X

ഏക സിവില്‍ കോഡ്: അഭിപ്രായ ഐക്യം രൂപീകരിച്ച ശേഷമെന്ന് വെങ്കയ്യ നായിഡു

ന്യൂഡല്‍ഹി: ഏക സിവില്‍ കോഡ് പിന്‍വാതിലിലൂടെ നടപ്പിലാക്കില്ലെന്ന് കേന്ദ്ര വിവര സാങ്കേതിക-വാര്‍ത്താപ്രക്ഷേപണ മന്ത്രി എം. വെങ്കയ്യ നായിഡു. യു.പി തെരഞ്ഞെടുപ്പിനു മുമ്പ് വര്‍ഗീയ ധ്രുവീകരണമുണ്ടാക്കുന്നതിനായാണ് വിവാദമായ ഏക സിവില്‍ കോഡ് നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെന്ന വാദവും അദ്ദേഹം തള്ളി. മുത്തലാഖ്, ഏക സിവില്‍കോഡ്, രാമക്ഷേത്രം എന്നിവ ബി.ജെ.പി രാഷ്ട്രീയ നേട്ടത്തിനായി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഉപയോഗിക്കില്ലെന്നും കേന്ദ്ര സര്‍ക്കാറിന്റെ വികസന അജണ്ടയായിരിക്കും തെരഞ്ഞെടുപ്പിലെ മുഖ്യ പ്രചാരണ വിഷയമെന്നും അദ്ദേഹം പറഞ്ഞു. മുത്തലാഖ് ഒരു മതപരമായ കാര്യമായി സര്‍ക്കാര്‍ കാണുന്നില്ല. അത് ലിംഗ നീതിയുമായി ബന്ധപ്പെട്ട കാര്യമാണ്.

 
ഇക്കാര്യം മുസ്‌ലിം വിഷയമായി ഉയര്‍ത്തിക്കാണിക്കുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ഇതേ പാര്‍ലമെന്റ് തന്നെയാണ് ഹിന്ദു വിവാഹ നിയമവും ഹിന്ദു വ്യക്തി നിയമവും കൊണ്ടു വന്നതെന്നും സ്ത്രീധനവും സതിയും നിര്‍ത്തലാക്കിയതെന്നും ഓര്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുത്തലാഖ് നിര്‍ത്തലാക്കുന്നതും ഏക സിവില്‍കോഡ് നടപ്പിലാക്കുന്നതും പിന്‍വാതിലിലൂടെ നടപ്പിലാക്കുമെന്ന വാര്‍ത്തകള്‍ ദുരുദ്ദേശ്യപരമാണ്. അഭിപ്രായസമവായത്തിലൂടെ മാത്രമേ ഇത്തരം വിഷയങ്ങള്‍ കൊണ്ടുവരികയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുത്തലാഖ് വിഷയത്തില്‍ സുപ്രീം കോടതി ശരിയായ തീരുമാനം കൊണ്ടുവരുമെന്നാണ് വിശ്വസിക്കുന്നതെന്നും വെങ്കയ്യ നായിഡു പറഞ്ഞു. അയോധ്യയില്‍ രാമക്ഷേത്രം വരണമെന്നത് വിശ്വാസികളുടെ ആവശ്യമാണെന്നും ഇതിന്റെ നിര്‍മാണത്തിനായി സര്‍ക്കാറിനും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും യാതൊരു പങ്കുമില്ലെന്നും അദ്ദേഹം പറഞ്ഞു.

chandrika: