X

രാജീവ് ഗാന്ധിയെ അപമാനിച്ച മോദിക്ക് മറുപടിയുമായി നജീബ് കാന്തപുരം

നജീബ് കാന്തപുരം

മിസ്റ്റര്‍ മോദി,
രാഹുലിന്റെ അച്ഛന്‍ മരിച്ചത് അഴിമതിക്കാരനായല്ല. പനിപിടിച്ച് കട്ടിലില്‍ കിടന്നുമല്ല. ഇന്ത്യയെ ലോകത്തിന് മുന്നില്‍ നടത്താനുള്ള നിശ്ചയദാര്‍ഢ്യത്തോടെയുള്ള ഓട്ടത്തിനിടയിലാണ്. ആ ഇന്ത്യയെയാണ് അഞ്ച് വര്‍ഷം കൊണ്ട് ഒരു നൂറ്റാണ്ട് താങ്കള്‍ പിറകോട്ട് വലിച്ചത്.
ശ്രീ പെരുമ്പുതൂരില്‍ ആ ശരീരം ചിന്നി ചിതറിയപ്പോഴും ചിതറി പോകാത്ത ഒരു സ്വപ്നമുണ്ടായിരുന്നു.ഇന്ത്യ ലോകത്തിന് മുന്നില്‍ തലയെടുപ്പോടെ നില്‍ക്കണമെന്ന സ്വപ്നം.ആ സ്വപ്നം കൈക്കുമ്പിളില്‍ കാത്ത് വെച്ചാണ് രാഹുല്‍ തളരാതെ ഓടുന്നത്. ആ തീ അണക്കാന്‍ താങ്കളെ പോലുള്ള ഒരു വഷളന്റെ വിലകുറഞ്ഞ പരാമര്‍ശങള്‍ക്ക് സാധ്യമല്ല.
ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ താങ്കള്‍ രാജീവ്ഗാന്ധിക്കെതിരെ നടത്തിയ അധിക്ഷേപകരമായ പരാമര്‍ശത്തില്‍ ഒട്ടും അല്‍ഭുതം തോന്നുന്നില്ല. കാരണം, താങ്കള്‍ എന്നും അങ്ങനെയാണ്. രാഷ്ട്രീയ സംവാദങ്ങളിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിലും എതിരാളികളോട് സ്വീകരിക്കേണ്ട ജനാധിപത്യപരമായ മര്യാദകളുടെ ബാലപാഠങ്ങള്‍ താങ്കള്‍ക്ക് അജ്ഞാതമാണ്. കാരണം താങ്കള്‍ സംഘിയാണ്. മര്യാദയോ സംസ്‌കാരമോ ഇല്ലാത്ത് വെറും സംഘി.അതോടൊപ്പം, രാജ്യത്തുടനീളം തനിക്കെതിരെ വീശുന്ന ജനവികാരത്തിന്റെ കാറ്റ് താങ്കളുടെ സമനില തെറ്റിക്കുന്നുമുണ്ട്.
ചരിത്ര ബോധമില്ലാത്ത മോദിക്കറിയുമോ രാജീവ് ഗാന്ധിയെന്ന ദീര്‍ഘ ദര്‍ശ്ശിയായ പ്രധാനമന്ത്രിയെ?
1984 ല്‍ ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുക്കുമ്പോള്‍ നാല്‍പത് വയസ്സ് മാത്രമായിരുന്നു പ്രായം. വെറും അഞ്ചു വര്‍ഷം മാത്രമാണ് അദ്ദേഹം ഭരണത്തിലിരുന്നത്.
ടെലഫോണ്‍ ഒരു അത്യാഢംബര വസ്തുവും നാട്ടിലെ അതിസമ്പന്നരുടെ വീടുകളിലെ അലങ്കാരവുമായിരുന്ന കാലത്താണ് രാജീവ് ഗാന്ധി ഇന്ത്യയില്‍ ടെലികോം വിപ്ലവത്തിന് തുടക്കം കുറിച്ചത്. വീടുകളില്‍ ഫോണും നാടൊട്ടുക്കും ടെലിഫോണ്‍ ബൂത്തുകളും നിറഞ്ഞ വാര്‍ത്താവിനിമയ ശൃംഖല രാജ്യത്ത് നിലവില്‍ വന്നു. പിന്നീട് കംപ്യൂട്ടര്‍ വല്‍ക്കരണത്തിനും വിവരസാങ്കേതിക വിദ്യയുടെ കുതിച്ചുചാട്ടത്തിനും നേതൃത്വം നല്‍കിയത് ആ ദൃഢ നിശ്ചയമായിരുന്നു.
പഞ്ചായത്ത് നഗരപാലികാ ബില്ലിലൂടെ ത്രിതല പഞ്ചായത്ത് ഭരണസംവിധാനം നടപ്പാക്കിയതും അധികാരം ജനങ്ങളിലേക്ക് എന്ന ഗാന്ധിയന്‍ ഗ്രാമസ്വരാജ് സങ്കല്പത്തിന് ജീവന്‍ പകര്‍ന്ന്‌നതും രാജീവ് ഗാന്ധി ആയിരുന്നു.വോട്ടവകാശം വിനിയോഗിക്കാനുള്ള പ്രായപരിധി 21 വയസ്സില്‍ നിന്ന് പതിനെട്ടായി കുറച്ചതും പാര്‍ലമെന്ററി ജനാധിപത്യ പ്രക്രിയയില്‍ പുതുതലമുറയുടെ പങ്കാളിത്തം ഉറപ്പുവരുത്തിയതും രാജീവ് തന്നെയായിരുന്നു.
ലോകരാജ്യങ്ങള്‍ക്കിടയില്‍ അഭിമാനത്തോടെ തലയുയര്‍ത്തി നില്‍ക്കുന്ന ആധുനിക ജനാധിപത്യ രാജ്യമായി ഇന്ത്യയെ മാറ്റിത്തീര്‍ക്കാന്‍ ഇഛാശക്തിയോടെ പ്രവര്‍ത്തിച്ച പ്രധാനമന്ത്രിയെ താങ്കള്‍ക്കുള്‍ക്കൊള്ളാനാവില്ല. അത്രക്കും ചെറുതാണ് താങ്കളുടെ മനസ്സും ലോകവും.
രാജീവ് ഗാന്ധിയുടെ പേര് പരാമര്‍ശിക്കുമ്പോള്‍ സ്വാഭാവികമായും താങ്കള്‍ക്ക് ജാള്യത തോന്നും. കാരണം, ഇന്ന് താങ്കള്‍ പ്രചരണവാക്യമായി ഉപയോഗിക്കുന്ന ഡിജിറ്റല്‍ ഇന്ത്യ എന്ന പദം പോലും രാജീവ് ഗാന്ധിയില്‍ നിന്നാണ് കടംകൊണ്ടത്. അതെങ്കിലും ഓര്‍ത്താല്‍ നന്ന്. താങ്കളുടെ ഈ തന്‍പ്രമാണിത്തത്തിനും അഹങ്കാരത്തിനും രണ്ടാഴ്ചയുടെ ആയുസ്സേയുള്ളൂ. താങ്കള്‍ അധിക്ഷേപിച്ച ആ രാജീവ് ഗാന്ധിയുടെ മകനു വേണ്ടി ഇന്ത്യ കാത്തിരിക്കുകയാണ്.

chandrika: