X

മോദിജീ, ബന്ധങ്ങള്‍ നഷ്ടമാകുന്നത് ചന്ദ്രയാന്റെ കാര്യത്തില്‍ മാത്രമല്ല, കശ്മീര്‍, അസം ജനതയുടെ കാര്യത്തിലെല്ലാം സങ്കടകരമാണ്

നജീബ് കാന്തപുരത്തിന്റെ ഫെയ്‌സ്ബുക് കുറിപ്പ് ഇങ്ങനെ:

ചാന്ദ്രയാന്‍ 2 വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ട വാര്‍ത്ത ദു:ഖകരമാണ്. ലാന്‍ഡ് ചെയ്യാന്‍ രണ്ട് കിലോമീറ്റര്‍ കൂടിയേ ദൂരമുണ്ടായിരുന്നുള്ളൂ സ്വപ്‌നതുല്യമായ നേട്ടത്തിന്. വിജയകരമായ മറ്റൊരു മിഷന്‍ നടപ്പിലാക്കാന്‍ ഇസ്രോക്ക് സാധിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു. വിങ്ങിപ്പൊട്ടിയ ഐ.എസ്.ആര്‍. ഒ ചെയര്‍മാനെ അങ്ങ് ചേര്‍ത്ത് നിര്‍ത്തി ആശ്വസിപ്പിക്കുമ്പോള്‍ അഭിമാനമുണ്ട്. ഒപ്പം, ആഗ്രഹിച്ച് പോവുകയാണ് . ബന്ധങ്ങളെല്ലാം വിച്ഛേദിക്കപ്പെട്ട് തടവറയില്ലാതെ തടവില്‍ കഴിയുന്ന ഈ രാജ്യത്തിന്റെ പൗരന്മാര്‍ക്ക് കൂടെ ഈ താങ്ങ് ലഭിച്ചിരുന്നെങ്കിലെന്ന്.

ബന്ധം വിച്ഛേദിക്കപ്പെടുക എന്നത് ദുഃഖകരമായ ഒരു അവസ്ഥയാണെന്ന് പ്രധാനമന്ത്രിക്ക് ഇപ്പോള്‍ ബോധ്യമായിക്കാണുമല്ലോ. നമ്മുടെ രാജ്യത്ത് ഒരു മാസത്തോളമായി ആശയവിനിമയം വിഛേദിക്കപ്പെട്ട ഒരു ജനത നരകജീവിതം നയിക്കുന്നുണ്ട്. പ്രധാനമന്ത്രി, താങ്കളറിയുന്നുണ്ടോ ?മരുന്നില്ലാതെ, അവശ്യ ഭക്ഷണമില്ലാതെ, ഉറ്റവരും ഉടയവരും സുഖമായിരിക്കുന്നുവോ അതോ മരിച്ചുപോയോയെന്നറിയാതെ എല്ലാവിധ ആശയവിനിമയോപാധികളും അറുത്തുമാറ്റപ്പെട്ട എഴുപത് ലക്ഷം കശ്മീരികളുടെ ദുരിത ജീവിതം.

മറ്റൊരു പത്തൊന്‍പത് ലക്ഷം പേര്‍ വേറെയുമുണ്ട്. ഈ രാജ്യത്ത് നിന്ന് തന്നെ പൗരത്വം വിച്ഛേദിക്കപ്പെട്ടവര്‍. പതിറ്റാണ്ടുകള്‍ ഈ മണ്ണില്‍ ജീവിച്ച പൗരന്മാരെ ഒരു പുലരിയില്‍ ബന്ധുബന്ധങ്ങളെല്ലാം അറുത്തുമാറ്റിയ എന്‍.ആര്‍.സി ഏത് മിഷനാണ്?
ചാന്ദ്രയാന്‍ വീണ്ടും പുനഃസംഘടിപ്പിക്കാം. ലോകരാജ്യങ്ങള്‍ക്കിടയില്‍ നമ്മുടെ രാജ്യം തലയുയര്‍ത്തിപ്പിടിക്കാന്‍ ഈ ചന്ദ്രഗ്രഹ വിക്ഷേപണ യജ്ഞം സഹായകരമാവുമെങ്കില്‍ നമുക്കിനിയും അതിനായി യത്‌നിക്കാം. അതേസമയം അന്താരാഷ്ട്ര തലത്തില്‍ രാജ്യത്തെ നാണം കെടുത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ കൂടെ പരിഹരിക്കാന്‍ ശ്രമിക്കണം. ശാസ്ത്രം വിജയിക്കുന്നിടത്ത് മനുഷ്യത്വം പരാജയപ്പെട്ട് പോകരുത് മോദിജീ.

web desk 1: