സംഘ് പരിവാറിന് വേരാഴ്ത്താന്‍ കഴിയാത്ത ഡല്‍ഹിയിലെ സെക്കുലര്‍ മണ്ണില്‍ ഗാന്ധിത്തൊപ്പി വച്ച് നിലമുഴുതാണ് പണ്ട് അണ്ണാഹസാരെ നിലമൊരുക്കിക്കൊടുത്തത്. അന്നത്തെ കള്ളക്കളികള്‍ സംഘികളുടെ ക്വട്ടേഷനായിരുന്നുവെന്ന് തിരിച്ചറിയാന്‍ നാം കുറച്ച് കാലം കാത്തിരിക്കേണ്ടി വന്നു. ഇതേ മണ്ണൊരുക്കലാണിപ്പോള്‍ കേരളത്തില്‍ നടക്കുന്നത്. തന്റെ ദുരഭിമാനവും താല്‍ക്കാലിക നേട്ടങ്ങളുമാകാം പിണറായിയെ ഇപ്പണി ചെയ്യിക്കുന്നത്. എന്നാല്‍ ഉഴുതുമറിച്ച് കൊടുക്കുന്ന ഈ നിലം എന്നെന്നേക്കുമായി സംഘികള്‍ പാട്ടത്തിനെടുക്കുമെന്നറിയാന്‍ അധികം കാത്തിരിക്കേണ്ടി വരില്ല. അല്ലെങ്കില്‍ പലരും പറയും പോലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അവസാന മുഖ്യമന്ത്രിയെന്ന മേല്‍വിലാസം കൂടി തനിക്ക് തന്നെയാവണമെന്ന കുടില മനസ്സ്‌കൂടി പിണറായി വിജയനുണ്ടോ?
ആര്‍.എസ്.എസ് എന്ന കാട്ട് കടന്നലിനാണ് ഏതായാലും ഇടത് സര്‍ക്കാര്‍ കൂടൊരുക്കിക്കൊടുക്കുന്നത്. അടുത്ത ലോക്‌സഭാ തെരെഞ്ഞെടുപ്പിനുള്ള പുതിയ റെസിപ്പി തയ്യാറാക്കുന്ന തിരക്കില്‍ പിണറായിക്ക് മുമ്പില്‍ ഒരു ശത്രുവേയുള്ളൂ. ശത്രുവിന്റെ ശത്രുക്കളെല്ലാം പിണറായിക്ക് മിത്രങ്ങളാണ്. കോണ്‍ഗ്രസിന് വരേണ്ട വോട്ടുകള്‍ സംഘികള്‍ക്ക് മറിച്ച് കൊടുത്ത് ജയമുറപ്പിക്കാനുള്ള കുടില തന്ത്രമാണിപ്പോള്‍ പിണറായിയുടെ മനസ്സില്‍. എന്നാല്‍ അവനവന്റെ കാലിന് ചുവട്ടില്‍ നിന്നാണ് മണ്ണൊലിക്കുന്നതെന്ന് ഇടത്പക്ഷം തിരിച്ചറിയാന്‍ ഈ തെരെഞ്ഞെടുപ്പ് വരെ കാത്തിരുന്നാല്‍ മതിയാവും. യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസില്‍ നിന്നല്ല സി.പി.എമ്മില്‍ നിന്നാണ് പ്രവര്‍ത്തകര്‍ സംഘി കൂടാരത്തിലേക്ക് ചുവട് മാറുന്നതെന്ന് തിരിച്ചറിയാത്തത് പിണറായി മാത്രമാണ്. ഇത് എം.എം ലോറന്‍സിന്റെ പേരക്കുട്ടിയുടെ മാത്രം കഥയല്ല. നാട്ടിന്‍ പുറത്തെ സഖാക്കള്‍ കാവിത്തുണിയിലേക്ക് മാറുന്നതിന്റെ നേര്‍ക്കാഴ്ചയാണ്.
