നാദാപുരം; പിഞ്ചു കുട്ടികളെ വെള്ളത്തില്‍ മുക്കി യുവതി ആത്മഹത്യക്ക് ശ്രമിച്ചു. മൂത്തകുട്ടി മരിക്കുകയും ഇളയ കുട്ടി അത്ഭുതകരമായി രക്ഷപെടുകയും ചെയ്തു. പുറമേരി പഞ്ചായത്തിലെ കക്കംവെള്ളി – വെള്ളൂര്‍ റോഡില്‍ ഇന്നലെ ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് സംഭവം.
കുളങ്ങരത്ത് മുഹമ്മദ് ഖൈസിന്റെ ഭാര്യയും നരിപ്പറ്റ കാട്ടില്‍ സൂപ്പിയുടെ മകളുമായ സഫൂറ(34) യാണ് മക്കളെ വെള്ളത്തില്‍ മുക്കിയത്. മൂന്നു വയസുകാരി ഇഷാല്‍ മിയയാണ് മരിച്ചത്. ഒന്നര വയസുകാരന്‍ അമാന്‍ റാസി കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ചികിത്സയിലാണ്. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടികളെ ഉറക്കി തരാമെന്ന് പറഞ്ഞ് വീടിന്റെ മുകള്‍ നിലയിലെ കിടപ്പുമുറിയില്‍ കൊണ്ട് പോയി ബക്കറ്റില്‍ നിറച്ച വെള്ളത്തില്‍ മുക്കുകയായിരുന്നുവെന്ന് സഫൂറ പൊലീസിന് മൊഴി നല്‍കി.
കൈകള്‍ പിന്നിലേക്ക് വരിഞ്ഞു കെട്ടിയ ശേഷം കാല്‍ പിടിച്ചു തല വെള്ളത്തില്‍ താഴ്ത്തി നിര്‍ത്തുകയായിരുന്നു. മൂത്ത കുട്ടി മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം രണ്ടാമത്തെ കുട്ടിയെയും വെള്ളത്തില്‍ മുക്കി. ഈ കുട്ടിയും മരിച്ചെന്ന് കരുതിയ യുവതി കൈയിലെ ഞരമ്പ് മുറിച്ചു ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ ഭര്‍തൃ പിതാവ് അന്ത്രുവും മാതാവ് മറിയവും ഭര്‍തൃ സഹോദരിയും വീടിന്റെ താഴത്തെ നിലയില്‍ ഉണ്ടായിരുന്നു. സഫൂറയുടെ നിലവിളി കേട്ട് ഇവര്‍ ഓടിക്കയെത്തിയപ്പോഴാണ് ദാരുണ രംഗം കണ്ടത്. ബഹളം കേട്ട് പരിസര വാസികള്‍ ഓടിയെത്തി സഫൂറയെയും കുട്ടികളെയും നാദാപുരം ഗവ. താലൂക്ക് ആസ്പത്രിയില്‍ എത്തിച്ചു. മൂത്ത മകള്‍ അപ്പോഴേക്കും മരിച്ചിരുന്നു. ഇളയ കുട്ടിയെ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷമാണ് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയത്.