കോഴിക്കോട്: ബാല്യത്തില്‍ ആഹ്ലാദാരവങ്ങളോടെ മുന്നോട്ട് പോകുന്നതിനിടെ പെട്ടെന്നൊരുദിവസം കാഴ്ച നഷ്ടപ്പെട്ടാലുണ്ടാകാവുന്ന അവസ്ഥ ചിന്തിക്കാന്‍ സാധിക്കുമോ….ഇത്തരമൊരു ജീവിതാനുഭവത്തിലൂടെ കടന്നുപോയ വിദ്യാര്‍ത്ഥിയാണ് നജാഹ് അരീക്കോട്. പത്താംവയസില്‍ കാഴ്ചയുടെ ലോകത്തുനിന്ന് ഇരുട്ടിലേക്ക് ജീവിതംപറിച്ചുനടപ്പെട്ടവന്‍. ജീവിത പ്രതിസന്ധികളെ വെല്ലുവിളിയായിഏറ്റെടുത്ത് മുന്നേറുന്ന കൗമാരക്കാരന്‍. സംസ്ഥാന സ്‌കൂള്‍ കലോത്സവവേദിയില്‍ ഹയര്‍സെക്കന്ററി വിഭാഗം മിമിക്രിയിലാണ് നജാഹ് ശ്രദ്ധയാകര്‍ഷിച്ചത്.
ചാലപ്പുറം ഗവ:ഗണപത് ബോയ്‌സ് സ്‌കൂളിലെ വേദിയില്‍ പ്രകൃതിയിലെ ജീവജാലങ്ങളുടെ ശബ്ദങ്ങള്‍ ഓരോന്നായി കൗമാരക്കാരന്‍ അവതരിപ്പിക്കുമ്പോള്‍ കരഘോഷത്തോടെയാണ് സദസ് എതിരേറ്റത്. നാലാംക്ലാസില്‍ നഷ്ടമായ കാഴ്ചയുടെ ലോകം പ്ലസ്ടുവില്‍ മിമിക്രിയിലൂടെ വീണ്ടും പുനരാവിഷ്‌കരിക്കുമ്പോള്‍ നജാഹും അകകണ്ണില്‍ ഈജീവികളെയെല്ലാം കാണുന്നുണ്ടായിരുന്നു. നേരത്തെ സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തില്‍ മിമിക്രി അവതരിപ്പിച്ചിരുന്നെങ്കിലും സംസ്ഥാന കലോത്സവവേദിയിലെത്തിയത് ആദ്യമായാണ്.
മലപ്പുറത്തുനിന്ന് അപ്പീല്‍വഴിയാണ് സംസ്ഥാനതലത്തില്‍ പങ്കെടുക്കാന്‍ യോഗ്യതനേടിയത്. അനുകരണകല നജാഹ് സ്വയം പരിശീലിക്കുകയായിരുന്നു. യുട്യൂബിലൂടെയും ടെലിവിഷന്‍ പ്രോഗ്രാമുകളിലൂടെയുമാണ് ശബ്ദാനുകരണം പഠിച്ചെടുത്തത്. വീട്ടിലിരുന്ന് കഠിനമായ പരിശീലത്തിലൂടെ സംസ്ഥാനവേദിയിലേക്ക്. ഞരമ്പിനെ ബാധിക്കുന്ന അപൂര്‍വ്വ അസുഖംകാരണമാണ് നജാഹിന് കാഴ്ചനഷ്ടമായത്. രണ്ട് ശതമാനം മാത്രമാണ് കാഴ്ചയുള്ളത്. വിദഗ്ധ ഡോക്ടര്‍മാര്‍ കൈയൊഴിഞ്ഞതോടെ ഇപ്പോള്‍ ആയുര്‍വേദ ചികിത്സയിലാണ്. മിമിക്രിയ്‌ക്കൊപ്പം വായനയിലും എഴുത്തിലുമെല്ലാം ഈ 18കാരന്‍ ഇതിനകം ശ്രദ്ധയാകര്‍ഷിക്കുന്നു. ഇതുവരെയുള്ള ജീവിതം ആസ്പദമാക്കി വര്‍ണ്ണങ്ങള്‍ എന്ന പേരില്‍ പുസ്‌കതം രചിച്ചു. പരിമിതികളില്‍ തകര്‍ന്നിരിക്കുന്നവര്‍ക്ക് പ്രചോദനമേകുന്നതാണ് ഈ ഗ്രന്ഥം.
പുസ്തകങ്ങളെ ഏറെ ഇഷ്ടപ്പെടുന്ന നജാഹിന് കാഴ്ചപരിമിതിയുള്ള സമയങ്ങളില്‍ വായന എങ്ങനെനിലനിര്‍ത്തുമെന്ന ആശങ്കയായിരുന്നു മനസുനിറയെ. എന്നാല്‍ അല്‍പം ബുദ്ധിമുട്ടിയെങ്കിലും മൊബൈല്‍ ആപ്പുവഴി വായന സജീവമാക്കി. പ്ലസ്ടുവിന് ശേഷം ബിരുദ പഠനം ആഗ്രഹിക്കുന്ന നജാഹിന്റെ സ്വപ്‌നം സിവില്‍സര്‍വ്വീസാണ്. കാഴ്ചപരിമിതിയെ അതിജീവിച്ച് തന്റെ സ്വപ്‌നംയാഥാര്‍ത്ഥ്യമാക്കാനുള്ള തയാറെടുപ്പുകള്‍ ഇപ്പോള്‍തന്നെ തുടങ്ങി കഴിഞ്ഞു ഈ വിദ്യാര്‍ത്ഥി. അരീക്കോട് പുത്തലത്ത് ഉഴുന്നന്‍ ഉമ്മറിന്റേയും റുഖിയയുടേയും മകനാണ്. അരീക്കോട് സുല്ലമുസലാം ഓറിയന്റല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ്ടു ഹ്യൂമാനിറ്റീസ് വിദ്യാര്‍ത്ഥിയാണ്.