കോണ്‍ഗ്രസ് എത്ര ആത്മാര്‍ത്ഥതയോടെയാണ് സംഘ് പരിവാറിനെ ചെറുക്കുന്നതെന്ന് കര്‍ണ്ണാടകയിലെ വിജയക്കൂട്ട് മാത്രം പരിശോധിച്ചാല്‍ മതി. ബെല്ലാരിയിലെ കൊലകൊമ്പന്മാരെ പതിനാലു വര്‍ഷത്തെ ആധിപത്യത്തില്‍നിന്ന് കോണ്‍ഗ്രസ് വലിച്ച് താഴെയിട്ടത് എത്ര അഭിമാനകരമായാണ്. നടപടിയിലാണ് കാര്യം. അല്ലാതെ പുത്തരിക്കണ്ടം മൈതാനത്തിലെ മറുപടിയിലല്ല. സംഘ് പരിവാറിനെ വാക്കുകൊണ്ട് പുറമെ ആക്രമിക്കുകയും അകമേ ചേര്‍ത്ത് പിടിക്കുകയും ചെയ്യുന്നുവെന്ന സംശയം ജനിപ്പിക്കുന്ന ഈ നാല് ചോദ്യങ്ങള്‍ക്ക് താങ്കള്‍ മറുപടി പറയുമോ? 1. ശബരിമലയില്‍ സംഘ്പരിവാര്‍ തമ്പടിക്കുന്നത് തടയാനോ കൊലവിളി നടത്തി അടിച്ച് കൊല്ലാന്‍ ആഹ്വാനം ചെയ്യുന്നവരെ പോലും കസ്റ്റഡിയിലെടുക്കാനോ താങ്കള്‍ക്ക് കഴിയാത്തതെന്ത് കൊണ്ടാണ്? 2. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടിട്ട് പോലും എന്ത് കൊണ്ടാണ് താങ്കള്‍ ബി.ജെ.പി അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയെ അറസ്റ്റ് ചെയ്യാത്തത്? 3. വത്സന്‍ തില്ലങ്കേരിയുടെ കയ്യില്‍ മൈക്ക് കൊടുത്ത് സംഘികള്‍ക്ക് കൊലവിളി നടത്താന്‍ അവസരം നല്‍കിയ പൊലീസ് മേധാവിക്കെതിരെ എന്ത് നടപടിയാണ് താങ്കള്‍ കൈക്കൊണ്ടത്? 4. ശബരിമലയില്‍ പ്രകോപനമുണ്ടാക്കുന്ന തരത്തില്‍ കലാപാഹ്വാനം നടത്തിയ ഏതെങ്കിലും സംഘി നേതാവിനെതിരെ ഇതുവരെ പൊലീസ് ഗൗരവമുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ടോ?
ഇല്ല മുഖ്യമന്ത്രീ, താങ്കളുടെ കയ്യില്‍ അധികാരമുണ്ട്. ആ അധികാരത്തിന്റെ ചെറുവിരല്‍ പോലും സംഘികളുടെ കലാപ നീക്കത്തിനെതിരെ അനക്കാതെ താങ്കള്‍ കാണിക്കുന്ന വാക് പയറ്റ് പത്രങ്ങളിലെ വാചക മേളയില്‍ ഇടം നേടാന്‍ മാത്രമെ ഉപകരിക്കൂ. സംഘികളും നിങ്ങളും ഒരേ ഡി.എന്‍.എയില്‍ നിന്നാണ് വരുന്നത്. കേരളത്തില്‍ അത് സയാമീസ് ഇരട്ടകളാണ്. കൂലിയെഴുത്തുകാരുടെ വാചകക്കസര്‍ത്തുകൊണ്ട് താങ്കള്‍ക്ക് വസ്തുതകളെ മണ്ണിട്ട് മൂടാനാവില്ല. നിങ്ങള്‍ക്ക് ചൂണ്ടിക്കാട്ടാന്‍ സംഘികള്‍ വേണം. സംഘികള്‍ക്ക് ചൊറിയാന്‍ നിങ്ങളും വേണം. പരസ്പരം പാലൂട്ടുന്ന നിങ്ങള്‍ രണ്ട് പേര്‍ക്കും വേണ്ടത് കോണ്‍ഗ്രസിന്റെ പതനമാണ്. ആ പൊതു ലക്ഷ്യത്തിനായി കാണിക്കുന്ന ഈ നാടകം ഏറെ നാള്‍ തുടരാനാവില്ല. കമ്യൂണിസ്റ്റ് സര്‍ക്കാര്‍ തോറ്റമ്പിയ ത്രിപുരയും ബംഗാളും ഇതിന്റെ മികച്ച തെളിവുകളാണ്. ഇപ്പോള്‍ നിങ്ങള്‍ക്ക് പി.കെ ശശിയുടെ കമ്യൂണിസ്റ്റ് ആരോഗ്യമുണ്ടാവാം. പക്ഷേ അധികം വൈകാതെ പാര്‍ട്ടിയെ ഐ.സി.യുവില്‍ കിടത്തേണ്ടി വരും. അപ്പോഴും താങ്കള്‍ സങ്കിചാപ്പ കുത്തി അപമാനിക്കുന്ന കോണ്‍ഗ്രസ് ഇവിടെയുണ്ടാവും. നെഞ്ച് വിരിച്ച് ആര്‍.എസ്.എസിനോട് പൊരുതാന്‍. താങ്കള്‍ക്ക് ഉപദേശകരേ ഉള്ളൂ. ചരിത്ര ബോധം വളരെ കുറവാണ്.
നജീബ് കാന്തപുരം
- 6 years ago
ചന്ദ്രിക വെബ് ഡെസ്‌ക്
Categories:
Video Stories
പിണറായി കേരളത്തിലെ അണ്ണാഹസാരെയോ?
Tags: shabarimala
Related Post