറ്റവും ഉയര്‍ന്ന അംഗീകരമായ എ പ്ലസ്സ് പ്ലസ്സ് ഗ്രേഡ് നേടി വാഴയൂര്‍ സാഫി ഇന്‍സ്റ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ്.
കേരളത്തില്‍ എ പ്ലസ്സ് പ്ലസ്സ് കിട്ടുന്ന ആദ്യ സ്വാശ്രയ സ്ഥാപനം എന്ന ചരിത്ര നേട്ടമാണ് സാഫി നേടിയത്. 3.54 പോയന്റ് നേടിയാണ് സാഫി ഉന്നത വിദ്യാഭ്യാസ മേഖലയില്‍ അഭിമാനമായതെന്ന് ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു..
അക്കാദമിക മികവിന്റെയും അക്കാദമികേതര പ്രകടനങ്ങളുടെയും തുടര്‍ച്ചയായി യു.ജി.സി. നാക് അക്രഡിറ്റേഷനില്‍ ഉയര്‍ന്ന ഗ്രേഡ് കൈവരിച്ച് മികവിന്റെ കേന്ദ്രമായിരിക്കുകയാണ് സാഫി ഇന്‍സ്റ്റിറ്റിയൂട്ട് . സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ പുരോഗതി ലക്ഷ്യം വെച്ച് 2005 ല്‍ സ്ഥാപിതമായതാണ് ‘സോഷ്യല്‍ അഡ്വാന്‍സ്‌മെന്റ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ’ എന്ന സാഫി.
മലബാറിലെ സ്വകാര്യ ഉന്നതവിദ്യാഭ്യാസമേഖലയില്‍ തനത് മുദ്ര പതിപ്പിച്ച സാഫി ഇന്‍സ്റ്റിറ്റിയൂട്ട് , ഇതിനോടകം തന്നെ മലേഷ്യയിലെ ലിങ്കണ്‍ സര്‍വകലാശാലയുമായി ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്കുള്ള ധാരണാ പത്രം ഒപ്പു വയ്ക്കുകയും ഗവേഷണകേന്ദ്രമായി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്. കൂടുതല്‍ വിദേശ സര്‍വകലാശാലകളുമായി സാഫി ഇന്‍സ്റ്റിറ്റിയൂട്ടിനെ ലിങ്ക് ചെയ്ത് ആധുനിക ഗവേഷണ മേഖലയില്‍ മികച്ച മാതൃകയാക്കി മാറ്റിയെടുക്കുമെന്ന് ഡോ. ആസാദ് മൂപ്പന്‍ അറിയിച്ചു.
അടിസ്ഥാന സൗകര്യ വികസനം, അധ്യാപക പഠനമേഖലയിലെ സാങ്കേതിക നൈപുണ്യ വികസനം , ഗവേഷണ പദ്ധതികള്‍ തുടങ്ങിയ മേഖലകള്‍ക്ക് മാനേജ്‌മെന്റ് ഇനി പ്രത്യേക പരിഗണന നല്‍കുമെന്ന് സാഫി ട്രാന്‍സ്ഫര്‍മേഷന്‍ കമ്മിറ്റി പ്രസിഡന്റ് സി. എച്ച്.അബ്ദുല്‍ റഹീം അഭിപ്രായപ്പെട്ടു.