X

ദേശീയ റാങ്കിംഗില്‍ നേട്ടംകൊയ്ത് കേരള സര്‍വകലാശാല

തിരുവനന്തപുരം: 2015ല്‍ നാക് അക്രഡിറ്റേഷനില്‍ എ ഗ്രേഡ് കരസ്ഥമാക്കിയതിന് ശേഷം കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ കീഴിലുള്ള എന്‍.ഐ.ആര്‍.എഫ് റാങ്കിംഗില്‍ കേരള സര്‍വകലാശാലക്ക് മികച്ച നേട്ടം. സര്‍വകലാശാലകളുടെ റാങ്കിംഗ് പട്ടികയില്‍ ദേശീയ തലത്തില്‍ 29ാം സ്ഥാനത്തും സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനത്തുമാണ് കേരള സര്‍വകലാശാല. 2015ല്‍ കേരളത്തിലെ മികച്ച സര്‍വകലാശാലക്കുള്ള പ്രഥമ ചാന്‍സലേഴ്‌സ് അവാര്‍ഡും നേടിയിരുന്നു.

അധ്യാപനത്തിലെ ശ്രദ്ധേയമായ പരീക്ഷണങ്ങള്‍ പുറത്ത് കൊണ്ടുവരാന്‍ കരിക്കുലം ഫെയര്‍, ഓണ്‍ലൈന്‍ കോഴ്‌സായ മൂക്, ഗുണനിലവാരം വിലയിരുത്തലിനായി അക്കാദമിക് ഓഡിറ്റ്, ജെന്‍ഡര്‍ ഓഡിറ്റ്, ഗ്രീന്‍ ഓഡിറ്റ്, വാര്‍ഷിക വിദ്യാര്‍ത്ഥി സര്‍വേ, ഗവേഷക വിദ്യാര്‍ത്ഥി സര്‍വേ എന്നീ പല ഘടകങ്ങള്‍ സര്‍വകലാശാലയ്ക്ക് റാങ്കിംഗില്‍ ഉന്നത സ്ഥാനം കിട്ടാന്‍ കാരണമായെന്ന് അധികൃതര്‍ വ്യക്തമാക്കി. പതിറ്റാണ്ടുകളായി പരിഷ്‌കരിക്കാതെ കിടന്ന പല റഗുലേഷനുകളും മികച്ച രീതിയില്‍ പരിഷ്‌കരിച്ചു. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ നാല് പേറ്റന്റുകള്‍ കരസ്ഥമാക്കി. മുടങ്ങികിടന്ന ക്യാമ്പസ് സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ പുനരുജ്ജീവിപ്പിച്ച് പുതിയ വിദ്യാര്‍ത്ഥി സ്റ്റാര്‍ട്ടപ്പ് സംവിധാനങ്ങള്‍ നിലവില്‍ വന്നുകഴിഞ്ഞു.

സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങള്‍ നിരന്തരമായി രേഖപ്പെടുത്താനും അപഗ്രഥിക്കാനുമായി വൈസ് ചാന്‍സിലറുടെ നേതൃത്വത്തില്‍ ഗുണനിലവാര സമിതി രണ്ട് മാസത്തിലൊരിക്കല്‍ കൂടി തീരുമാനങ്ങളെടുക്കാറുണ്ട്. ഗവേഷക വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും വേണ്ടി അതിവേഗ ഇ- പ്രസിദ്ധീകരണ പദ്ധതിയിലൂടെ ആറ് ഇ-ബുക്കുകള്‍ പ്രസിദ്ധീകരിക്കാന്‍ സര്‍വകലാശാലക്ക് സാധിച്ചു. ശാസ്ത്രസാങ്കേതിക ഗവേഷണത്തിന് പുതുജീവന്‍ നല്‍കാനായി സ്ഥാപിച്ച സോഫിസ്റ്റിക്കേറ്റഡ് ഇന്‍സ്ട്രമെന്റേഷന്‍ സെന്ററില്‍ (എസ്.ഐ.സി.സി) കോടിക്കണക്കിന് വിലവരുന്ന അത്യാധുനിക ഉപകരണങ്ങള്‍ സ്ഥാപിച്ചു. ഇതിന്റെ ഉപയോക്താക്കളായി വി.എസ്.എസ്.സി, ഐ.ഐ.എസ്.ഇ.ആര്‍, അഫിലിയേറ്റഡ് കോളജുകള്‍ എന്നിവര്‍ വരുന്നുണ്ട്.
അധ്യാപകരും ഗവേഷക വിദ്യാര്‍ത്ഥികളും ആത്മാര്‍ത്ഥതയോടെ നടത്തുന്ന ഗവേഷണം, മികവുറ്റ ജേര്‍ണലുകളില്‍ അവര്‍ നേടിയിട്ടുള്ള പ്രസിദ്ധീകരണങ്ങള്‍ എന്നിവയും മികച്ച റാങ്കിംഗ് നേടാന്‍ സര്‍വകലാശാലയെ സഹായിച്ചു. ഒഴിഞ്ഞ അധ്യാപക തസ്തികയില്‍ വിവാദങ്ങളില്ലാതെ തുടര്‍ച്ചയായി നിയമനം നടക്കുന്നതും പി.എസ്.സി വഴി അസിസ്റ്റന്റ് നിയമനം നടന്നതും സര്‍വകലാശാലക്ക് കരുത്തേകി.

chandrika: