യുഎന്‍: സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം നാദിയ മുറാദ് ചുണ്ടോടു ചേര്‍ക്കുമ്പോള്‍ പിന്നിട്ട വഴികള്‍ ഒരിക്കലും വിസ്മരിക്കാനാവില്ല. സമകാലിക ലോകത്ത് സമാനതകളില്ലാത്ത വേദനകളുടെ പര്‍വം താണ്ടിയ യസീദികള്‍ക്ക് താങ്ങും തണലുമായിരുന്നു നാദിയ മുറാദ്. തകര്‍ത്തെറിയപ്പെട്ട സ്വന്തം മണ്ണിലേക്ക് തിരിച്ചെത്തിയ ജനതക്കു മുമ്പില്‍ പരന്നുകിടന്നത് ഇരുള്‍ മാത്രം. ഈ ഇരുള്‍ വഴിയില്‍ പ്രകാശം ചൊരിയുകയായിരുന്നു ഈ പെണ്‍കൊടി. അവള്‍ അനുഭവിച്ച ദുരിതവും നേരിട്ട ദുരന്തങ്ങളും എണ്ണിയാല്‍ ഒതുങ്ങാത്തവയാണ്. ഐ.എസ് തടവറയില്‍ നിന്ന് പുറത്തുവന്നു മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നാദിയയുടെ പുസ്തകം ‘ദ ലാസ്റ്റ് ഗേള്‍’ പുറത്തിറങ്ങിയത്. നാദിയയുടെ ജീവിതമാണ് ലാസ്റ്റ് ഗേളില്‍ പറയുന്നത്. ഐ.എസ് പിടിയില്‍ ലൈംഗിക അടിമയായി അനുഭവിച്ച ക്രൂരമായ അനുഭവങ്ങള്‍. ഐ.എസ് യസീദികളോട് ചെയ്തത് പുറംലോകത്തെ അറിയിക്കാനും തടവറയിലുള്ള യസീദി യുവതികളെയും പെണ്‍കുട്ടികളെയും രക്ഷിക്കാനുമാണ് ഈ പുസ്തകമെന്ന് നാദിയ പ്രകാശന വേളയില്‍ വ്യക്തമാക്കിരുന്നു. പുസ്തകത്തിന്റെ ഓരോ താളും ഹൃദയം നുറുങ്ങുന്ന വേദനയോടെയല്ലാതെ വായിക്കാനാവില്ല.
തങ്ങളുടെതായ സംസ്‌കാരവും മതവിശ്വാസവും മുറുകെ പിടിക്കുകയും ആചരിക്കുകയും ചെയ്ത യസീദികള്‍ വിഗ്രഹാരാധകരും സാത്താന്‍ സേവക്കാരുമാണെന്ന് ഐ.എസ് തീവ്രവാദികള്‍ പ്രചരിപ്പിച്ചു. യസീദി വിശ്വാസം ഈ ഭൂമിയില്‍ നിന്നും തുടച്ചുനീക്കണമെന്ന് അവര്‍ പ്രഖ്യാപനം നടത്തി. 2014ലാണ് യസീദികള്‍ക്ക് നേരെ വംശഹത്യക്ക് തുടക്കമിടുന്നത്. സിന്‍ജാര്‍ മലനിരകളുടെ യസീദികളുടെ താഴ്‌വരകള്‍ ഐ.എസ് തീവ്രവാദികള്‍ വളഞ്ഞു. ഇവിടെ നിന്നും ഇറാഖ് സൈന്യം നേരത്തെ പിന്മാറിയിരുന്നു. ഇതോടെ ഐ.എസ് യസീദികള്‍ക്ക് നേരെ ക്രൂരത തൊടുത്തു വിട്ടുകഴിഞ്ഞിരുന്നു. നിരാലംബരായ ജനത സിന്‍ജാര്‍ മലനിരകളില്‍ അഭയം തേടി. ഓരോ യസീദികളെയും തീവ്രവാദികള്‍ പിടികൂടി. ഇവരില്‍ ഒരാളായിരുന്നു നാദിയ മുറാദ്. നാദിയയുടെ കൊച്ചോ എന്ന ഗ്രാമവും തീവ്രവാദികള്‍ പിടിച്ചെടുത്തിരുന്നു. പുരുഷന്മാരെ വെടിവെച്ചു കൊന്നു. കൊന്നു കുഴിച്ചു മൂടിയവരില്‍ കുരുന്നുകളും കൗമാരക്കാരും ഉണ്ടായിരുന്നു. നാദിയയുടെ ആറ് സഹോദരങ്ങളെ വെടിവെച്ചു കൊന്നു. നാദിയയെയും മറ്റു യുവതികളെയും ഒരു ബസിനുള്ളിലേക്ക് എറിഞ്ഞു. ബസിനുള്ളില്‍ വച്ച് ലൈംഗിക പീഡനത്തിനിരയാക്കപ്പെട്ടു. ഈ സമയം അമ്മയെ വെടിവെച്ചു കൊലപ്പെടുത്തി.
പിടികൂടിയ സ്ത്രീകളെ മറ്റൊരു സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോയി. നാദിയ ഉള്‍പ്പെടെയുള്ള പെണ്‍കുട്ടികളെ ഐ.എസ് അധിനിവേശ മൊസൂളിലേക്ക് നീക്കി. ഐ.എസിന്റെ അടിമചന്തയില്‍ നാദിയെ വിറ്റു. സ്ത്രീകളെ കണ്ടപാടെ പുരുഷന്മാര്‍ പിടിവലിയായി. ഒരാള്‍ വയറില്‍ സിഗരറ്റ് കുത്തിക്കയറ്റി. മറ്റൊരാള്‍ മൂന്ന് യുവതികളെ വാങ്ങി. ചിലരെ ലൈംഗിക അടിമയാക്കി. എപ്പോള്‍ വേണമെങ്കിലും ഉടമക്ക് അടിമയെ ബലാത്സംഗം ചെയ്യാം. മതപരിവര്‍ത്തനവും ക്രൂരതകളും മുറ തെറ്റാതെ നടന്നിരുന്നു. ഒരിക്കല്‍ തടവറയില്‍ നിന്നും നാദിയ രക്ഷപെടാന്‍ ശ്രമം നടത്തി. ശ്രമം പാഴാകുകയായിരുന്നു. രക്ഷപെടാന്‍ ശ്രമിച്ചതിന് കൂട്ടമാനഭംഗത്തിനും ഇരയായി. പലപ്പോഴായി പലര്‍ക്കും നാദിയയെ വിറ്റു. വിവിധ സ്ഥലങ്ങളിലേക്ക് കൂട്ടിക്കൊണ്ടു പോയി. ഒരിക്കല്‍ തടവിലാക്കപ്പെട്ട വീടിന്റെ ജനാലയിലൂടെ രക്ഷപെട്ടു. മറ്റൊരു മുസ്‌ലിം കുടുംബത്തില്‍ അഭയം തേടി. ഇവര്‍ തീവ്രവാദികളില്‍ നിന്നും നാദിയയെ കുര്‍ദ്ദിസ്ഥാനിലെത്തിച്ചു. ഐ.എസ് പിന്മാറിയതോടെ നാദിയ ജന്മഗ്രാമത്തിലെത്തി. അപ്പോഴേക്കും ശവപറമ്പായി മാറിയിരുന്നു കൊച്ചോ എന്ന ഗ്രാമം. ജര്‍മ്മനിയില്‍ അഭയംപ്രാപിച്ച നാദിയ, 2015ല്‍ യു.എന്‍ സുരക്ഷാ കൗണ്‍സിലില്‍ താന്‍ നേരിട്ട അനുഭവങ്ങള്‍ വിവരിക്കുകയായിരുന്നു. പിന്നീട് യുദ്ധത്തില്‍ ജീവിതം നശിച്ചുപോകുന്ന ഇരകള്‍ക്കായാണു നാദിയ പിന്നീട് ജീവിതം മാറ്റിവെച്ചത്. ലൈംഗിക അടിമകളാക്കപ്പെട്ട പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ക്കായുള്ള പോരാട്ടം ഇന്നും തുടരുന്നു.
ലൈംഗിക അടിമകളാക്കപ്പെട്ട പെണ്‍കുട്ടികള്‍ക്ക് നേരിട്ട പീഡനങ്ങള്‍ നാദിയയിലൂടെ പുറം ലോകമറിഞ്ഞു. ഐക്യരാഷ്ട്രസഭയില്‍ നാദിയ നടത്തിയ സംഭാഷണം ലോകം നിറകണ്ണുകളോടെയാണ് കേട്ടത്. ഐക്യരാഷ്ട്ര സഭ മനുഷ്യക്കടത്തിനെതിരെയുള്ള ഗുഡ്‌വില്‍ അംബാസിഡറാണ് ഇന്ന് നാദിയ.