X
    Categories: MoreViews

നമ്മക്കറിഞ്ഞൂടേ….എന്തായാലും കെട്ട്യോനും കെട്ട്യോളും അല്ല ഉറപ്പ്!

നജീബ് മൂടാടി

നമ്മക്കറിഞ്ഞൂടേ….എന്തായാലും കെട്ട്യോനും കെട്ട്യോളും അല്ല ഉറപ്പ്!

മധുവിധു കാലമൊക്കെ പിന്നിട്ട
ഒരു ആണും പെണ്ണും, പ്രണയപൂര്‍വ്വം
ചേര്‍ത്തു പിടിച്ചും കൈകള്‍ കോര്‍ത്തും കിന്നാരം പറഞ്ഞു നടക്കുന്നത് കാണുമ്പോള്‍, ആണോ പെണ്ണോ ടെലിഫോണില്‍ ഏറെനേരം അടക്കിപ്പിടിച്ച ശൃംഗാരവര്‍ത്തമാനം നടത്തുമ്പോള്‍, ഫേസ്ബുക്ക് വാളില്‍ പ്രണയവരികള്‍ കുറിക്കുമ്പോള്‍ പൊതുവേ എന്താണ് കാഴ്ചക്കാര്‍ നിരൂപിക്കുക. യഥാക്രമം രണ്ടും ചുറ്റിക്കളിയാണ്, ലൈനിനെ വിളിക്കുകയാണ്, ഏതോ ഒന്ന് വലയില്‍ വീണിട്ടുണ്ട് അതിന്റെ ഇളക്കമാണ്…. എന്നൊക്കെയല്ലേ.
അങ്ങനെ നടക്കുന്നത് ദമ്പതികള്‍ ആണ്, ഫോണില്‍ സംസാരിക്കുന്നത് കെട്ട്യോനുമായി/കെട്ട്യോളുമായി ആണ്. പ്രണയവരികള്‍ ജീവിതപങ്കാളിയെ കുറിച്ചാണ് എന്ന് ചിന്തിക്കാന്‍ തോന്നാത്തത് എന്തുകൊണ്ടാണ്. വിവാഹജീവിതത്തില്‍ മധുവിധുകാലം കഴിഞ്ഞാല്‍, പ്രത്യേകിച്ചും കുട്ടികള്‍ ഒക്കെ ആയി ജീവിക്കാനുള്ള ഓട്ടപ്പാച്ചിലിനിടയില്‍ ഇതൊക്കെ ഇല്ലാതാവും എന്നാണോ?.
ദാമ്പത്യം എന്നത് ഇത്രമേല്‍ പ്രണയം വറ്റിപ്പോയ ശൃംഗാരവും ‘ഒലിപ്പിക്കലും’ അനുരാഗവും ഒന്നുമില്ലാത്ത വരണ്ടുപോയ, അല്ലെങ്കില്‍ ഇതൊന്നും പാടില്ലാത്ത ഇടമാണ് എന്ന് നാം സ്ഥിരീകരിച്ചു കഴിഞ്ഞോ!
മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ജീവിതപങ്കാളിയോടൊപ്പം കൈകള്‍ കോര്‍ത്തും പ്രണയപൂര്‍വ്വം ചേര്‍ത്തു പിടിച്ചും നടക്കാന്‍ മടിക്കുന്നവര്‍, ദീര്‍ഘനേരം സംസാരിക്കാന്‍ താത്പര്യമില്ലാത്തവര്‍, ഇണയെ കുറിച്ചു നാല് പ്രണയവരികള്‍ ഉള്ളില്‍ ഊറി വാരാത്തവര്‍… ഇവരൊക്കെയും
കാമുകന്റെ/കാമുകിയുടെ കൂടെ ഇങ്ങനെ നടക്കുന്നതിലും, ഏറെ നേരം സംസാരിക്കുന്നതിലും(ചാറ്റുന്നതിലും) അവള്‍ക്കായി/അവനായി നിര്‍ലോഭം പ്രണയവരികള്‍ എഴുതുന്നതിലും ആഹ്ലാദം കണ്ടെത്തുന്നത് എന്തു കൊണ്ടാവും?
ദാമ്പത്യജീവിതത്തില്‍ പ്രണയം പറ്റെ ഇല്ലാതാവുകയും മൊബൈലും ഇന്റര്‍നെറ്റും തുറന്നു വെച്ച അനന്ത സാധ്യതകളിലൂടെ സൈബര്‍ ‘ഒളിസേവ’യടക്കം അവിഹിത ബന്ധങ്ങള്‍ പെരുകി വരികയും ചെയ്യുന്ന ഇക്കാലത്ത് ഉള്ളിലുയരുന്ന സന്ദേഹമാണ്.  ആരെയും വിധിക്കാനല്ല. എന്തുകൊണ്ട് ഇങ്ങനെ എന്നറിയാനുള്ള കൗതുകം.

chandrika: