ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ത്ഥി നജീബിനെ കാണാതായിട്ട് ഇന്നേക്ക് 22 ദിവസം. എബിവിപി പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ചവശനാക്കിയ നജീബിനെ പിന്നീട് കാണാതാവുകയായിരുന്നു. നജീബിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ജെഎന്‍യുവില്‍ നടന്നു വരുന്ന പ്രതിഷേധം അനുദിനം കരുത്താര്‍ജിക്കുകയുമാണ്.
കഴിഞ്ഞ ദിവസം ജെഎന്‍യുവിലെ ഫുട്‌ബോള്‍ ടീം കളിക്കിറങ്ങിയപ്പോള്‍ കാണികളെയും മാച്ച് ഒഫീഷ്യല്‍സിനെയും ഞെട്ടിച്ചത് കളിക്കാരുടെ പേര് തന്നെയായിരുന്നു. എല്ലാ താരങ്ങളുടെയും പേര് ഒന്നു തന്നെ. നജീബ്… തങ്ങളുടെ പേരുകള്‍ക്ക് മുകളില്‍ നജീബിന്റെ പേരെഴുതിയ സ്റ്റിക്കര്‍ ഒട്ടിക്കുയായിരുന്നു ഇവര്‍.
മലയാളി കൂട്ടായ്മയായ റെഡ്സ്റ്റാര്‍ ജെഎന്‍യുവാണ് വേറിട്ട പ്രതിഷേധമുയര്‍ത്തിയത്. മലയാള മനോരമ ഗ്രൂപ്പ് സംഘടിപ്പിച്ച കാപിറ്റല്‍ കാര്‍ണിവല്‍ ടൂര്‍ണമെന്റാണ് വേറിട്ട പ്രതിഷേധത്തിനിടമൊരുക്കിയത്. നജീബിനെ കണ്ടെത്തുകയെന്നെഴുതിയ ആംബാന്റും ഇവര്‍ ധരിച്ചിരുന്നു.