X

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് കേരളത്തിന്റെ പെണ്‍പട; നാഗാലാന്‍ഡിനെ 2 റണ്‍സിന് ഓളൗട്ടാക്കി

ഗുണ്ടൂര്‍: ഒരു മാസ്മരിക പ്രകടനത്തിലൂടെ ലോക ക്രിക്കറ്റിന്റെ നെറുകയിലെത്തി കേരളത്തിന്റെ അണ്ടര്‍ 19 വനിതാ ക്രിക്കറ്റ് ടീം.  ബിസിസിഐ അണ്ടര്‍ 19 വനിതാ ലീഗില്‍ എതിരാളികളെ വെറും രണ്ടു റണ്‍സിന് ഓള്‍ഔട്ടാക്കിയാണ് കേരള വനിതകള്‍ ചരിത്രമെഴുതിയത്.
അണ്ടര്‍-19 വനിതാ ക്രിക്കറ്റ് ലീഗ് മത്സരത്തില്‍ നാഗാലാന്‍ഡിനെതിരെയായിരുന്നു കേരളത്തിന്റെ അദ്ഭുത വിജയം. ഇന്നിങ്സിന്റെ ആദ്യ പന്തില്‍ തന്നെ നാഗാലാന്‍ഡ് ഉയര്‍ത്തിയ വിജയലക്ഷ്യം കേരളം മറികടന്നു. 17 ഓവറില്‍ രണ്ടു റണ്‍സിന് നാഗാലാന്‍ഡിനെ പുറത്താക്കി ബാറ്റിങ്ങിനിറങ്ങിയ കേരളം നേരിട്ട ആദ്യ പന്ത് തന്നെ ബൗണ്ടറിയിലേക്ക് പറത്തി പത്ത് വിക്കറ്റിന്റെ ചരിത്ര വിജയം നേടുകയായിരുന്നു. ഒരുപക്ഷേ ലോകക്രിക്കറ്റില്‍ ആദ്യത്തെ സംഭവമായിരിക്കും ഇത്.

ഗുണ്ടൂരിലെ ജെ.കെ.സി കോളേജ് ഗ്രൗണ്ടില്‍ നടന്ന സൂപ്പര്‍ ലീഗ് ഗ്രൂപ്പ് ബിയിലാണ് എല്ലാവരെയും ഞെട്ടിച്ച മത്സരഫലമുണ്ടായത്. ആദ്യം ബാറ്റു ചെയ്ത നാഗാലാന്‍ഡിനായി ഓപ്പണര്‍ മേനക ഒരു റണ്‍സ് നേടി. മറ്റൊരു റണ്‍സ് എക്സ്ട്രാ ഇനത്തിലാണ് ലഭിച്ചത്. ബാക്കി ഒമ്പത് താരങ്ങളും പൂജ്യത്തിന് പുറത്തായി.

നാല് വിക്കറ്റ് വീഴ്ത്തിയ മിന്നു മണിയും രണ്ട് വിക്കറ്റെടുത്ത സൗരഭ്യയുമാണ് നാഗാലാന്‍ഡിനെ നാണിപ്പിക്കുന്ന സ്‌കോറിലേക്ക് എറിഞ്ഞിട്ടത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിനായി ഓപ്പണര്‍ അന്‍സു എസ് രാജു ഫോറടിക്കുകയായിരുന്നു. ജോഷിന പി.എം അന്‍സുവിനൊപ്പം പുറത്താകാതെ നിന്നു.

ഗ്രൂപ്പ് ബിയിലെ കേരളത്തിന്റെ രണ്ടാം വിജയമാണിത്. അഞ്ചു മത്സരങ്ങളില്‍ മൂന്നു തോല്‍വിയും രണ്ടു വിജയവുമാണ് കേരളത്തിന്റെ അക്കൗണ്ടിലുള്ളത്. അഞ്ചു മത്സരങ്ങളും തോറ്റ നാഗാലാന്‍ഡ് കേരളത്തിനും പിന്നിലാണ്. ഡല്‍ഹിക്കെതിരെ 40ഉം ജാര്‍ഖണ്ഡിനെതിരെ 48ഉം മുംബൈക്കെതിരെ 22ഉം റണ്‍സാണ് നാഗാലാന്‍ഡ് നേടിയിരുന്നത്.

ഏതാനും ആഴ്ചകള്‍ക്കു മുന്‍പ് ആഭ്യന്തര ക്രിക്കറ്റില്‍ എക്‌സ്ട്രാസ് സെഞ്ചുറിയടിച്ചത് വാര്‍ത്തയായിരുന്നു. ബിസിസിഐ അണ്ടര്‍ 19 വനിതാ ലീഗില്‍ നാഗാലന്‍ഡും മണിപ്പൂരും തമ്മിലുള്ള മല്‍സരത്തിലാണ് 136 വൈഡുകള്‍ പിറന്നത്. മണിപ്പൂര്‍ ബോളര്‍മാര്‍ 94 വൈഡുകള്‍ വഴങ്ങിയപ്പോള്‍ ബാക്കിയുള്ള 42 എണ്ണം നാഗാലന്‍ഡ് താരങ്ങളുടെ വകയായിരുന്നു. നിലവാരം തകര്‍ന്ന്, നാണക്കേടുണ്ടാക്കിയ മല്‍സരത്തിനെതിരെ ബിസിസിഐ ഉദ്യോഗസ്ഥര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.

chandrika: