കോഴിക്കോട്: മനുഷ്യാവകാശ പ്രവര്‍ത്തകന്‍ നദീറിനെ അറസ്റ്റുചെയ്തതില്‍ പ്രതിഷേധം ഉയര്‍ന്നതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ വഴങ്ങി. നദീറിനെ പോലീസ് കസ്റ്റഡിയില്‍ നിന്ന് വിട്ടയച്ചു. നദീറിനെതിരേയും എഴുത്തുകാരന്‍ കമാല്‍സിക്കെതിരേയും നടപടി വേണ്ടെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. കമാല്‍സിക്കെതിരെ രാജദ്രോഹക്കുറ്റം ചുമത്തരുതെന്നും അദ്ദേഹം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
നദീറിനെ അറസ്റ്റു ചെയ്തിട്ടില്ലെന്നും തെളിവില്ലെന്ന് കണ്ടപ്പോള്‍ വിട്ടയച്ചുവെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ യുഎപിഎ ചുമത്തി നദീറിനെ അറസ്റ്റു ചെയ്യാനായിരുന്നു പോലീസ് നീക്കം.
നോവലില്‍ ദേശീയഗാനത്തെ അനാദരിച്ചുവെന്നാരോപിച്ചായിരുന്നു കമാല്‍സിക്കെതിരെ കേസെടുത്തത്. 124എ ചുമത്തിയായിരുന്നു അറസ്റ്റ്. കമാല്‍സിയെ സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴായിരുന്നു നദീറിനേയും പോലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്. യുഎപിഎ ഉള്‍പ്പെടെ ചുമത്താനായിരുന്നു പോലീസ് നീക്കം. ഇതിനെതിരെ വിവിധ ഭാഗങ്ങളില്‍ നിന്നുയര്‍ന്ന പ്രതിഷേധങ്ങള്‍ മൂലം മുഖ്യമന്ത്രി സമ്മര്‍ദ്ദത്തിലാവുകയായിരുന്നു. ഇന്നലെ വിഎസ് അച്ചുതാനന്ദനും ഇന്ന് കൊടിയേരി ബാലകൃഷ്ണനും പോലീസ് നടപടിയില്‍ വിമര്‍ശനവുമായി എത്തിയിരുന്നു. തുടര്‍ന്നാണ് നദീറിനെതിരേയും കമാല്‍സിക്കെതിരേയും നടപടി വേണ്ടെന്ന് മുഖ്യമന്ത്രി പോലീസിന് നിര്‍ദ്ദേശം നല്‍കിയത്.