കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ പ്രതിഷേധവുമായി യൂത്ത്‌ലീഗ് നേതാവ് നജീബ് കാന്തപുരം. ശുഹൈബ് വധത്തിന്റെ പശ്ചാത്തലത്തില്‍ നാളെ കണ്ണൂരില്‍ സമാധാനയോഗം നടക്കുന്ന സാഹചര്യത്തിലാണ് നജീബ് കാന്തപുരത്തിന്റെ വിമര്‍ശനം. സമാധാനയോഗങ്ങള്‍ പ്രഹസനമാണെന്നും കൊന്നവരും കൊല്ലിച്ചവരും വിളിച്ചു ചേര്‍ക്കുന്ന ചായ സല്‍ക്കാരമാണെന്നും അദ്ദേഹം പറയുന്നു. പ്രഹസന യോഗത്തില്‍ കോമാളികളായി യു.ഡി.എഫ് നേതാക്കള്‍ ചെന്നിരിക്കരുതെന്നാണ് തന്റെ പക്ഷമെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ നജീബ് കാന്തപുരം പറഞ്ഞു. ലീഗ് പ്രവര്‍ത്തകന്‍ ശുക്കൂറിനെ സി.പി.എം കൊലപ്പെടുത്തിയിട്ട് ആറുവര്‍ഷം തികയുന്ന വേളയിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബും കൊല്ലപ്പെടുന്നത്. ശുഹൈബിന്റെ കൊലപാതകത്തിനെതിരെ വ്യാപകമായി പ്രതിഷേധം നടക്കുകയാണ്.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
പ്രിയ ഷുക്കൂര്‍…
നീ ഞങ്ങള്‍ക്കൊരു രക്തസാക്ഷിയല്ല.
ആറു വര്‍ഷത്തിനിപ്പുറവും കണ്ണില്‍ ഇരുട്ട് മൂടുന്ന ഒരു നോവോര്‍മ്മയാണ്. ഞങ്ങള്‍ക്ക് രക്തസാക്ഷികളെ വേണ്ട. അവരുടെ ബലികുടീരങ്ങളില്‍ നിന്നുള്ള ദീപശിഖയും വേണ്ട. രക്തസാക്ഷികള്‍ക്ക് വേണ്ടി ആണ്ടറുതിയില്‍ മുഴക്കുന്ന വികാരങ്ങള്‍ ചോര്‍ന്ന് പോയ ഇങ്കുലാബിന്റെ മുഴക്കങ്ങളും വേണ്ട..
പകരം നൊന്ത് പെറ്റ ഉമ്മയുടെയും കൂടെപ്പിറപ്പുകളുടെയും നെഞ്ച് പൊള്ളുന്ന വേദനക്ക് അറുതിയുണ്ടായാല്‍ മതി.
നിന്നെ വാഴത്തണ്ടു പോലെ വെട്ടിയിടുമ്പോള്‍ ഞങ്ങളോര്‍ത്തു. ഇത് അവസാനത്തേതാകുമെന്ന്. കയ്യറപ്പു തീര്‍ന്നവരെങ്കിലും നിന്റെ ചോര കൊണ്ട് അവരുടെ രക്ത ദാഹം തീരുമെന്ന്.. പിന്നെ ടി.പി ചന്ദ്രശേഖരനെ മൃഗീയമായി അവസാനിപ്പിക്കുമ്പോഴും ഞങ്ങള്‍ കരുതി. ഇത് കേരളത്തിലെ അവസാന രാഷ്ട്രീയ കൊലപാതകമാവുമെന്ന്. ഇപ്പോഴിതാ, നിന്റെ മണ്ണില്‍ നിന്ന് തന്നെ ഷുഹൈബും. ഓരോ കൊലപാതകവും അവര്‍ക്ക് ഓരോ പരീക്ഷണങ്ങളായി തീരുമ്പോള്‍ ഞങ്ങള്‍ക്കുറപ്പുണ്ട്. തിരശീലക്ക് പിന്നില്‍ അവര്‍ മാര്‍ക്ക് ചെയ്ത് നിര്‍ത്തിയ അനേകമനേകം ഷുക്കൂറുമാര്‍ ഇനിയും മരണത്തിന്റെ ഗുഹാമുഖത്തേക്ക് ഒന്നുമറിയാതെ കടന്ന് വരുന്നുണ്ടെന്ന്..
ഓരോ മരണാഘോഷത്തിനും പിറകെ ആരാച്ചാര്‍മ്മാര്‍ ചായ സല്‍ക്കാരമൊരുക്കി പിന്നെയും നമ്മെ അപമാനിക്കുകയാണ്. അതിന്റെ പേരുമാത്രമാണ് സമാധാന യോഗങ്ങള്‍. ഷുഹൈബിന്റെ ചോരപ്പാടുകളുണങ്ങും മുമ്പ് കണ്ണൂരില്‍ നാളെ സമാധാന യോഗം ചേരുകയാണ്. കൊന്നവരും കൊല്ലിച്ചവരും വിളിച്ചു ചേര്‍ക്കുന്ന ചായ സല്‍ക്കാരം. ആ സമാധാന യോഗ പ്രഹസനത്തില്‍ കോമാളികളായി യു.ഡി.എഫ് നേതാക്കള്‍ ചെന്നിരിക്കരുതെന്നാണ് എന്റെ പക്ഷം . സമാധാനമുണ്ടാക്കാന്‍ കണ്ണൂര്‍ ഗസ്റ്റ് ഹൗസിലെ ചായക്കും ബിസ്‌കറ്റിനുമാവില്ല. അതിനു സമാധാന യോഗം വിളിച്ചു ചേര്‍ക്കുന്നവര്‍ കത്തി താഴെ വെക്കാനുള്ള സന്മനസ്സ് കാണിച്ചാല്‍ മാത്രം മതി…
അതില്ലാതെ സമാധാനം സാധ്യവുമല്ല.
ആരാച്ചാരുടെ ചായ സല്‍ക്കാരത്തിന് ദയവായി മനുഷ്യത്വമുള്ളവര്‍ പങ്കെടുക്കരുത്. ഷുക്കൂറിന്റെയും ടി.പിയുടെയും ഷുഹൈബിന്റെയും ഓര്‍മ്മകളോട് അങ്ങിനെയൊരു മര്യാദയെങ്കിലും നാം കാണിക്കണം.