ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 27 ആം ആദ്മി പാര്‍ട്ടി എം.എല്‍.എമാരെ അയോഗ്യരാക്കണമെന്ന അപേക്ഷ രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളി. പ്രതിഫലം പറ്റുന്ന ഇരട്ടപ്പദവി വിഭാഗത്തില്‍ ഉള്‍പ്പെടുത്തി രോഗി കല്യാണ്‍ സമിതി അധ്യക്ഷ പദവിയിലുള്ള എം.എല്‍.എമാരെ അയോഗ്യരാക്കണമെന്നായിരുന്നു ആവശ്യം. നിയമ വിദ്യാര്‍ത്ഥിയായ വിനോഭര്‍ ആനന്ദ് 2016 ലാണ് ഇതുസംബന്ധിച്ച് പരാതി നല്‍കിയത്. ഡല്‍ഹിയിലെ വിവിധ ആസ്പത്രികളിലെ രോഗിക്ഷേമ സമിതികളാണ് രോഗി കല്യാണ്‍ സമിതി. ഇതിന്റെ ചെയര്‍പേഴ്‌സണ്‍ പദവികള്‍ വഹിച്ചിരുന്നത് എ.എ.പി എം.എല്‍.എമാരായിരുന്നു. ഇത് ഇരട്ടപ്പദവിയാണെന്നായിരുന്നു പരാതി. വിഷയത്തില്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിപ്രായം തേടിയിരുന്നു. എന്നാല്‍ പരാതിയില്‍ കഴമ്പില്ലെന്നായിരുന്നു കമ്മീഷന്റെ ശിപാര്‍ശ. ഇതേതുടര്‍ന്നാണ് അപേക്ഷ രാഷ്ട്രപതി തള്ളിയത്.
അതിനിടെ ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനെ മര്‍ദ്ദിച്ചെന്ന കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കും കോടതി ജാമ്യം അനുവദിച്ചു. 50,000 രൂപയുടെ ആള്‍ജാമ്യത്തിലാണ് ഇരുവര്‍ക്കും പാട്യാല ഹൗസ് കോടതി ജാമ്യം അനുവദിച്ചത്. സംഭവത്തില്‍ പങ്കുള്ള 11 ആംആദ്മി എം.എല്‍.എമാര്‍ക്കും പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. അക്രമം നടന്നത് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. അമാനത്തുള്ള ഖാന്‍, പ്രകാശ് ജര്‍വാള്‍, നിതിന്‍ ത്യാഗി, റിതുരാജ് ഗോവിന്ദ്, സഞ്ജീവ് ഢാ, അജയ് ദത്ത്, രാജേഷ് ഋഷി, രാജേഷ് ഗുപ്ത, മദന്‍ലാല്‍, പ്രവീണ്‍കുമാര്‍, ദിനേഷ് മൊഹാനിയ എന്നിവരാണ് എം.എല്‍.എമാര്‍.ഡല്‍ഹി സര്‍ക്കാരിന്റെ ഭരണനേട്ടത്തെക്കുറിച്ചുള്ള ടി.വി പരസ്യം റിലീസ് ചെയ്യാന്‍ വൈകിയെന്ന പേരിലാണ് തന്നെ ആക്രമിച്ചതെന്ന് അന്‍ഷു പ്രകാശ് പരാതിയില്‍ ആരോപിച്ചിരുന്നു.