X

നജീബിന്റെ തിരോധാനം: ജെ.എന്‍.യു ചീഫ് പ്രൊക്ടര്‍ രാജിവെച്ചു

ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ത്ഥി നജീബിന്റെ തിരോധാനവും അനുബന്ധ സംഭവങ്ങളും അന്വേഷിക്കുന്ന ജെ.എന്‍.യു ചീഫ് പ്രൊക്ടര്‍ എ.പി ദിംരി തല്‍സ്ഥാനം രാജിവെച്ചു. ജെ.എന്‍.യു ഭരണ സമിതിയുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് രാജിയെന്നാണ് റിപ്പോര്‍ട്ട്. നജീബിനെ ക്യാമ്പസില്‍ വെച്ച് എ.ബി.വി.പി.ക്കാര്‍ അക്രമിച്ച സംഭവമുള്‍പ്പെടെ ദിംരി അന്വേഷിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് നാല് എബിവിപി പ്രവര്‍ത്തകര്‍ക്ക് ദിംരി ഷോകോസ് നോട്ടീസ് നല്‍കിയിരുന്നു.

ഇത് ജെ.എന്‍.യു അധികാരികളെ ചൊടിപ്പിച്ചതായും അദ്ദേഹത്തിന്റെ മേല്‍ സമ്മര്‍ദ്ദം ചെലുത്തിയതായും ഇതാണ് രാജിയിലേക്കെത്തിച്ചതെന്നുമാണ് റിപ്പോര്‍ട്ട്. എന്നാല്‍ ദിംരി സമര്‍പ്പിച്ച രാജിക്കാര്യത്തില്‍ കാരണം വ്യക്തമാക്കിയിട്ടില്ല. അതേസമയം ദിംരിയുടെ രാജികത്ത് ലഭിച്ചതായി സര്‍വകലാശാല അധികൃതര്‍ സ്ഥിരീകരിച്ചു. 2016 ഒക്ടോബര്‍ 15നാണ് നജീബിനെ കാണാതായത്. സംഭവം രാജ്യശ്രദ്ധ നേടുകയും ചെയ്തു. നജീബ് എവിടെയെന്ന ചോദ്യം ഇപ്പോഴും ക്യാമ്പസില്‍ അലയടിക്കുകയാണ്.

ഇതുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ സമര രംഗത്തുണ്ട്. എന്നാല്‍ തുടക്കം മുതലെ നിഷേധാത്മക നിലപാടാണ് ജെ.എന്‍.യു അധികാരികള്‍ സ്വീകരിക്കുന്നത്. അതിനിടെ നജീബിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഡല്‍ഹി പൊലീസ് പത്ത് ലക്ഷം വാഗ്ദാനം ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്‌തെങ്കിലും കേസിന് കാര്യമായ പുരോഗതിയൊന്നും വന്നിട്ടില്ല.

chandrika: