X
    Categories: indiaNews

മഹാരാഷ്ട്രയിലെ നാഗ്പുരില്‍ മാര്‍ച്ച് 15 മുതല്‍ ലോക്ഡൗണ്‍

മുംബൈ: കോവിഡ് കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയിലെ നാഗ്പുരില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. മാര്‍ച്ച് 15 മുതല്‍ 21 വരെയാണ് ലോക്ഡൗണ്‍. പച്ചക്കറി, പഴവര്‍ഗ്ഗ കടകള്‍, പാല്‍ തുടങ്ങിയ അവശ്യ സര്‍വീസുകള്‍ പ്രവര്‍ത്തിക്കും.

വരും ദിവസങ്ങളില്‍ ലോക്ഡൗണ്‍ ഒഴിവാക്കാന്‍ കഴിയാത്ത ചില പ്രദേശങ്ങളുണ്ടെന്നും അതേതൊക്കെയെന്ന കാര്യത്തില്‍ താമസിയാതെ തീരുമാനം വരുമെന്നും മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞു.

മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 13,659 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് 24 മണിക്കൂറിനിടെ സ്ഥിരീകരിച്ച കേസുകളുടെ 60 ശതമാനവും മഹാരാഷ്ട്രയിലാണ്.

24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് 22,854 പേര്‍ക്കാണ്. കഴിഞ്ഞ രണ്ടര മാസത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. ഇതോടെ ഇന്ത്യയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,12,85,561 ആയി.

നിലവില്‍ രാജ്യത്ത് സജീവ രോഗികളുടെ എണ്ണം 1,89,226 ആണ്. ആകെ രോഗികളുടെ 1.68 ശതമാനത്തോളം വരുമിത്. അതേ സമയം രോഗമുക്തി നേടിയവരുടെ എണ്ണം 1,09,38,146 ആയി. ആരോഗ്യമന്ത്രാലയം പ്രസിദ്ധീകരിച്ച കണക്കനുസരിച്ച് രോഗമുക്തി നേടുന്നവരുടെ നിരക്ക് ദേശീയതലത്തില്‍ 96.92 ശതമാനമാണ്.

 

Test User: