കെ.ടി ജലീലിന്റെ നേതൃത്വത്തില്‍ ലീഗ് വിരോധികളായ എം എല്‍ എ മാരെ അണിനിരത്തി പുതിയ പാര്‍ട്ടി രുപീകരിക്കുമെന്ന വാര്‍ത്തകളോട് പ്രതികരിച്ച് മുസ്ലിം യൂത്ത് ലീഗ് സീനിയര്‍ വൈസ് പ്രസിഡണ്ട് നജീബ് കാന്തപുരം. മുസ്ലിം ലീഗ് പാര്‍ട്ടി അതിന്റെ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്ന കാലത്തോളം ഒരു കൂറുമുന്നണിയും പാര്‍ട്ടിക്ക് ഭീഷണിയല്ലെന്നായിരുന്നു നജീബ് കാന്തപുരത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.
പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം.
മുസ്ലിം ലീഗിനെതിരെ വിശാല സഖ്യമായി പുതിയ പാര്‍ട്ടി പിറക്കുന്നു എന്ന വാര്‍ത്ത കേള്‍ക്കുമ്പോള്‍ സ്വാഭാവികമായും ഒരു സംശയം ഉയരുന്നുണ്ട്. അപ്പോള്‍ ഇപ്പറയപ്പെട്ട പ്രസ്ഥാനങ്ങളെല്ലാം ഇതു വരെ ലീഗ് ജയിക്കാന്‍ യാസീന്‍ ഓതിയവരാണോ ? ഏതെങ്കിലുമൊരു ഘട്ടത്തില്‍ മുസ്ലിം ലീഗിനു നല്ലത് വരാന്‍ കൂടെ നില്‍ക്കാത്തവര്‍ ഇപ്പോള്‍ ലീഗിനെതിരെ കൂട്ടായി നില്‍ക്കുന്നു എന്ന് പറയുന്നതില്‍ എന്ത് കൗതുകമാണുള്ളത്. കാലാകാലം ഭരണമുറപ്പിക്കാന്‍ മന:പ്പായസമുണ്ണുന്നവരുടെ അധികാര ദുരയില്‍ നിന്നുണ്ടാകുന്നതാണ് പുതിയ പാര്‍ട്ടി.കല്ല് കരട് കാഞ്ഞിരക്കുറ്റി മുതല്‍ മുള്ള് മുരട് മൂര്‍ഖാന്‍ പാമ്പ് വരെ ലീഗിനെതിരെ അണി നിരന്ന കാലത്തും മുസ്ലിം ലീഗ് ഒലിച്ച് പോയിട്ടില്ല. ലീഗ് അതിന്റെ നിലപാടുകളില്‍ ഉറച്ച് നില്‍ക്കുന്ന കാലത്തോളം ഈ പാര്‍ട്ടിക്ക് ഒരു കുറു മുന്നണിയും ഭീഷണിയല്ല. മുസ്ലിം ലീഗിനെ തകര്‍ക്കാന്‍ മനക്കോട്ട കെട്ടുന്നവര്‍ ഒരേ കുടക്കീഴില്‍ സംഘടിച്ചാലും ഒരേ മുഖം മൂടിയണിഞ്ഞെത്തിയാലും രാഷ്ട്രീയ സത്യ സന്ധത ഉയര്‍ത്തിപ്പിടിച്ച് തന്നെ മുസ്ലിം ലീഗ് മുന്നോട്ട് പോവും. ഇന്ന് പുതിയ പാര്‍ട്ടിയുണ്ടാക്കുന്നുവെന്ന് നിങ്ങള്‍ പറയുന്ന ഏതെങ്കിലും പ്രസ്ഥാനങ്ങള്‍ ഏതെങ്കിലും സഹചര്യത്തില്‍ ലീഗിനെ സഹായിച്ചിട്ടുണ്ടോ?..ഇല്ല. പല പാത്രങ്ങളില്‍ നിന്ന് ഒരേ ഇലയില്‍ വിളമ്പിയ സദ്യ ഇനി അതേ ഇലയില്‍ കൂട്ടിക്കുഴച്ച് തരാന്‍ പോകുന്നുവെന്ന് മാത്രം. അതാണ് ഇനി ലീഗിനെതിരെ പിറക്കാനിരിക്കുന്ന പരീക്ഷണം. എതിരാളികളേ..എന്തിനു മടിക്കണം. ഒളിഞ്ഞും തെളിഞ്ഞും ഒക്കത്തും മടിയിലുമായി കൊണ്ട് നടന്ന സുഡാപ്പികളെ മാത്രം എന്തിനു വഴിയില്‍ നിര്‍ത്തണം. അവരെ കൂടെ ഒപ്പം ചേര്‍ത്തോളൂ. എന്നാലും , ഹരിതക്കൊടി വാനിലുയര്‍ത്തി ആര്‍ക്ക് മുമ്പിലും അടിയറവ് പറയാതെ ഞങ്ങള്‍ മുന്നോട്ട് തന്നെ കുതിക്കും.ശബ്ദം തൊണ്ടയില്‍ മരിച്ചു പോയ ഒരു സമൂഹത്തിന് ജനാധിപത്യ ബോധം കൊണ്ട് ശബ്ദം നല്‍കിയ പ്രസ്ഥാനമാണ് മുസ്ലിം ലീഗ്. ചില തെരെഞ്ഞെടുപ്പുകളില്‍ നിങ്ങള്‍ക്ക് ജയിച്ചു കയറാന്‍ പറ്റിയിട്ടുണ്ടാവാം. അതിന്റെ ആയിരമിരട്ടി കുതിര ശക്തിയോടെ ഞങ്ങള്‍ തിരിച്ചു വന്നിട്ടുണ്ട്. നിങ്ങള്‍ക്ക് തെരെഞ്ഞെടുപ്പുകളിലെ താല്‍ക്കാലിക ജയം മാത്രമാണ് ലക്ഷ്യം. എന്നാല്‍ ഞങ്ങള്‍ക്ക് ഒരു സമൂഹത്തിന്റെ അഭിമാനകരമായ അതിജീവനമാണ് ലക്ഷ്യം. അതു കൊണ്ട് ഓലപ്പാമ്പുകള്‍ കൊണ്ട് ഞങ്ങളെ വിരട്ടാന്‍ വരേണ്ട.