X

പിണറായി ഭരിക്കുന്നതറിഞ്ഞ് ക്രിമിനലുകള്‍ കേരളത്തിലേക്ക് ഒഴുകുന്നു: എന്‍.എ നെല്ലിക്കുന്ന്

തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ കേരളം ഭരിക്കുന്നത് അറിഞ്ഞ് അന്യസംസ്ഥാനങ്ങളില്‍ നിന്നും വിദേശത്ത് നിന്നും കള്ളന്‍മാരും ക്രിമിനലുകളും കേരളത്തിലേക്ക് വരികയാണെന്ന് എന്‍.എ നെല്ലിക്കുന്ന് നിയമസഭയില്‍ ചൂണ്ടിക്കാട്ടി. കാസര്‍കോട്ടെ വീട്ടമ്മമാരുടെ കൊലപാതകങ്ങളിലേക്ക് നയിച്ച സാഹചര്യങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.

അടുത്തിടെ ബോംബൈയില്‍ പോയ തനിക്ക് അവിടുത്തെ കള്ളന്‍മാരെല്ലാം കേരളത്തിലേക്ക് പോയെന്ന് മനസിലാക്കാനായി. കാരണം ചോദിച്ചപ്പോള്‍ കേരളം ഭരിക്കുന്നത് പിണറായി വിജയന്‍ ആണെന്നാണ് മറുപടി കിട്ടിയത്. കേരളം കളളന്‍മാരുടെയും കൊള്ളക്കാരുടെയും കൊലയാളികളുടെയും മോഷ്ടാക്കളുടെയും താവളമായി മാറി. സംസ്ഥാനത്ത് സ്ത്രീകള്‍ വ്യാപകമായി പീഡിപ്പിക്കപ്പെടുന്നു. കുട്ടികള്‍ക്ക് പോലും രക്ഷയില്ല. ഇത്രയുമായിട്ടും സര്‍ക്കാര്‍ നിസംഗമായി നോക്കിയിരിക്കുകയാണ്. ദൈവത്തിന്റെ സ്വന്തം നാടിനെ ദൈവത്തെ ഏല്‍പ്പിച്ച് സ്ഥലം വിടേണ്ട അവസ്ഥയാണ്. രാജ്യത്തെ നഗരങ്ങളില്‍ കുറ്റകൃത്യങ്ങളില്‍ രണ്ടാം സ്ഥാനം കൊച്ചിക്കാണ്. സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം ഏഴു ലക്ഷത്തോളം കേസുകളാണ് റജിസ്റ്റര്‍ ചെയ്തത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് അമ്പത്തിമൂന്നായിരത്തിലേറെ കേസുകളുടെ വര്‍ധനയാണ് ഉണ്ടായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വീട്ടമ്മമാരുടെ തുടര്‍ച്ചയായുള്ള കൊലപാതകത്തില്‍ കാസര്‍കോട്ടുകാര്‍ പരിഭ്രാന്തിയിലായിരിക്കുമ്പോള്‍ മുഖ്യമന്ത്രി അതിനെ നിസാരവല്‍ക്കരിക്കുകയാണ്. കാസര്‍കോട് ദേവകിയമ്മയെ കൊന്ന കേസിലെ പ്രതികളെ ഒരു വര്‍ഷമായിട്ടും പിടികൂടിയില്ല. ചീമേനിയിലെ അധ്യാപികയെ കൊന്നവരെ കണ്ടെത്താന്‍ പൊലീസ് സ്ത്രീകളുടെ യോഗം വിളിച്ചു ചേര്‍ക്കുന്നത് അപഹാസ്യമാണ്. ഇങ്ങനെയാണോ പൊലീസ് കേസ് അന്വേഷിക്കുന്നത്. ചെമ്പരിക്ക ഖാസികളുടെ വധത്തിന് ഉത്തരവാദികളായവരെ ഇതേവരെ കണ്ടെത്താന്‍ പിണറായിയുടെ പൊലീസിന് കഴിഞ്ഞില്ലെന്നും നെല്ലിക്കുന്ന് പറഞ്ഞു.

കൊച്ചിയില്‍ ജനക്കൂട്ടം നോക്കിനില്‍ക്കെയാണ് സ്ത്രീകള്‍ മാനസികവൈകല്യമുള്ള വീട്ടമ്മയെ മര്‍ദിച്ചത്. പെരിന്തല്‍മണ്ണയില്‍ മുസ്‌ലിംലീഗ് ഓഫീസിന് നേരെ ആക്രമണം നടത്തിയ കേസിലെ പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇവിടെ ഭരണമില്ല എന്ന തോന്നല്‍ കൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നത്. ഇത്രയും സംഭവം ഉണ്ടായിട്ടും ഇന്ത്യാ ടുഡേ കാണിച്ചിട്ട് സര്‍ക്കാര്‍ പറയുകയാണ് സംസ്ഥാനത്ത് ക്രമസമാധനപ്രശ്‌നമില്ലെന്ന്. കേസ് റജിസ്റ്റര്‍ ചെയ്താല്‍ മാത്രം പോര കുറ്റവാളികളെ പിടികൂടുകയും ചെയ്യണം.

ഡി.ജി.പിയെക്കാള്‍ മുകളില്‍ ഇപ്പോള്‍ സി.പി.എം ഏരിയാ സെക്രട്ടറിമാരാണ്. പൊലീസ് സ്റ്റേഷനില്‍ നിന്നും സി.എച്ചിന്റെ കാലത്ത് മാറ്റിയ ഏരിയാ സെക്രട്ടറിയുടെ കസേര തിരിച്ചെത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ വളരെ ലാഘവത്തോടെ രാഷ്ട്രീയ എതിരാളികളെ കൊല്ലുന്ന സി.പി.എം സമീപനമാണ് പിണറായി വിജയന്‍ ഭരണത്തില്‍ സ്വീകരിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി ശൈലിയില്‍ മാറ്റം വരുത്തണമെന്നും നെല്ലിക്കുന്ന് നിര്‍ദേശിച്ചു.

chandrika: