ദിയാംപൂര്‍: നാഗാലാന്റ് നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പിന്തുണക്കരുതെന്ന് ബാപ്റ്റിസ്റ്റ് ചര്‍ച്ച് കൗണ്‍സില്‍. ആര്‍.എസ്.എസ് പിന്തുണയോടെ രാജ്യം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാറിനു കീഴില്‍ 2015-17 കാലയളവിലാണ് ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ ഏറ്റവും കൊടിയ പീഡനത്തിന് ഇരയായതെന്നും ബാപ്റ്റിസ്റ്റ് ചര്‍ച്ച് കൗണ്‍സില്‍ പുറത്തിറക്കിയ തുറന്ന കത്തില്‍ പറയുന്നു. ക്രിസ്ത്യന്‍ ഭൂരിപക്ഷ സംസ്ഥാനമായ നാഗാലാന്റിലെ ഏറ്റവും വലിയ ക്രൈസ്തവ സഭയാണ് ബാപ്റ്റിസ്റ്റ് കൗണ്‍സില്‍. 1500ലധികം ഇടവകകള്‍ക്ക് കഴീലായി അഞ്ചുലക്ഷത്തിലധികം ബാപ്റ്റിസ്റ്റ് സഭാ അനുയായികളുണ്ട്.
ഇതാദ്യമായാണ് ബാപ്റ്റിസ്റ്റ് കൗണ്‍സില്‍ ബി.ജെ.പിക്കെതിരെ പരസ്യമായി രംഗത്തെത്തുന്നത്.
ഹിന്ദുത്വ ശക്തികളുടെ നീക്കങ്ങളെ കാണാതിരിക്കാനാവില്ല. ആര്‍.എസ്.എസ് പിന്തുണയോടെ ബി.ജെ.പി അധികാരത്തില്‍ എത്തിയ ശേഷം ന്യൂനപക്ഷങ്ങള്‍ നേരിടുന്നത് കൊടിയ പീഡനമാണ്. ക്രിസ്തുവില്‍ വിശ്വാസം അര്‍പ്പിച്ചിട്ടുള്ള സഭാ വിശ്വാസികള്‍ പണത്തിനോ വികസനത്തിനോ വേണ്ടി ക്രൈസ്തവ മൂല്യങ്ങള്‍ അടിയറ വെക്കരുതെന്നും ബാപ്റ്റിസ്റ്റ് കൗണ്‍സില്‍ പുറത്തിറക്കിയ കത്തില്‍ ആഹ്വാനം ചെയ്യുന്നു.
രാഷ്ട്രീയ താല്‍പര്യങ്ങളുടെ പുറത്തല്ല ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നതെന്ന് സഭാ നേതൃത്വം പിന്നീട് പ്രതികരിച്ചു. അസമില്‍ അടുത്തിടെ നടന്ന ആര്‍.എസ്.എസ് സമ്മേളനം ഉന്നമിടുന്നത് വടക്കുകിഴക്കന്‍ ഇന്ത്യയിലെ ക്രൈസ്തവ മേധാവിത്വമുള്ള സംസ്ഥാനങ്ങളെയാണ്. മേഘാലയ, നാഗാലാന്റ്, മിസോറാം സംസ്ഥാനങ്ങളില്‍ ഇതിന്റെ പ്രകമ്പനങ്ങള്‍ പ്രകടമാണെന്നും സഭാ നേതൃത്വം വ്യക്തമാക്കി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പി ശക്തിയാര്‍ജ്ജിച്ചു വരുന്നതിനിടെയാണ് ക്രൈസ്തവ സഭ പ്രത്യക്ഷ എതിര്‍പ്പുമായി രംഗത്തെത്തിയിരിക്കുന്നത്.