ഇസ്രാഈല്‍ സൈന്യം മകളെ വെടിവെച്ചു കൊന്ന് ഒരാഴ്ച പിന്നിടുന്നതിനിടെ റസാന്‍ അല്‍ നജറിന്റെ പാത പിന്തുടര്‍ന്ന് മാതാവ് സബ്രീന്‍ അല്‍ നജറും. ഗാസ അതിര്‍ത്തിയില്‍ വെള്ളിയാഴ്ച നടന്ന വെടിവെയ്പില്‍ പരിക്കേറ്റവരെ ശുശ്രൂഷിക്കുന്നതിനായാണ് സബ്രീനെത്തിയത്.
ചോരയില്‍ കുളിച്ച റസാന്റെ യൂണിഫോം അണിഞ്ഞായിരുന്നു പലസ്തീനിയന്‍ മെഡിക്കല്‍ റിലീഫ് സൊസൈറ്റി പ്രവര്‍ത്തകര്‍ക്കൊപ്പം സബ്രീന്‍ പരിക്കേറ്റവരെ പരിചരിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് നെഞ്ചിന് വെടിയേറ്റ റസാന്‍ കൊല്ലപ്പെടുന്നത്. വെടിവെയ്പിനിടെ നഴ്‌സിംഗ് യൂണിഫോമില്‍ ജോലി ചെയ്തു കൊണ്ടിരുന്ന റസാന്‍ അതിര്‍ത്തിയില്‍ ആതുരശുശ്രൂഷകര്‍ ചെയ്യുന്ന പോലെ കൈകള്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നെങ്കിലും ഇസ്രാഈല്‍ അവരെ വെടിവെച്ച് വീഴ്ത്തുകയായിരുന്നു.
‘എല്ലാ പലസ്തീനി പെണ്‍കുട്ടികളും റസാനാണ്, മുഴുവന്‍ പലസ്തീനി ഉമ്മമാരും റസാനാണ്. ജീവനര്‍പ്പിച്ചും ഞങ്ങളവളുടെ പാതയില്‍ മുന്നേറും’ കഴിഞ്ഞ ദിവസം പലസ്തീന്‍ മാധ്യമമായ അല്‍ ഹദാത്തിന് നല്‍കിയ അഭിമുഖത്തില്‍ സബ്രീന്‍ പറഞ്ഞിരുന്നു.
തന്റെ മകള്‍ ധീരയായിരുന്നുവെന്നും ഇസ്രാഈലി സ്നൈപ്പര്‍മാരെ അവളൊരിക്കലും ഭയപ്പെട്ടിരുന്നില്ലെന്നും സബ്രീന്‍ പറഞ്ഞിരുന്നു.