സ്പാനിഷ് ടെന്നീസ് താരം റാഫേല്‍ നദാല്‍ നടപ്പു സീസണില്‍ എ.ടി.പി റാങ്കില്‍ ഒന്നാം സ്ഥാനത്ത് ഫിനീഷ് ചെയ്തു. ഇതോടെ റാങ്കില്‍ ഒന്നാം സ്ഥാനത്ത് ഫിനീഷ് ചെയുന്ന പ്രായം കൂടിയ താരമെന്ന ഖ്യാതി ഇനി മുപ്പതിയൊന്നുകാരനായ ഇടം കൈയ്യന് സ്വന്തം. കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിലെ ദി സിറോ ടു അരീനയില്‍ നടന്ന പരിപാടിയില്‍ ഒന്നാം സ്ഥാനത്തിനുള്ള കിരീടം ഏറ്റുവാങ്ങിയാണ് നദാല്‍ വീണ്ടും ഒന്നാമനായത്. ഇതു നാലാം തവണയാണ് നദാല്‍ ഈ നേട്ടം കൈവരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം 16-ാം സ്ഥാനത്ത് ഫിനീഷ് ചെയ്ത നദാല്‍ മിന്നും പ്രകടനത്തോടെ വന്‍ തിരിച്ചു വരവാണ് നടത്തിയിരിക്കുന്നത്. രണ്ടു ഗ്രാന്റ് സ്ലാം ഉള്‍പ്പെടെ ആറു കിരീടം സ്വന്തമാക്കിയ താരം നടപ്പു സീസണ്‍ അക്ഷാരാര്‍ത്ഥത്തില്‍ തന്റേതാക്കുകയായിരുന്നു. ഓഗസ്റ്റില്‍ ബ്രിട്ടീഷ് താരം ആന്റി മുറേയില്‍ നിന്നും ഒന്നാം സ്ഥാനം പിടിച്ചെടുത്ത നദാല്‍ പിന്നെ തിരിഞ്ഞു നോക്കിയിട്ടില്ല. ഒന്നാംസ്ഥാന പോരാട്ടത്തിനായി സ്വിസ് താരം റോജര്‍ ഫെഡറര്‍ ശക്തമായി രംഗത്തുണ്ടായിരുന്നെങ്കിലും ശാരീരിക്ഷമത പ്രശന്ങ്ങളാല്‍ പാരീസ് മാസ്റ്റേഴ്സില്‍ നിന്ന് ഫെഡറര്‍ മാറി നിന്നത് നദാലിന് കാര്യങ്ങള്‍ എളുപ്പമായി. ഫെഡറര്‍ രണ്ടാം സ്ഥാനത്ത് ഫിനീഷ് ചെയ്തു. 2008,2010,2013 എന്നീ വര്‍ഷങ്ങളിലാണ് ഇതിനു മുമ്പ് നദാല്‍ ഒന്നാം സ്ഥാനത്ത് ഫിനീഷ് ചെയ്തത്.