ഷംസീര്‍ കേളോത്ത്
നജീബ് അഹമദ് തിരോധാനത്തിന് അര പതിറ്റാണ്ട് തികഞ്ഞത് കഴിഞ്ഞയാഴ്ചയാണ്. ഡല്‍ഹിയിലെ ക്യാമ്പസുകളിലൊന്നില്‍നിന്ന് ഒരു വിദ്യാര്‍ത്ഥിയുടെ തിരോധാനമുണ്ടാവുകയും പ്രധാന ഏജന്‍സികളൊക്കെ അന്വേഷിച്ചിട്ടും യാതൊരു തുമ്പും കണ്ടെത്താന്‍ കഴിയാതെ കേസന്വേഷണം പാതിവഴിയില്‍ നിലച്ച്‌പോവുകയും ചെയ്തു. നജീബ് അഹമദിന്റേത് വെറും തിരോധാനമായിരുന്നില്ല, നിര്‍ബന്ധിത തിരോധാനമായിരുന്നു. ഒരു മുസ്‌ലിം വിദ്യാര്‍ത്ഥി ശരീരത്തിന്റെ അദൃശ്യവത്കരണമായിരുന്നു. വര്‍ഷാവര്‍ഷം ഒക്ടോബര്‍ പതിനഞ്ചിന് വഴിപാട് പോലെ ഓര്‍ത്തെടുക്കുന്ന സംഭവം മാത്രമായി ഒരു വിദ്യാര്‍ത്ഥിയുടെ തിരോധാനം മാറിയിരിക്കുന്നു. നജീബിനും കുടുംബത്തിനും നീതി ലഭ്യമാക്കുന്നതില്‍ രാജ്യത്തെ അന്വേഷണ ഏജന്‍സികളും നീതിന്യായ സംവിധാനങ്ങളും പൗരസമൂഹവും പരാജയപ്പെട്ടിരിക്കുന്നു. മുസ്‌ലിം ജീവിതങ്ങളെ പൈശാചികവത്കരിച്ച് പൊതുജീവിതം നിഷേധിച്ച് അദൃശ്യവത്കരിക്കുന്ന രീതിയുടെ ഏറ്റവും വേദനിപ്പിക്കുന്ന ഉദാഹരണങ്ങളില്‍ ഒന്നാണ് നജീബ് അഹമദ്. ഒരു വിദ്യാര്‍ത്ഥിയെ സംശയാസ്പദമായ രീതിയില്‍ കാണാതായിട്ട് അഞ്ച് വര്‍ഷം തികഞ്ഞിട്ടും രാഷ്ട്രത്തിന്റെ പൊതുമനസ്സാക്ഷിയെ അത് അസ്വസ്ഥമാക്കുന്നില്ല എന്നിടത്താണ് പ്രശ്‌നത്തിന്റെ കാതല്‍.
വിദ്യാഭ്യാസമെന്ന സ്വപ്‌നം
ഉത്തര്‍പ്രദേശിലെ ബദയൂന്‍ ജില്ലയിലാണ് നജീബിന്റെ വീട്. മുഗള്‍ ഭരണകാലത്ത് ആ സാമ്രാജ്യത്തിന്റെ സൈനിക താവളങ്ങളിലൊന്നായിരുന്നു ബദയൂന്‍. മധ്യകാല പട്ടണത്തിന്റെ ശേഷിപ്പുകള്‍ ഇന്നും അവിടെ കാണാം. ഉപ്പയും ഉമ്മയും മൂന്ന് ആണ്‍മക്കളും ഒരു മകളുമടങ്ങുന്ന ചെറിയ കുടുംബമായിരുന്നു അവന്റേത്. മൂത്ത മകനായിരുന്നു നജീബ് അഹമദ്. പഠിക്കാന്‍ മിടുക്കന്‍. രാജ്യത്തെതന്നെ ഉന്നത സര്‍വ്വകലാശാലകളില്‍ പ്രവേശനം നേടാന്‍ അവന്‍ കൊതിച്ചു. അവന്റെ കൂടെ ആ ചെറിയ കുടുംബവും സ്വപ്‌നങ്ങള്‍ നെയ്ത്കൂട്ടി. ബയോടെക്‌നോളജിയില്‍ മികച്ച പഠനം ഓഫര്‍ ചെയ്യുന്ന നിലവിലുള്ള സ്ഥാപനങ്ങളില്‍ മുന്‍പന്തിയിലാണ് ജെ.എന്‍. യു. പ്രത്യേക പ്രവേശന പരീക്ഷ പാസായ നജീബും ജെ.എന്‍.യുവില്‍ പ്രവേശനം നേടി. ജെ. എന്‍.യുവിന് പുറമേ അലീഗഡ്, ജാമിഅ മില്ലിയ തുടങ്ങി സര്‍വ്വകലാശാല പ്രവേശന പരീക്ഷകളിലും നജീബ് വിജയം നേടിയിരുന്നു. എന്നാല്‍ അവന്‍ പഠനത്തിനായി തെരഞ്ഞെടുത്തത് ജെ. എന്‍.