X

നദാല്‍ ദി ഗ്രേറ്റ്

September 10, 2017 - 2017 US Open Men's Champion Rafael Nadal.

 

ന്യൂയോര്‍ക്ക്: അത്ഭുതങ്ങള്‍ സംഭവിച്ചില്ല; റാഫേല്‍ നദാല്‍ മൂന്നാം തവണയും യു.എസ് ഓപണ്‍ കിരീടത്തില്‍ മുത്തമിട്ടു. കളിമണ്‍ കോര്‍ട്ടിലെ രാജാവായ നദാല്‍ ന്യൂയോര്‍ക്കിലെ ഹാര്‍ഡ് കോര്‍ട്ടില്‍ കെവിന്‍ ആന്റേഴ്‌സണെ നേരിട്ടുള്ള സെറ്റുകള്‍ക്ക് മലര്‍ത്തിയടിച്ചാണ് 16-ാം ഗ്രാന്റ്സ്ലാം സ്വന്തമാക്കിയത്. സ്‌കോര്‍ 6-3, 6-3, 6-4. കന്നി ഗ്രാന്റ്സ്ലാം ഫൈനലിസ്റ്റായ ആന്റേഴ്‌സനെതിരെ കൗശലവും പരിചയ സമ്പത്തും സമന്വയിപ്പിച്ച കളിയിലൂടെ ആധികാരികമായായിരുന്നു നദാലിന്റെ വിജയം.
32-ാം റാങ്കുകാരനായ ആന്റേഴ്‌സണ് ഒന്നാം റാങ്കുകാരനായ നദാലിനെതിരെയുള്ള ഏക ആനുകൂല്യം ആറടി എട്ടിഞ്ച് എന്ന തന്റെ ഉയരമായിരുന്നു. സെമിയില്‍ പാേേബ്ലാ ബുസ്തക്കെതിരെ 22 എയ്‌സുകള്‍ പായിച്ച ദക്ഷിണാഫ്രിക്കക്കാരന്റെ സെര്‍വുകളെ ബാക്ക്ഹാന്‍ഡ് റിട്ടേണുകളിലൂടെ നിരായുധമാക്കുന്ന തന്ത്രമായിരുന്നു ഫൈനലില്‍ നദാലിന്റേത്. ആദ്യ സെറ്റില്‍ തന്നെ രണ്ട് സെര്‍വുകള്‍ ഭേദിച്ച സ്പാനിഷ് താരത്തിന് മത്സരത്തില്‍ ഒരിക്കലും ബ്രേക്ക് പോയിന്റ് നേരിടേണ്ടി വന്നില്ല. രണ്ട് മണിക്കൂര്‍ 24 മിനുട്ട് നീണ്ട പോരാട്ടത്തില്‍ 30 വിന്നറുകള്‍ പായിച്ച നദാല്‍ 11 സ്വയംപിഴവുകളേ വരുത്തിയുള്ളൂ. 40 പിഴവുകള്‍ ആന്റേഴ്‌സന്റെ പരാജയത്തിന്റെ പ്രധാന കാരണമായി.
16-ാം ഗ്രാന്റസ്ലാം സ്വന്തമാക്കിയ നദാല്‍ ആ ഗണത്തില്‍ റോജര്‍ ഫെഡററുടെ (19) പിന്നാലെയെത്തി. മൂന്ന് യു.എസ് ഓപണ്‍ നേടിയവരുടെ ക്ലബ്ബില്‍ ഫെഡറര്‍, പീറ്റ് സാംപ്രാസ്, ജിമ്മി കോണോഴ്‌സ്, ജോണ്‍ മക്കന്റോ, ഇവാന്‍ ലെന്‍ഡില്‍ എന്നിവര്‍ക്കൊപ്പവും നദാല്‍ ഇടംനേടി.
ലോക ടെന്നിസില്‍ പഴയ തലമുറയുടെ വിജയം കൂടിയായി നദാലിന്റെ യു.എസ് ഓപണ്‍ നേട്ടം. ആന്‍ഡി മറേയും നൊവാക് ദ്യോകോവിച്ചും സ്റ്റാന്‍ വാവ്‌റിന്‍കയും പരിക്കു കാരണം പങ്കെടുക്കാത്ത സാഹചര്യത്തില്‍ പുതിയ കളിക്കാര്‍ക്ക് അവസരമുണ്ടായിരുന്നെങ്കിലും നദാലിന്റെ ആധിപത്യത്തെ ചോദ്യം ചെയ്യാന്‍ കഴിഞ്ഞില്ല. ക്വാര്‍ട്ടറില്‍ റോജര്‍ ഫെഡററെ വീഴ്ത്തിയ യുവാന്‍ മാര്‍ട്ടിന്‍ ദെല്‍ പോര്‍ട്ടോയെ സെമിയില്‍ നേരിടേണ്ടി വന്നതൊഴിച്ചാല്‍ ടൂര്‍ണമെന്റിലുടനീളം കാര്യമായ വെല്ലുവിളി 31-കാരന് നേരിടേണ്ടി വന്നില്ല.
2003 വിംബിള്‍ഡണിനു ശേഷം നടന്ന 58 സ്ലാമുകളില്‍ 53-ഉം നേടിയത് അഞ്ച് പേര്‍ ചേര്‍ന്നാണ്: റോജര്‍ ഫെഡറര്‍ (19), നദാല്‍ (16), ദ്യോകോവിച്ച് (12), ആന്‍ഡി മറേ (3), സ്റ്റാന്‍ വാവ്‌റിന്‍ക (3) എന്നിവര്‍. 2017-ലെ നാല് സ്ലാമുകളില്‍ രണ്ട് വീതം ഫെഡററും നദാലും സ്വന്തമാക്കി എന്ന വസ്തുത കൂടി കണക്കിലെടുക്കുമ്പോള്‍ ടെന്നിസിന്റെ ഭാവിക്കു മേലാണ് ചോദ്യചിഹ്നമുയരുന്നത്. 2016 അവസാനത്തില്‍ യഥാക്രമം 16-ഉം ഒമ്പതും റാങ്കിലുണ്ടായിരുന്ന ഫെഡററും നദാലും 2017-ല്‍ അഞ്ച് വീതം കിരീടങ്ങള്‍ നേടുകയും ചെയ്തിരുന്നു.

chandrika: