X

അനാഥകുട്ടികളുടെ വിദ്യാഭ്യാസ പദ്ധതിയുമായി നജീബ് കാന്തപുരം എം എല്‍ എ

അനാഥ കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ പദ്ധതിയുമായി നജീബ് കാന്തപുരം എംഎല്‍എ. വീട് പുലര്‍ത്തിയിരുന്ന ആള്‍ പെട്ടെന്ന് മരണപ്പെടുമ്പോള്‍ അനാഥമാകുന്ന കുടുംബങ്ങളിലെ കുട്ടികളുടെ പഠനം ഏറ്റെടുക്കുന്ന പദ്ധതിയുമായി നജീബ് കാന്തപുരം എംഎല്‍എ. ക്രിയാ വിദ്യാഭ്യാസ പദ്ധതിയിലൂടെയാണ് പഠനം ഏറ്റെടുക്കുക. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് വഴിയാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്.

കുറുപ്പിന്റെ പൂര്‍ണ്ണരൂപം

വീട് ഇരുട്ടായി പോയവരുടെ കൂടെ…

കഴിഞ്ഞ ദിവസം എന്റെ നിയോജകമണ്ഡലത്തിലെ മണ്ണാര്‍ മലയില്‍ മരണപ്പെട്ട യുവാവിന്റെ വീട്ടില്‍ നിന്ന് ഇറങ്ങി പോന്നതിനു ശേഷം മനസില്‍ നിന്ന് ഒരു നീറ്റല്‍ മാറുന്നേയില്ല.

വഴിയോരക്കച്ചവടക്കാരനായിരുന്ന ആ നാല്‍പത്തി രണ്ടു കാരന്റെ മൂന്ന് മക്കളുടെ മുഖമാണ് മനസു നിറയെ.

ഞാന്‍ അവിടെയെത്തിയപ്പോള്‍ ആ മൂന്ന് കുഞ്ഞു മക്കള്‍ എന്നെ പറ്റി ചേര്‍ന്ന് നിന്നു. അവര്‍ക്ക് അവരുടെ ഉപ്പയെ പറ്റി എന്തൊക്കെയോ പറയണമെന്ന് തോന്നി. എന്റെ കണ്ണു നിറയാതിരിക്കാന്‍ ഞാന്‍ ആവുന്നതും നോക്കി.

എന്റെ ഉപ്പ ഞങ്ങളെ പിരിയുമ്പോള്‍ ഇതുപോലെ മൂന്ന് സഹോദരങ്ങളായിരുന്നു എന്റെ ചുറ്റും.
ഒരാള്‍ നമ്മുടെ ജീവിതത്തില്‍ നിന്ന് പൊടുന്നനെ മാറുമ്പോള്‍ ആ വീട് എങ്ങനെയാണ് ഇരുട്ടിലാവുകയെന്ന് എനിക്ക് അനുഭവം കൊണ്ട് തന്നെ അറിയാം.

ഞാന്‍ അവിടെയുള്ള ബന്ധുക്കളോട് പറഞ്ഞു. ഈ കുട്ടികളെ ഞങ്ങള്‍ പഠിപ്പിച്ചോളാം. അവരുടെ ഭാവിയിലെ എല്ലാ പഠനവും ഞങ്ങള്‍ ഏറ്റെടുക്കാം.ഞങ്ങള്‍ കാറില്‍ കയറി തിരിച്ചു വരുമ്പോള്‍ ഞാന്‍ ചോദിച്ചു.

ഇത് പോലെ തന്നെ ഒരുപാട് കുട്ടികള്‍ നമ്മുടെ മണ്ഡലത്തിലുണ്ടാവുമോ ?

അവര്‍ പറഞ്ഞു. ഉണ്ടാവും.
അപ്പോള്‍ അവരെ കൂടെ നമ്മള്‍ ഏറ്റെടുത്താലോ ?

ഉറപ്പായും…

അതെ,
ഉറപ്പായുമുണ്ടാകും.
വീട് പുലര്‍ത്തിയിരുന്ന ആള്‍ പൊടുന്നനെ മരണപ്പെട്ട് പോയ കുടുംബങ്ങള്‍.

ഞങ്ങള്‍ അവരെ ഏറ്റെടുക്കുകയാണ്.
മണ്ഡലത്തിലെ ഏത് കുടുംബത്തിനും അപേക്ഷ നല്‍കാം.

ആ കുടുംബത്തിന്റെ പഠന കാര്യങ്ങള്‍ നോക്കാന്‍ അവരുടെ വാര്‍ഡ് മെംബറെ തന്നെ ചുമതലപ്പെടുത്തുകയുമാവാം.

ക്രിയ ഇനി അനാഥരായ കുട്ടികളുടെ രക്ഷിതാവായുണ്ടാകും.
ഇന്‍ഷാ അല്ലാഹ്

webdesk11: