X

ജെഎന്‍യു വിദ്യാര്‍ത്ഥി നജീബിന്റെ തിരോധാനം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കും; രാജ്‌നാഥ് സിംഗ്

ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ത്ഥിയുടെ തിരോധാനത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ ഡല്‍ഹി പൊലീസിനോട് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിന്റെ നിര്‍ദേശം. ‘പോലീസുമായി സംസാരിച്ചു. വിദ്യാര്‍ത്ഥിയെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് രാജ്‌നാഥ്‌സിംഗ് വ്യക്തമാക്കി.’

വിദ്യാര്‍ത്ഥിയായ നജീബ് അഹമ്മദിനെ കഴിഞ്ഞ ആറുദിവസമായി കാണാത്തതില്‍ ക്യാമ്പസ്സില്‍ പ്രതിഷേധം വ്യാപിക്കുന്നതിനിടെയാണ് കേന്ദ്രഇടപെടല്‍. എബിവിപി പ്രവര്‍ത്തകരുടെ കൂട്ട മര്‍ദ്ദനത്തിന് പിന്നാലെ വിദ്യാര്‍ത്ഥിയെ കാണാതാവുകയായിരുന്നു.

എംഎസ്സി ബയോടെക്നോളജി ആദ്യ വര്‍ഷ വിദ്യാര്‍ത്ഥിയാണ് നജീബ് അഹമ്മദ്. ഹോസ്റ്റലില്‍ വെച്ച് നജീബ് അഹമ്മദ് എബിവിപിക്കാരുടെ മര്‍ദ്ദനത്തിന് ഇരയായിരുന്നു. പിന്നീട് വിദ്യാര്‍ത്ഥികളാണ് മര്‍ദ്ദനത്തില്‍ നിന്നും നജീബിനെ രക്ഷിച്ചത്. എന്നാല്‍ ആ രാത്രിമുതല്‍ നജീബിനെ ആരും കണ്ടിട്ടില്ല. നജീബിന്റെ മാതാപിതാക്കള്‍ സര്‍വ്വകലാശാല അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും കാര്യമായ നടപടികളൊന്നുമുണ്ടായില്ല. തുടര്‍ന്ന് ക്യാമ്പസ്സില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധങ്ങള്‍ നടന്നുവരികയാണ്. ഈ സാഹചര്യത്തിലാണ് അന്വേഷണത്തിന് പ്രത്യേകസംഘത്തെ നിയോഗിക്കാന്‍ രാജ്‌നാഥ്‌സിംഗ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

Web Desk: