X

നജ്മല്‍ബാബുവിനെ ചേരമാന്‍ പള്ളിയില്‍ ഖബറടക്കാന്‍ വിസമ്മതിച്ച് കുടുംബം; സംസ്‌കാരം വിവാദത്തില്‍

തൃശൂര്‍: മനുഷ്യാവകാശ പ്രവര്‍ത്തകന്‍ നജ്മല്‍ ബാബുവിന്റെ മൃതദേഹം ചേരമാന്‍ പള്ളിയില്‍ ഖബറടക്കാന്‍ വിസമ്മതിച്ച് കുടുംബം. മരിക്കുന്നതിന് മുമ്പ് തന്നെ നജ്മല്‍ബാബു തന്റെ അന്ത്യാഭിലാഷമായി ചേരമാന്‍ പള്ളിയില്‍ ഖബറടക്കണമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ യുക്തിവാദികളാണ് തങ്ങളെന്നും അതിനാല്‍ പള്ളിയില്‍ ഖബറടക്കാന്‍ കഴിയില്ലെന്നും ജ്യേഷ്ഠ സഹോദരന്‍ പ്രേമചന്ദ്രന്‍ പറഞ്ഞു. ഇതിനെതിരെ നജ്മല്‍ബാബുവിന്റെ സുഹൃത്തുക്കളും മനുഷ്യാവകാശപ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്.

തന്റെ അന്ത്യാഭിലാഷം ചേരമാന്‍ പള്ളിയില്‍ ഖബറടക്കം നടത്തണമെന്നാണെന്ന് വ്യക്തമാക്കി മരിക്കുന്നതിന് മുമ്പ് ചേരമാന്‍ പള്ളി ഇമാമിന് നജ്മല്‍ബാബു കത്തെഴുതിയിരുന്നു. 2014-ലാണ് അദ്ദേഹം ഇസ്‌ലാം മതത്തിലേക്ക് വരുന്നത്. അതിന് മുമ്പ് 2013-ല്‍ പള്ളിഇമാമിന് എഴുതിയ കത്തിലാണ് അന്ത്യാഭിലാഷം എഴുതിയിരുന്നത്. ഇതിനെതിരെയാണ് കുടുംബം രംഗത്തെത്തിയിരിക്കുന്നത്.

അതേസമയം, നജ്മല്‍ബാബുവിന്റെ മൃതദേഹം പള്ളിയില്‍ അടക്കം ചെയ്യുന്നതിന് എതിര്‍പ്പില്ലെന്ന് ചേരമാന്‍പള്ളി ഭാരവാഹികള്‍ അറിയിച്ചു. പൊതുദര്‍ശനത്തിന് ശേഷം വൈകുന്നേരത്തോടെ മൃതദേഹം മറവുചെയ്യുമെന്നാണ് വിവരം. എന്നാല്‍ ബന്ധുക്കള്‍ ആവശ്യപ്പെട്ടതുപൊലെയാണോ സംസ്‌ക്കാരമെന്ന് വ്യക്തമല്ല.

നജ്മല്‍ബാബു പള്ളി ഇമാമിന് എഴുതിയ കത്തിന്റെ രൂപം

പ്രിയപ്പെട്ട സുലൈമാന്‍ മൗലവിക്ക്,

വിചിത്രമെന്ന് തോന്നാവുന്ന ഒരു ആവശ്യമാണ് നിങ്ങള്‍ക്കുമുന്നില്‍ സമര്‍പ്പിക്കുന്നത്. ഞാനൊരു വിശ്വാസിയൊന്നുമല്ല. വിശ്വാസങ്ങളുടെ വൈവിധ്യഭംഗിയിലാണ് ഒരുപക്ഷേ എന്റെ വിശ്വാസം.
ജീവിതത്തിലുടനീളം എന്റെ ഏറ്റവുമടുത്ത സുഹൃത്തുക്കള്‍ എന്നും മുസ്ലിംകളായിരുന്നു ഇപ്പോഴും !

ഞാന്‍ മരിക്കുമ്പോള്‍ എന്നെ ചേരമാന്‍ പള്ളിയുടെ വളപ്പില്‍ സംസ്‌കരിക്കുവാന്‍ കഴിയുമോ?
നോക്കൂ! മൗലവീ, ജനനം ‘തിരഞ്ഞെടുക്കുവാന്‍’ നമുക്ക് അവസരം ലഭിക്കുന്നില്ല. മരണവും മരണാനന്തരവും നമ്മുടെ ഇഷ്ടത്തിനു നടക്കുന്നതല്ലേ ശരി?

എന്റെ ഈ അത്യാഗ്രഹത്തിന് മതപരമായ ന്യായങ്ങള്‍ കണ്ടെത്തുവാന്‍ പണ്ഡിതനായ നിങ്ങള്‍ക്ക് കഴിയുമെന്നാണ് എന്റെ ഉറച്ച വിശ്വാസം. ഇങ്ങിനെ ഒരു ജോയിയുടെ സൃഷ്ടികൊണ്ട് കാരുണ്യവാനായ ദൈവം എന്തെങ്കിലും ഉദ്ദേശിച്ചിട്ടുണ്ടാവില്ലേ?

ജനിച്ച ഈഴവജാതിയുടെ ജാതിബോധം തീണ്ടാതിരിക്കുവാനാണ് അച്ഛന്‍ എന്നെ മടിയില്‍ കിടത്തി അന്ന് ‘ജോയ്’ എന്ന് പേരിട്ടത്. ബാബരിപള്ളി തകര്‍ക്കലിനും ഗുജറാത്ത് വംശഹത്യക്കും ശേഷം എന്റെ സുഹൃത്തുക്കളുടെ സമുദായം ‘മാത്രം’ സഹിക്കുന്ന വിവേചനങ്ങളില്‍ ഞാന്‍ അസ്വസ്ഥനാണ്. ഇതിനെതിരായ ‘മുസ്ലിം സാഹോദര്യങ്ങളുടെ’ പ്രതിഷേധത്തില്‍ ഞാന്‍ അവരോടൊപ്പമാണ്.

മുസ്ലിം സമുദായത്തിലെ അനേകരോടൊപ്പം എന്റെ ഭൗതികശരീരവും മറവുചെയ്യണമെന്ന എന്റെ സ്വപ്‌നം സാക്ഷാത്കരിക്കുവാന്‍,
പിന്നില്‍ ആരവങ്ങളൊന്നുമില്ലാത്ത ഒരു ദുര്‍ബലന്റെ പിടച്ചിലില്‍ മൗലവി എന്നോടൊപ്പമുണ്ടാകുമെന്ന് ഇപ്പോള്‍ എനിക്ക് ഏതാണ്ടുറപ്പാണ്.

നിര്‍ത്തട്ടെ,
സ്‌നേഹത്തോടെ,
സ്വന്തം കൈപ്പടയില്‍

ടി എന്‍ ജോയ്
മുസ്രിസ്സ്. ഡിസം. 13/ 2013
(ഒപ്പ്)

chandrika: