ന്യൂഡല്‍ഹി: ഡല്‍ഹി ലഫ്റ്റ്നന്റ് ഗവര്‍ണര്‍ നജീബ് ജങ് രാജിവെച്ചു. സ്ഥാനം ഒഴിയാന്‍ 18 മാസം ബാക്കി നില്‍ക്കെയാണ് അദ്ദേഹത്തിന്റെ രാജി രാഷ്ട്രപതിക്ക് രാജി സമര്‍പ്പിച്ചത്. പെട്ടെന്നുള്ള രാജി പ്രഖ്യാപനത്തിന്റെ കാരണം അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. അതേസമയം അക്കാദമിക് രംഗത്തേക്കുള്ള തിരിച്ചുവരവിന്റെ ഭാഗമായാണ് രാജി പ്രഖ്യാപനമെന്നാണ് സൂചനകള്‍.
മധ്യപ്രദേശ് കേഡര്‍ ഐഎഎസ് ഓഫീസറും ജാമിയ മിലിയ യൂണിവേഴ്സിറ്റിയുടെ വൈസ് ചാന്‍സിലറുമായിരുന്നു നജീബ് 2013 ജൂലായ് മാസത്തിലാണ് ഡല്‍ഹിയുടെ ഇരുപതാമത്തെ ലഫ്റ്റനന്റ് ഗവര്‍ണറായി നിയമിക്കപ്പെട്ടത്. ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കെജ്‌രിവാളും കേന്ദ്രസര്‍ക്കാരും തമ്മില്‍ നിലനില്‍ക്കുന്ന അധികാര തര്‍ക്കങ്ങള്‍ നിലനില്‍ക്കെയുള്ള അദ്ദേഹത്തിന്റെ രാജി പ്രഖ്യാപനം ഉദ്യോഗസ്ഥതലത്തില്‍ വലിയ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. കെജ്‌രിവാളുമായുള്ള ആശയപരമായ സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഡല്‍ഹി ഗവര്‍ണറെന്ന നിലയില്‍ നജീബ് ജംഗ് നിരന്തരം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
എന്നാല്‍ കഴിഞ്ഞ കുറേ കാലമായി താന്‍ രാജി പ്രഖ്യാപനത്തെക്കുറിച്ച് ആലോചിക്കുന്നുണ്ടായിരുന്നുവെന്നാണ് നജീബിന്റെ പ്രതികരണം. കൂടാതെ തനിക്ക് നല്‍കിയ പിന്തുണക്ക് പ്രധാനമന്ത്രിയ്ക്കും ഒരു വര്‍ഷത്തിലധികം തനിക്ക് പിന്തുണ നല്‍കിയ ജനങ്ങള്‍ക്കും നജീബ് നന്ദി പ്രകടിപ്പിച്ചു. ഡല്‍ഹില്‍ യാതൊരു വിധത്തിലുമുള്ള പ്രശ്നങ്ങളുമുണ്ടാക്കാതെ ഭരണം നടത്താന്‍ വഴിയൊരുക്കിയെന്നും കഴിഞ്ഞ രണ്ടു വര്‍ഷമായി തനിക്കു ലഭിച്ച സഹകരണത്തിന് കെജ്രിവാളിനും സംഘത്തിനും നന്ദി പറയുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.
അതേസമയം രാജി പ്രഖ്യാപനത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ട്വിറ്ററില്‍ പ്രതികരിച്ചു. രാജി എന്നില്‍ ആശ്ചര്യമുണ്ടാക്കിയെന്നും എന്നാല്‍ അദ്ദേഹത്തിന്റെ വരുംകാലത്തിനായി എന്റെ എല്ലാവിധ ഭാവുകങ്ങളും നേരുന്നു എന്നുമാണ് കെജ്‌രിവാളിന്റെ ട്വീറ്റ്.