ന്യൂഡല്‍ഹി : അഞ്ചുമാസങ്ങള്‍ക്ക് മുമ്പ് ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ നിന്ന് കാണാതായ നജീബ് അഹ്മദിനെ കണ്ടെത്തുന്നതിനാവശ്യമായ കാര്യങ്ങള്‍ ഡല്‍ഹി പോലീസ് ചെയ്തു വരികയാണന്നും സി.ബി.ഐ അന്വേഷണം ഈ ഘട്ടത്തില്‍ ആവശ്യമില്ലന്നും കേന്ദ്ര അഭ്യന്തര മന്ത്രാലയം. അന്വേഷണത്തില്‍ നജീബ് ജെ.എന്‍.യുവില്‍ നിന്ന് സ്വയം ഇറങ്ങിപ്പോയതാണെന്ന നിഗമനത്തിലാണ് സര്‍ക്കാര്‍ എന്നും ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയുടെ സബ്മിഷന് മറുപടിയായി കേന്ദ്ര അഭ്യന്തര വകുപ്പ് അറിയിച്ചു. നജീബ് തിരോധാന കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ ലോക്‌സഭയില്‍ ആവശ്യപെട്ടിരുന്നു.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ പതിനാലിന് രാത്രിയിലാണ് നജീബിനെ കാണാതാവുന്നത്. എ.ബി.വി.പിക്കാരുടെ മര്‍ദനമേറ്റതിനെ തുടര്‍ന്ന് സഫ്ദര്‍ജംഗ് ആസ്പത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നജീബ് അവിടെ നിന്നാണ് അപ്രത്യക്ഷനായത്. അഞ്ചുമാസം കഴിഞ്ഞിട്ടും നജീബിനെ കണ്ടെത്തതത്തില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നു വരുന്നത്. നജീബിന്റെ ഉമ്മ നഫീസ അഹ്മദ് മാസങ്ങളായി സമരത്തിലാണ്.
നജീബിനെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്കുള്ള പാരിതോഷിക തുക വര്‍ധിപ്പിക്കുകയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുകയും ചെയ്തിട്ടുണ്ടന്ന് അഭ്യന്തര സഹമന്ത്രി ഹന്‍സ്‌രാജ് ഗംഗറാം അഹിര്‍ പറഞ്ഞു.
ഡല്‍ഹി പോലീസ് അന്വേഷണം സമ്പൂര്‍ണ പരാജയമാണന്നും കേന്ദ്ര ഏജന്‍സി അന്വേഷണ ചുമതല എറ്റടുക്കണമെന്നും ഇടി മുഹമ്മദ് ബഷീര്‍ എം പി പറഞ്ഞു. തികച്ചും ലാഘവ ബുദ്ധിയോടെയാണ് ഡല്‍ഹി പോ.ലീസ് വിഷയം കൈകാര്യം ചെയ്തത്. നജീബിനെ ആക്രമിച്ച എ.ബി.വിപി പ്രവര്‍ത്തകരെ മുഴുവന്‍ ചോദ്യം ചെയ്യാന്‍ പോലും പോലീസ് തയ്യാറായിട്ടില്ല. നജീബ് മാനസിക രോഗിയാണന്നും മറ്റും വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇത് രാജ്യത്തെ കുറ്റാന്വേഷണ എജന്‍സികള്‍ക്ക് മുഴുവന്‍ അപമാനമാണ്.
നജീബിനെ ആക്രമിച്ചവര്‍ക്കെതിരെ അന്വേഷണം വ്യപിപ്പിക്കുന്നതിനു പകരം നജീബിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയ പൊലീസ് നടപടി അപലപനീയമാണ്. ജന്മനാടയ ബദയൂനില്‍ നടത്തിയ സമാധാന പൂര്‍ണമായ റാലിയില്‍ പങ്കെടുത്ത ഉമ്മ നഫീസ അഹ്മദിനെതിരെയും സഹോദരനെതിരെയും കേസെടുത്തത് പോലീസിന്റെ തെറ്റായ മനോഭാവമാണ് കാണിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോവും – ഇ.ടി പറഞ്ഞു.