യുവിനെയാണ്. നാടിന് തന്നെ അഭിമാനമായ നേട്ടമായാണ് എല്ലാവരും നജീബിന്റെ ജെ.എന്‍.യു അഡ്മിഷന്‍ കണ്ടതെന്ന് ഒരിക്കല്‍ ബദയൂനിലെ നജീബിന്റെ വീട് സന്ദര്‍ശിച്ചപ്പോള്‍ അവിടുത്തുകാര്‍ നേരിട്ട് പറഞ്ഞിട്ടുണ്ട്. രോഗിയായ ഉപ്പയുടെ പിന്തുണയുണ്ടെങ്കിലും ഉമ്മ ഫാത്തിമ നഫീസയായിരുന്നു നജീബിന്റെ പ്രധാന ചാലകശക്തി. മകന്റെ നേട്ടത്തില്‍ അവരും ഏറെ സന്തോഷിച്ചു. ഉന്നത വിദ്യാഭ്യാസമെന്ന ആ കുടുംബത്തിന്റെ സ്വപ്‌നവും പേറിയാണ് നജീബ് ജെ.എന്‍.യുവിലെത്തിയത്.
അക്രമവും തിരോധാനവും
ആയിരത്തിലേറെ ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന ക്യാംപസില്‍ പതിനേഴിലധികം ഹോസ്റ്റലുകളുണ്ട്. മാഹിമാണ്ഡവി ഹോസ്റ്റലിലാണ് നജീബിന് താമസം ശരിയായത്. സംഘ്പരിവാര്‍ വിദ്യാര്‍ത്ഥി സംഘടനയ്ക്ക് സ്വാധീനമുള്ള ജെ. എന്‍.യുവിലെ ഹോസ്റ്റലാണിത്. ഒക്ടോബര്‍ പതിനാലിന് രാത്രി സംഘ്പരിവാര്‍ ബന്ധമുള്ള ചില വിദ്യാര്‍ത്ഥികള്‍ നജീബ് അഹമദിന്റെ റൂമിലെത്തുകയും നജീബുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തു. നജീബ് തങ്ങളെ ആക്രമിച്ചുവെന്ന വാദമുയര്‍ത്തിയ സംഘം തുടര്‍ന്ന് മാരകമായി നജീബിനെ മര്‍ദ്ദിച്ചു. ആദ്യ വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന നജീബിന് നിസ്സഹായമായി അതൊക്കെ ഏറ്റുവാങ്ങേണ്ടിവന്നു. സഹായത്തിന് പരിചയക്കാരുമുണ്ടായിരുന്നില്ല. ഹോസ്റ്റല്‍ അഡ്മിനിസ്‌ട്രേഷനും ഇടത് വിദ്യാര്‍ത്ഥിയൂനിയന്‍ പ്രതിനിധിയും അക്രമികള്‍ക്ക് പക്ഷംപിടിച്ച് നജീബിനെ കുറ്റക്കാരനാക്കിയാണ് അന്ന് രാത്രി തീരുമാനങ്ങളെടുത്തത്. ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിയുടെ മുറിയില്‍ അതിക്രമിച്ച് കയറിയവര്‍ക്കെതിരെയല്ല സ്വന്തം മുറിയില്‍ അക്രമിക്കപ്പെട്ടവനാണ് കുറ്റക്കാരനാക്കപ്പെട്ടത്. നജീബിനൊപ്പം നില്‍ക്കാന്‍ ആരുമില്ലെന്ന് കണ്ട ആക്രമികള്‍ വീണ്ടും കൂടുതല്‍ പേരുമായെത്തി നജീബിനെ മാരകമായി തല്ലി പരിക്കേല്‍പ്പിച്ചു. മറ്റ് വിദ്യാര്‍ത്ഥികളെത്തി നജീബിനെ അക്രമികളില്‍നിന്ന് രക്ഷിക്കുമ്പോഴേക്ക് നജീബ് ക്രൂര ആള്‍ക്കൂട്ട അക്രമണത്തിന് വിധേയമായിക്കഴിഞ്ഞിരുന്നു. അന്ന് രാത്രി നജീബ് ഉമ്മ ഫാത്തിമ നഫീസിനെ വിളിച്ചു കരഞ്ഞിരുന്നു. ഉമ്മാനെ കാണണം, എനിക്കിവിടെ നില്‍ക്കാനാവില്ല, നാട്ടിലേക്ക് തിരികെപോകണമെന്ന് സങ്കടപ്പെട്ടിരുന്നു. മകന്റെ കരച്ചില്‍ കേട്ട് തകര്‍ന്നുപോയ ആ മാതാവ് ഡല്‍ഹിയില്‍ നിന്ന് കിലോമീറ്ററുകളോളം ദൂരത്തുള്ള ബദയൂനില്‍ നിന്ന് ബസ് കയറി ഡല്‍ഹിയിലെ സര്‍വ്വകലാശാലയില്‍ എത്തുമ്പോഴേക്ക് ആ വിദ്യാര്‍ത്ഥി അപ്രത്യക്ഷമായിരുന്നു. പിന്നീടവനെ ആരും കണ്ടിട്ടില്ല. ആ ഉമ്മയുടെ നിലവിളികള്‍ക്ക് ആരും ഉത്തരം നല്‍കിയിട്ടില്ല.
നീതിനിഷേധം
നജീബ് സ്വയം ഇറങ്ങിപ്പോകില്ലെന്നും അവന് ഒരു ദിവസം പോലും തന്നോട് സംസാരിക്കാതിരിക്കാന്‍ കഴിയില്ലെന്നും ഫാത്തിമ നഫീസ് ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരുന്നു. അധികൃതരാരും അത് ചെവിക്കൊണ്ടില്ല. വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കേണ്ട സര്‍വ്വകലാശാല കൃത്യസമയത്ത് പൊലീസില്‍ പരാതി പോലും നല്‍കിയില്ല. ഫാത്തിമ നഫീസാണ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. തികഞ്ഞ കൃത്യവിലോപമാണ് കേസന്വേഷിച്ച ഡല്‍ഹി പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായത്. അപ്രത്യക്ഷനാക്കപ്പെടുന്നതിന്മുമ്പ് നജീബ് അക്രമിക്കപ്പെട്ടിരുന്നു എന്നതിന് നിരവധി സാക്ഷികളുണ്ടായിട്ടും അക്രമികളെ പ്രതികളാക്കാനോ ശരിയാംവണ്ണം ചോദ്യംചെയ്യാനോ ഏജന്‍സികള്‍ തയ്യാറായില്ല. ക്യാംപസിനെ പിടിച്ചുലയ്ക്കുന്ന തരത്തിലേക്ക് വിദ്യാര്‍ത്ഥി സമരം വളര്‍ന്നിട്ടും നജീബിനെ കണ്ടെത്താനുള്ള ആത്മാര്‍ത്ഥമായുള്ള ശ്രമങ്ങളുണ്ടായില്ല. നജീബിന്റെ കുടുംബത്തേയും നജീബിനെയും കുറ്റക്കാരാക്കാനുള്ള ശ്രമങ്ങളാണ് പിന്നീടുണ്ടായത്. പുലര്‍ച്ചെ നജീബിന്റെ വീട് റെയ്ഡ് ചെയ്തും മറ്റും നജീബിനെ വീട്ടുകാര്‍ തന്നെ ഒളിപ്പിച്ചുവെക്കുകയാണെന്ന് പ്രചരിപ്പിക്കാനുള്ള ശ്രമങ്ങളുണ്ടായി. ഫാത്തിമ നഫീസിന് പല സമരങ്ങള്‍ക്കിടയിലും മര്‍ദ്ദനമേറ്റുവാങ്ങേണ്ടിവന്നു. നജീബ് അഹമദ് ഐസിസില്‍ ചേര്‍ന്നെന്ന് വരെ ചില മാധ്യമങ്ങള്‍ പ്രചരിപ്പിച്ചു. മുസ്‌ലിംലീഗ് എം.പി ഇ.ടി മുഹമ്മദ് ബഷീറടക്കമുള്ളവര്‍ പാര്‍ലമെന്റിലടക്കം വിഷയമുയര്‍ത്തി. സി.ബി.ഐ അന്വേഷണം വേണമെന്ന് ഇ.ടി അടക്കമുള്ളവര്‍ ആവശ്യപ്പെട്ടു. സി.ബി.ഐ കേസന്വേഷണം ഏറ്റടുത്തു. കാര്യമായ ഫലങ്ങളൊന്നുമുണ്ടായില്ല. തെളിവില്ലെന്ന് കാരണം പറഞ്ഞ് അവരും കേസന്വേഷണം അവസാനിപ്പിച്ചു. ഫാത്തിമ നഫീസിന്റെ ചോദ്യത്തിന് ഇനിയും ഉത്തരമില്ല, നജീബ് എന്റെ മകന്‍ എവിടെ?
സര്‍സയ്യിദും നജീബും
ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ വിദ്യാഭ്യാസരാഷ്ട്രീയ നവോത്ഥാനത്തിന്റെ ജ്വലിക്കുന്ന പ്രതീകമായ സര്‍സയ്യിദ് അഹമദ് ഖാന്റെ ജന്മദിനമായിരുന്നു ഇന്നലെ. ഒന്നാം സ്വാതനന്ത്ര്യ സമരത്തെ തുടര്‍ന്ന് ഭരണകൂട വേട്ടക്ക് വിധേയമായ സമുദായത്തെ ഉയര്‍ത്തെഴുനേല്‍ക്കാനുള്ള ഇന്ധനം നല്‍കി ആധുനിക ലോകക്രമത്തിന്റെ പുതിയ സാധ്യതകളെ പരിചയപ്പെടുത്തിയത് അദ്ദേഹമായിരുന്നു. അലീഗഢ് വിദ്യാഭ്യാസ പ്രസ്ഥാനത്തിലൂടെ ഒരു സമുദായത്തെ ശാക്തീകരിച്ചവന്റെ ഓര്‍മ്മകള്‍ക്കൊപ്പമാണ് നജീബെന്ന വിദ്യാര്‍ത്ഥിയുടെ തിരോധാനത്തിന്റെ ഓര്‍മ്മകളും വര്‍ഷാവര്‍ഷം നമുക്ക് മുന്നിലെത്തുന്നത്. പഠിക്കാന്‍ പറഞ്ഞവന്റെ ഓര്‍മ്മകള്‍ക്ക് മുകളില്‍ പഠിക്കാനിറങ്ങി പാതിവഴിയില്‍ വീണുപോയ ഒരു വിദ്യാര്‍ത്ഥിയുടെ നൊമ്പരങ്ങള്‍ നമ്മെ വരിഞ്ഞുമുറുക്കുന്നു. വിദ്യാഭ്യാസ ജിഹാദെന്ന് അലറിവിളിക്കുന്ന അധ്യാപകര്‍ക്കിടയില്‍ അക്ഷരാഭ്യാസം നടത്തേണ്ട പുതുതലമുറയിലെ വിദ്യാര്‍ത്ഥികള്‍ക്ക് നജീബിന്റെ ഉമ്മ ഫാത്തിമ നഫീസിന്റെ വാക്കുകളാണ് കരുത്താവേണ്ടത്. നിരത്തുകളില്‍ തന്റെ മകന് വേണ്ടി സമരത്തിനിറങ്ങുമ്പോഴും അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത് പിന്നാക്ക ന്യൂനപക്ഷങ്ങളോട് പഠിക്കാനാണ്. വിദ്യാഭ്യാസം നേടാന്‍ ശ്രമിച്ചതിനാലാണ് തന്റെ മകനെയവര്‍ അപ്രത്യക്ഷനാക്കിയതെന്നും അത് കണ്ട് ഭയപ്പെടരുതെന്നും അവര്‍ പറയുന്നു. ധൈര്യമായി പഠിക്കാനും വിദ്യകൊണ്ട് കരുത്തരാവാനുമാണ്് അവര്‍ നല്‍കുന്ന സന്ദേശം. സാഹചര്യങ്ങളൊക്കെ എതിരായിരുന്നിട്ടും സമുദായത്തോട് സര്‍ സയ്യിദ് അഹമദ് ഖാന്‍ ആഹ്വാനം ചെയ്തതും അതായിരുന്നുവല്ലോ.